By Lekshmi.10 Jun, 2023
ന്യൂഡല്‍ഹി: ബ്രിജ്ഭൂഷണെതിരായ പരാതികളില്‍ പരിഹാരമായില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്ന മുന്നറിയിപ്പുമായി സാക്ഷി മാലിക്. തങ്ങള്‍ കടന്നുപോകുന്ന മാനസിക സമ്മര്‍ദം എത്രത്തോളം എന്ന് ആര്‍ക്കും മനസിലാകില്ലെന്നും അവര്‍ പറഞ്ഞു.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം. ബ്രിജ് ഭൂഷണെതിരെ റജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളുടെ അന്വേഷണ റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അടുത്തയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
ഗെയിംസില്‍ പങ്കെടുക്കുന്ന കായികതാരങ്ങളുടെ വിവരങ്ങള്‍ ജൂലൈ 15ന് മുന്‍പായി ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയെ അറിയിക്കണമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെ ചൈനയിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.