By Shyma Mohan.17 Jan, 2023
വര്‍ഷങ്ങള്‍ മുന്‍പ് നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകന് രാജമൗലി. ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ വെച്ചായിരുന്നു രാജമൗലിയുടെ തുറന്നുപറച്ചില്‍. ബോളിവുഡ് താരം ഹൃത്വിക് റോഷനെ തെലുങ്ക് നടന് പ്രഭാസുമായി താരതമ്യം ചെയ്ത് നടത്തിയ പരാമര്‍ശത്തിലാണ് ഖേദം പ്രകടിപ്പിച്ചത്.
2008ല്‍ പ്രഭാസിന്റെ ബില്ല എന്ന ചിത്രം റിലീസായ സമയത്ത് രൗജമൗലി നടത്തിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം. ഹൃത്വിക് റോഷനെ അപമാനിക്കുക എന്നതായിരുന്നില്ല തന്റെ ഉദ്ദേശ്യം. എന്നാല്‍ താന്‍ ഉപയോഗിച്ച വാക്കുകള്‍ തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
ധൂം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. എങ്ങനെയാണ് ബോളിവുഡിന് ഇത്രയും നിലവാരമുള്ള സിനിമ എടുക്കാന്‍ സാധിക്കുന്നതെന്ന്? ഹൃത്വികിനെ പോലുള്ള നടന്മാര് എന്താണ് നമുക്കില്ലാതെ പോകുന്നത്? എന്നാല്‍ ബില്ലയുടെ ട്രെയ്ലര് കണ്ടപ്പോള്‍ മനസ്സിലായി, പ്രഭാസിന്റെ മുന്നില്‍ ഹൃത്വിക് ഒന്നുമല്ലെന്ന്. തെലുങ്ക് സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് എത്തിച്ച മെഹര്‍ രമേഷിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു രാജമൗലി പറഞ്ഞത്. അഭിമുഖത്തിന്റെ വീഡിയോ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി.