By Priya.19 Feb, 2023
കൂട്ടത്തിലുള്ള ആരെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ രക്ഷിക്കുന്ന കാര്യത്തില്‍ ആനകള്‍ക്ക് പ്രത്യേക കരുതലാണ്. ചെളിയില്‍ പൂണ്ടുപോയ കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ, വീണ്ടും ചെളിയില്‍ പൂണ്ടുപോയ കുട്ടിയാനയെയും അമ്മയാനയെയും രക്ഷിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
ആഫ്രിക്കയിലാണ് സംഭവം.സുശാന്ത നന്ദ ഐഎഫ്എസ് ആണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് രണ്ട് ആനകളെയും രക്ഷിക്കുന്നത്.
ആദ്യം കുട്ടിയാനയെയാണ് രക്ഷിക്കാന്‍ ശ്രമിച്ചത്. വടം പോലെ തുണി കെട്ടി കുട്ടിയാനയെ ചെളിയില്‍ നിന്ന് പുറത്തേയ്ക്ക് എത്തിച്ചു. എന്നാല്‍ ചെളിയില്‍ പൂണ്ട് രക്ഷപ്പെടാന്‍ കഴിയാതെ കിടക്കുന്ന അമ്മയാനയുടെ അരികിലേക്ക് കുട്ടിയാന പോയതിനെ തുടര്‍ന്ന് വീണ്ടും ചെളിയില്‍ അകപ്പെട്ടു.
രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും കുട്ടിയാനയെ രക്ഷിച്ചു. എന്നാല്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ കുട്ടിയാന വീണ്ടും അമ്മയാനയ്ക്ക് അരികിലേക്ക് പോയത് ചുറ്റുമുണ്ടായിരുന്ന കണ്ണുകളെ ഈറനണിയിച്ചു.
ഒടുവില്‍ മയക്കുമരുന്ന് നല്‍കി മയക്കി കിടത്തിയ ശേഷമാണ് കുട്ടിയാനയെ ചെളിയില്‍ നിന്ന് പുറത്തെടുത്തത്. അരികിലുള്ള ചെളിയെല്ലാം കോരി കളഞ്ഞശേഷം അമ്മയാനയെയും രക്ഷിച്ചു. തുടര്‍ന്ന് കുട്ടിയാനയും അമ്മയാനയും നടന്നുനീങ്ങുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.