By Priya.10 Mar, 2023
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി ഒരു കാട്ടുപോത്ത് ജനിച്ചതിന്റെ സന്തോഷത്തിലാണ് ബ്രിട്ടനിലെ വനംവകുപ്പ് അധികൃതര്‍.ആറു മാസങ്ങള്‍ക്കു മുന്‍പാണ് കാട്ടുപോത്ത് ജനിച്ചത്. ഇപ്പോള്‍ കാട്ടുപോത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ലിസ് ട്രസ്സ് പ്രസ്വകാലത്തേക്ക് പ്രധാനമന്ത്രിയായിരുന്ന സമയത്താണ് കാട്ടുപോത്ത് ജനിച്ചത്. അതിനാല്‍ കാട്ടുപോത്തിന് ലിസ് എന്നാണ് വിളിപ്പേര് നല്‍കിയിരിക്കുന്നത്.
എന്നാല്‍ വനംവകുപ്പ് ഇതുവരെ ഔദ്യോഗികമായി കാട്ടുപോത്തിന് നാമകരണം നടത്തിയിട്ടില്ല.കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് കെന്റിലെ വെസ്റ്റ് ബ്ലീന്‍ വുഡ്‌സ് വനമേഖലയില്‍ ഒരു കൂട്ടം കാട്ടുപോത്തുകളെ എത്തിച്ചത്.
പിന്നീട് സെപ്റ്റംബര്‍ 9ന് ലിസ് ജനിച്ചു. ആറുമാസങ്ങള്‍ക്ക് ശേഷം പകര്‍ത്തിയിരിക്കുന്ന ചിത്രങ്ങളില്‍ ലിസ് പൂര്‍ണ ആരോഗ്യത്തോടെയാണ് കാണപ്പെടുന്നത്.
കൊമ്പുകള്‍ മുളക്കുന്നതായും ചിത്രങ്ങളില്‍ കാണാം. ബ്രിട്ടന്റെ ചരിത്രത്തില്‍ തന്നെ ഇടം നേടിയ കാട്ടുപോത്ത് ആരോഗ്യത്തോടെ വളരുന്ന കാഴ്ച ഏറെ സന്തോഷം നല്‍കുന്നു എന്ന് സുവോളജിക്കല്‍ ഓപ്പറേഷന്‍ ഫോര്‍ വൈല്‍ഡ് വുഡ് ട്രസ്റ്റിന്റെ ഡയറക്ടറായ മാര്‍ക്ക് ഹാബെന്‍ പറയുന്നു.
കാട്ടുപോത്തുകളെ വനമേഖലയില്‍ സജീവമാക്കുന്ന പദ്ധതി വിജയകരമാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായാണ് വനംവകുദ്യോഗസ്ഥര്‍ ലിസിന്റെ ജനനത്തെ കാണുന്നത്.
മരങ്ങളില്‍ ശരീരം ഉരച്ചും പൂഴിമണ്ണില്‍ കുളിച്ചും മറ്റു കാട്ടുപോത്തുകളുടെ രീതികള്‍ ലിസ് അവലംബിച്ചു തുടങ്ങിയിട്ടുണ്ട്.കാട്ടുപോത്തുകള്‍ മാത്രമല്ല യുകെയില്‍ വംശനാശം സംഭവിച്ച പല ജീവികളെയും വനങ്ങളിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ് അധികൃതര്‍.
ഇതിന്റെ ഭാഗമായി എക്‌സ്മൂര്‍ പോണീസ്, അയണ്‍ ഏജ് പിഗ്‌സ്, ലോങ്ങ് ഹോണ്‍ കാറ്റില്‍ എന്നിവയെ വരുന്ന ആഴ്ചകളില്‍ വനമേഖലയിലേക്കെത്തിക്കും.
ഇവയെ എല്ലാം അടുത്ത് നിന്ന കാണാന്‍ പൊതുജനങ്ങള്‍ക്കും അവസരം ലഭിക്കുമെന്നാണ് വിവരം. എന്നാല്‍ കാട്ടുപോത്തുകളെ ഇത്തരത്തില്‍ അടുത്തു കാണാന്‍ അനുവാദമില്ല.
വേലികെട്ടിത്തിരിച്ച 50 ഹെക്ടര്‍ പ്രദേശത്താണ് കാട്ടുപോത്തുകളെ പാര്‍പ്പിച്ചിരിക്കുന്നത്. അധികം വൈകാതെ ഇവയുടെ വാസസ്ഥലം 200 ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.
പീപ്പിള്‍സ് പോസ്റ്റ് കോഡ് ലോട്ടറിയിലൂടെ സമാഹരിച്ച പണം ഉപയോഗിച്ചാണ് മൃഗങ്ങളെ തിരികെ വനത്തിലേക്കെത്തിക്കുന്ന പദ്ധതി നടത്തി വരുന്നത്.വനമേഖലയില്‍ കാട്ടുപോത്തുകള്‍ സജീവമായതോടെ അവ സ്വാഭാവിക വഴിത്താരകളും ഒരുക്കി തുടങ്ങിയിട്ടുണ്ട്.
വനത്തിനുള്ളിലുണ്ടായിരിക്കുന്ന ഈ മാറ്റങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതായി വൈല്‍ഡര്‍ ബ്ലീന്‍ പ്രോജക്റ്റിന്റെ മാനേജരായ സ്റ്റാന്‍ സ്മിത്ത് പറയുന്നു. വനത്തിലേക്കെത്തിച്ച മൃഗങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനായി നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.