കാണിച്ചത് വിശ്വാസ വഞ്ചന ;പിന്നിൽ നിന്ന് കുത്തി ;ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ ഡിഎംകെ ഇല്ല

ന്യൂഡൽഹി: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസിനെ ഡിഎംകെ വലിയ രീതിയിൽ വിമർശിച്ചിരുന്നു . പിന്നാലെ 8ന് ഡൽഹിയിൽ നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ തീരുമാനിച്ചു . ഇന്ത്യ സഖ്യത്തിൽ വലിയ രാഷ്രീയ അഴിച്ചുപണിക്കാണ് കളമൊരുങ്ങുന്നത് .
കോൺഗ്രസ് തങ്ങളെ വഞ്ചിച്ചു എന്ന അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് ഡിഎംകെയുടെ വിശദീകരണം.ഈ യോഗത്തിൽ ഡിഎംകെ പങ്കെടുക്കില്ലെങ്കിലും, യോഗത്തിൽ പങ്കെടുക്കുന്ന മറ്റ് കക്ഷികൾ ഉന്നയിക്കുന്ന രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന പൊതുവിഷയങ്ങളിൽ പാർട്ടി എപ്പോഴും ശബ്ദമുയർത്തുന്നത് തുടരും, ഡിഎംകെ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇതിനിടെ, ലോക്സഭയിൽ കോൺഗ്രസിൽ നിന്ന് മാറി പ്രത്യേക ബ്ലോക്കായി ഇരിക്കാൻ ഡിഎംകെയ്ക്ക് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ അനുമതി ലഭിച്ചതും പ്രതിപക്ഷ ഐക്യത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇതിലൂടെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളലുണ്ടായിരിക്കുകയാണ് .സഖ്യത്തിലെ രണ്ട് പ്രമുഖ കക്ഷികളായ ഡിഎംകെയും തൃണമൂൽ കോൺഗ്രസും നേരിടുന്ന ആഭ്യന്തര വെല്ലുവിളികൾ സഖ്യത്തിന്റെ ഐക്യത്തേയും മുന്നോട്ടുള്ള പോക്കിനേയും സാരമായി ബാധിച്ചിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമാനർജിയും ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ജൂൺ 8-ലെ യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പാർട്ടിയിൽ വലിയൊരു രാഷ്ട്രീയ ഭൂകമ്പത്തിനുള്ള സാധ്യതകൾ തെളിയുകയാണ്. പാർട്ടിയിലെ 58 വിമത എംഎൽഎമാർ തങ്ങളാണ് യഥാർഥ തൃണമൂൽ കോൺഗ്രസ് എന്ന അവകാശവാദമുന്നയിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ഇവർ കൂട്ടത്തോടെ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ഒൻപത് ടിഎംസി ലോക്സഭാ എംപിമാരും മൂന്ന് രാജ്യസഭാ എംപിമാരും ബിജെപിയുമായി ചർച്ചകൾ നടത്തുന്നതായാണ് വിവരം. കൂടാതെ, രണ്ട് ലോക്സഭാ എംപിമാർ കോൺഗ്രസുമായും ബന്ധപ്പെടുന്നുണ്ടൈന്നുമാണ് വിവരം. നിലവിൽ ലോക്സഭയിൽ 28 എംപിമാരും രാജ്യസഭയിൽ 13 എംപിമാരുമുള്ള തൃണമൂൽ കോൺഗ്രസ്, ബിജെപിക്കും കോൺഗ്രസിനും പിന്നിൽ രാജ്യത്തെ മൂന്നാമത്തെ വലിയ പാർട്ടിയാണ്.ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരായ സംയുക്ത തന്ത്രങ്ങൾ ചർച്ചചെയ്യുന്നതിനും വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങൾക്ക് മുന്നോടിയായി പ്രതിപക്ഷ ഏകോപനം ശക്തിപ്പെടുത്തുന്നതിനുമായാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കൾ ഈ മാസം എട്ടിന് യോഗം ചേരുന്നത്. കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ നടക്കാൻ സാധ്യതയുള്ള ഈ യോഗത്തിൽ ഏകദേശം 15 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഈ യോഗത്തിൽ മണ്ഡല പുനർനിർണയ ബില്ലിലെ പ്രതിസന്ധിയുൾപ്പെടെ ചർച്ചയായേക്കുമെന്നാണ് വിവരം.

