Wednesday 16 June 2021




വലിച്ചെറിഞ്ഞാലും മുളച്ചുവരും ഈ മാസ്‌ക്കുകള്‍!

By Aswany Mohan K.05 May, 2021

imran-azhar

 

 

 

കോവിഡ് എന്ന മഹാമാരിയുടെ പിടിയിലാണ് മനുഷ്യരാശി മുഴുവന്‍. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകത്തെ പിടിച്ചുകുലുക്കുകയാണ്. ഒരു രോഗം മനുഷ്യന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റം വലുതാണ്.

 

ഒപ്പം തന്നെ ഇതുവരെ ശീലമാക്കാത്ത പലതും ശീലമാക്കേണ്ടിയും വന്നു. അതില്‍ പെടുന്നതാണ് മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവയെല്ലാം. മാസ്‌ക് എന്നത് ഒരു വസ്ത്രത്തിന് സമാനമായിരിക്കുകയാണ്.

 

ഈ മാസ്‌ക്കുകളില്‍ പുനരുപയോഗിക്കാനാകാത്തവയില്‍ ഏറെയും
നാം പ്രകൃതിയിലേക്ക് ആണ് വലിച്ചെറിയുന്നത്. അവിടെയാണ് കര്‍ണാടകയിലെ ഒരു ആക്ടിവിസ്റ്റായ നിതിന്‍ വാസ് വ്യത്യസ്തമാകുന്നത്.

 

വലിച്ചെറിയുന്ന മാസ്‌ക്കുകളില്‍ ഒരു വിത്തുണ്ടായാല്‍ എങ്ങനെയിരിക്കും? ആ
ചിന്ത യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് നിതിന്‍. വിത്തുള്ള മാസ്‌ക് നല്‍കുകയാണ് പേപ്പര്‍ സീഡ്.കോ. ഇതിന് മുമ്പും ഇന്‍വിറ്റേഷന്‍ കാര്‍ഡ്, നോട്ട്പാഡ്, വിസ്റ്റിംഗ് കാര്‍ഡ് തുടങ്ങിയവയെല്ലാം പേപ്പര്‍ സീഡ്.കോ പുറത്തിറക്കിയിട്ടുണ്ട്.

 

ദക്ഷിണ കന്നഡയിലെ ഗ്രാമങ്ങളിലുള്ളവരാണ് മാസ്‌ക്കുകള്‍ തയ്യാറാക്കുന്നത്. അവിടെയുള്ള യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മാസ്‌ക് തയ്യാറാക്കാനുള്ള പരിശീലനവും വസ്തുക്കളും
ഇവര്‍ എത്തിച്ച് നല്‍കുന്നു. മിക്കവാറും ഈ മാസ്‌ക് നിര്‍മ്മിച്ചിരിക്കുന്നത്

 

പൂര്‍ണമായും സംസ്‌കരിക്കാനാകുന്നത് പോലെയാണ്. സ്ട്രാപ്പുകള്‍ മാത്രമാണ് കോട്ടണില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒപ്പം മാസ്‌ക്കിനകത്ത് വിത്തും വച്ചിരിക്കുന്നു. വലിച്ചെറിഞ്ഞാലും അവ മരങ്ങളായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

 

പുനരുപയോഗിക്കാനാവുന്ന കോട്ടണ്‍ തുണികളില്‍ നിന്നും മറ്റുമാണ് മാസ്‌ക് തയ്യാറാക്കുന്നതെന്നും നിതിന്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് മാസ്‌ക് പുറത്തിറക്കിയത്. എന്നാല്‍ പ്രതീക്ഷിക്കുന്നതിലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

 

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ രണ്ട് ലക്ഷം ഓര്‍ഡറുകള്‍ ലഭിച്ചു കഴിഞ്ഞു. മാസ്‌ക്കിന് 25 രൂപയാണ് വില. മുതിര്‍ന്നവരുടെ അളവിലുള്ളതാണ് നിലവില്‍ ലഭ്യമാകുന്നത്.