Friday 22 September 2023




നഗരത്തിന്റെ പ്രധാന വിനോദ സഞ്ചാര ആകര്‍ഷണമായി പൂച്ച

By Priya.21 Feb, 2023

imran-azhar

 


എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ട പൂച്ചകളുടെ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാറുണ്ട്. ഏതെങ്കിലും നഗരത്തില്‍ പ്രധാന വിനോദ സഞ്ചാര ആകര്‍ഷണമായി പൂച്ച മാറുമോ എന്ന് ചോദിച്ചാല്‍ അങ്ങനേയും പൂച്ചയും നഗരവും ഉണ്ട്.

 

വിനോദസഞ്ചാരികള്‍ സാധാരണയായി ഒരു പുതിയ നഗരം സന്ദര്‍ശിക്കുമ്പോള്‍ ചരിത്രപരമായ ലാന്‍ഡ്മാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍, സ്മാരകങ്ങള്‍, പാലങ്ങള്‍, പ്രധാനപ്പെട്ട കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍ എന്നിവയെല്ലാമാണ് കാണാന്‍ പോകാറുള്ളത്.

 

എന്നാല്‍ പോളണ്ടിലെ Szczecin സന്ദര്‍ശിക്കാനെത്തുന്നവരെ അവരുടെ ഗൈഡ് ഗാസെക് എന്ന കറുപ്പും വെളുപ്പും നിറമുള്ള ഒരു പൂച്ചയെ കാണാന്‍ എന്തായാലും കൊണ്ടുപോയിരിക്കും.

 

ഈ പൂച്ചയ്ക്ക് സ്വന്തമായി ഒരു ഇന്‍സ്റ്റഗ്രാം പേജും ഗൂഗിളില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗും ഉണ്ട്. പോളിഷ് നഗരത്തിലെ വിനോദ സഞ്ചാരമേഖലയിലെ പ്രധാന ആകര്‍ഷണമാണ് ഈ പൂച്ച.

 

2020 -ല്‍ ഒരു ഡോക്യുമെന്ററി വന്നപ്പോഴാണ് ഗാസെക് പ്രശസ്തനാവുന്നത്. ഈ പ്രദേശം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും അവഗണിക്കാന്‍ കഴിയാത്ത ആകര്‍ഷണമായി ഗാസെക് വളര്‍ന്നു.

 

 

ഇവിടെ എത്തുന്ന ആളുകള്‍ അവനൊപ്പം ഫോട്ടോയും വീഡിയോയും ഒക്കെ അടുത്താണ് മടങ്ങുന്നത്. ചിലരൊക്കെ അവന് ഭക്ഷണവും നല്‍കുന്നു.ഗാസെക്കിനെ കാണാന്‍ അടുത്ത രാജ്യത്ത് നിന്ന് പോലും ആരാധകര്‍ എത്താറുണ്ട് എന്ന് പറയുന്നവരും ഉണ്ട്.

 

നിരവധിപ്പേരാണ് അവനൊപ്പമുള്ള ചിത്രങ്ങള്‍ പങ്ക് വയ്ക്കുന്നത്. അതേ സമയം അവന്റെ തടി കൂടി വരുന്നതില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നുമുണ്ട്. എന്നാല്‍, അവനെ കാണാനെത്തുന്നവരുടെ അടുത്തേക്ക് അവന്‍ ചെല്ലാതെയിരുന്നാല്‍ അവന് ഭക്ഷണം കൊടുത്ത് വിളിക്കുന്നവരുണ്ട്.

 

അതാണ് അവന്റെ തടി ഇങ്ങനെ കൂടാന്‍ കാരണം എന്നാണ് പ്രദേശത്തെ സൊസൈറ്റി ഫോര്‍ ദി കെയര്‍ ഓഫ് ആനിമല്‍സ് പറയുന്നത്.