എന്തുകൊണ്ട് ജനം സി പി എമ്മിനെ തൂത്തെറിഞ്ഞു ;കടുത്ത വിമർശനവുമായി ഡി എം കെ മുഖപത്രം

ചെന്നൈ: കേരളത്തിലെ സി പി എം നേതൃത്വത്തെയും പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് ഡിഎംകെ മുഖപത്രം മുരശൊലിയിലെ ലേഖന പരമ്പര. വിഴിഞ്ഞം ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനിക്കുമൊപ്പം പിണറായി വിജയൻ നിൽക്കുന്ന ചിത്രവും മുരശൊലിയിലെ ലേഖനത്തിൽ ഉൾപ്പെടുത്തി, തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് ജനം സിപിഎമ്മിനെ തൂത്തെറിഞ്ഞെന്ന ചോദ്യം ഉന്നയിക്കുകയാണ്.
പിണറായിയുടെ നവകേരള രേഖ പരാമർശിച്ച്, സിപിഎമ്മിന്റെ സാമ്പത്തിക നയം എന്തെന്നും ലേഖനത്തിൽ ചോദിക്കുന്നുണ്ട്. വ്യവസായവകുപ്പ് മന്ത്രിയായിരുന്ന പി രാജീവിനെതിരേയും ലേഖനത്തിൽ വിമർശനമുണ്ട്. തമിഴ്‌നാട്ടിൽ ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിച്ച കോൺഗ്രസിന്റെ നയത്തെ ചോദ്യം ചെയ്ത് കേരളത്തിലെ സിപിഎം എത്തിയതിനു പിന്നാലെയാണ് സിപിഎമ്മിനെ ആക്ഷേപിച്ച് മുരശൊലിയിൽ ലേഖനം വരുന്നതെന്നത് ശ്രദ്ധേയമാണ്.
ഏതാനും നാളായി സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ഷൺമുഖവും ഡിഎംകെ നേതാക്കളും തമ്മിൽ വാക്‌പോര് തുടരുകയാണ്. ഡിഎംകെയുടെ നവ ഉദാരവത്കരണ നയങ്ങൾ തോൽവിക്ക് കാരണമായെന്ന് ഷൺമുഖം ആരോപിച്ചിരുന്നു. ഇതിനെതിരെ ഡിഎംകെ നേതാക്കൾ രൂക്ഷ വിമർശനങ്ങളുയർത്തി. എംകെ സ്റ്റാലിന്റെ അനുവാദത്തോടെയല്ല ടിവികെയ്ക്ക് സിപിഎം പിന്തുണ നൽകിയതെന്നും ഡിഎംകെ നേതാക്കൾ ആരോപിച്ചു. ഇതിനിടെയാണ് പാർട്ടിയുടെ മുഖപത്രമായ മുരശൊലിയിൽ ഷൺമുഖത്തെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന പരമ്പര പ്രസിദ്ധീകരിച്ചത്. ഇതിലാണ് കേരളത്തിലെ തോൽവിയും പ്രതിപാദിക്കുന്നത്.സിപിഎം സംസ്ഥാന സമ്മേളനത്തിൽ 'നവകേരളത്തിനായുള്ള നവവഴികൾ' എന്ന പേരിൽ പിണറായി വിജയൻ വികസന രേഖ അവതരിപ്പിച്ചതടക്കം ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. കേരളത്തിലെ വിഭവങ്ങൾ അദാനിക്കടക്കം കൈമാറിയത് ഇടത് സർക്കാരാണ്. സിപിഎം മുതലാളിത്തത്തെ എതിർക്കുമ്പോഴും, ബിർളയെ അടക്കം കേരളത്തിലേക്ക് ക്ഷണിച്ച് വരുത്തിയത് തങ്ങളാണെന്ന് പിണറായി വിജയന്റെ സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്ന പി രാജീവ് തന്നെ ചെന്നൈയിലെത്തി പ്രസംഗിച്ചിട്ടുണ്ട്.
പിണറായി വിജയൻ സർക്കാരിന്റെ സാമ്പത്തിക നയം ഇങ്ങനെ ആയതുകൊണ്ടാണ് ജനം തൂത്തെറിഞ്ഞതെന്നും ലേഖനത്തിൽ വിമർശിക്കുന്നു. ഇത്തരത്തിലുള്ള സിപിഎമ്മിന് എങ്ങനെയാണ് ഡിഎംകെയെ വിമർശിക്കാനാകുക എന്നും ലേഖനം ചോദിക്കുന്നു. ലേഖനവുമായി ബന്ധപ്പെട്ട് ഡിഎംകെയെ വിമർശിച്ച് ടിവികെ രംഗത്തെത്തി. കരുണാനിധി ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെ എഴുതാൻ സമ്മതിക്കില്ലായിരുന്നുവെന്ന് മന്ത്രി രാജ്‌മോഹൻ പറഞ്ഞു.

