Thursday 13 May 2021




ഭൗമദിനത്തില്‍ മാതൃകയാക്കാം കണ്ണശ വിദ്യാലയത്തെ

By Aswany Mohan K.22 Apr, 2021

imran-azhar

 

 

 

മലയിന്‍കീഴ്: പേയാട് കണ്ണശ വിദ്യാലയത്തിലെ കുട്ടികളും അദ്ധ്യാപകരും മറ്റു ജീവനക്കാരും ഭൗമദിനത്തിലോ, പരിസ്ഥിതി ദിനത്തിലോ മാത്രം നടത്തുന്ന ചടങ്ങായിട്ടല്ല പ്രകൃതിയെയും പറവകളെയും സംരക്ഷിക്കുന്നത് മറിച്ച് കാലങ്ങളായി തുടരുന്ന നന്മയാണ്.

 

കണ്ണശ വിദ്യാലയത്തിന് ചുറ്റും വര്‍ഷങ്ങള്‍ക്ക് മുമ്പേ നട്ടുപിടിപ്പിച്ച മരങ്ങള്‍ മഴക്കാലത്ത് മാത്രമല്ല കടുത്ത വേനലിലും പച്ചപ്പുച്ചാര്‍ത്തി കുളിര്‍ക്കാറ്റേകി വിദ്യാലയത്തിന് ചുറ്റും കണ്ണിനു കുളിര്‍മ്മ പകരുന്ന കാഴ്ചയാണ്.

 

വേനല്‍ക്കാലമെത്തിയതോടെ ദാഹജലത്തിന് അലയുന്ന കിളികള്‍ക്ക് ഇവിടെ മരച്ചില്ലയില്‍ തൂക്കിയിരിക്കുന്ന മണ്‍കുടങ്ങളിലെ ശുദ്ധജലം ആശ്വാസമാകുന്നു. അവരും ഭൂമിയുടെ അവകാശികളെന്ന വിശാല മനസിനുടമയക്കി ഇവിടുത്തെ കുട്ടികളെ പാകപ്പെടുത്തിയെടുക്കുനതിന് പ്രധാന പങ്ക് വഹിക്കുന്നത് സ്‌കൂള്‍ മാനേജര്‍ ആനന്ദ് കണ്ണശയാണ്.

 

 

വിവിധയിനത്തില്‍പ്പെട്ട വ്യത്യസ്തതയാര്‍ന്ന പക്ഷികളാണ് കണ്ണശയിലെ മണ്‍കുടങ്ങളില്‍ നിന്ന് വെള്ളംകുടിക്കാന്‍ എത്തുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഭൗമദിനത്തില്‍ പക്ഷികള്‍ക്ക് ഒരു മണ്‍കുടം വെള്ളം' എന്ന് പേരിട്ടു കുട്ടികള്‍ തുടങ്ങിയ പദ്ധതിയാണിത്.

 

ഇതിനൊപ്പം നൂറിലധികം ഔഷധസസ്യങ്ങളുള്ള 'അഗസ്ത്യഹൃദയം' എന്ന തോട്ടവും സ്‌കൂള്‍ അങ്കണത്തില്‍ കുട്ടികള്‍ പരിപാലിക്കുന്നുണ്ട്. കുട്ടികളായിരുന്നു മരച്ചില്ലയില്‍ തൂക്കിയിരിക്കുന്ന മണ്‍പാത്രങ്ങളില്‍ വെള്ളം നിറച്ചിരുന്നത്.

 

ലോക്ഡൗണായതോടെ സ്‌കൂള്‍ മാനേജര്‍ ആനന്ദ് കണ്ണശയും അദ്ധ്യാപകരും ഈ സംരംഭം ഏറ്റെടുത്തു നടത്തുകയാണ്.