Sunday 11 June 2023




ചികിത്സയിലിരിക്കെ 13കാരിയുടെ മരണം; പീഡനത്തിന് ഇരയായിരുന്നെന്ന് പൊലീസ്; യുവാവ് അറസ്റ്റില്‍

By Greeshma Rakesh.25 Mar, 2023

imran-azhar

 

 

മല്ലപ്പള്ളി : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പതിമൂന്നുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പൊലീസ്. സംഭവത്തില്‍ കീഴ്വായ്പൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തോട്ടക്കാട് ഇരവിചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി പീരുമേട് കുമളി കൈലാസ് മന്ദിരംവീട്ടില്‍ വിഷ്ണു സുരേഷാണ് (26) അറസ്റ്റിലായത്.

 

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 9 നാണ് പെണ്‍കുട്ടി മരിച്ചത്.പനി, ഛര്‍ദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങള്‍ ചികിത്സിക്കുന്നതിനാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ 9 ന് പെണ്‍കുട്ടി മരിച്ചു.അന്ന് അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

 

എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി തെളിഞ്ഞു. ചങ്ങനാശേരി ജനറല്‍ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷം സെപ്റ്റംബര്‍ അഞ്ചിനാണ് കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

 

പിന്നീട് പെണ്‍കുട്ടിയുടെയും അമ്മയുടെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. വിഷ്ണുവിന്റെ ഫോണില്‍നിന്നു പെണ്‍കുട്ടിയുടെ ഫോണിലേക്ക് 29 പ്രാവശ്യം വിളികള്‍ വന്നിരുന്നതാണ് വിഷ്ണുവിലേക്ക് അന്വേഷണമെത്തിയതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിഷ്ണുവും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും തെളിഞ്ഞു.

 

2022 ഓഗസ്റ്റ് 16 ന് ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള ക്ഷേത്രത്തില്‍വച്ചാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നും പിന്നീട് ഫോണിലൂടെ സൗഹൃദം തുടര്‍ന്നിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.