Thursday 13 May 2021




പൊലീസ് ബാന്റ് ഓര്‍മ്മയാകും;പുതിയ റിക്രൂട്ട്‌മെന്റില്ല ,സംഘാംഗങ്ങള്‍ വിരമിക്കുന്നു

By Aswany Mohan K.22 Apr, 2021

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ പരിപാടികളില്‍ നിറ സാന്നിദ്ധ്യമായിരുന്ന പൊലീസ് ബാന്റ് വൈകാതെ ഓര്‍മ്മയാകും. ബാന്റ് സംഘത്തിലെ അംഗങ്ങളെ ഘട്ടം ഘട്ടമായി വെട്ടിച്ചുരുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. നിലവിലുള്ള ബാന്റ് സംഘത്തിലെ അംഗങ്ങള്‍ മിക്കവരും രണ്ടു വര്‍ഷത്തിനുള്ളില്‍ വിരമിക്കും.

 

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി ഈ ബാന്റ് സംഘത്തിലേക്ക് പുതുതായി നിയമനം നടത്തുന്നത് നിറുത്തിയിട്ട് 15 വര്‍ഷമായി. 2011 ലാണ് ബാന്റ് സംഘത്തിലേയ്ക്കുള്ള നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമനത്തിന്റെ സ്‌പെഷ്യല്‍ റൂള്‍സ് തയാറാക്കിത്തരാന്‍ പി. എസ്. സി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല.

 

ഇനി പുതിയ നിയമനം നടക്കണമെങ്കില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ റൂള്‍ തയാറാക്കി നല്‍കിയേ മതിയാകൂ. സര്‍ക്കാരിന്റെ പല ചടങ്ങുകള്‍ക്കും പ്രധാന ആകര്‍ഷണമാണ് പൊലീസ് ബാന്റ്. ഇവര്‍ക്ക് പ്രത്യേക യൂണിഫോമും തൊപ്പിയുമാണ് സാധാരണ പൊലീസ് സേനയിലേയ്ക്കുള്ള റിക്രൂട്ടിംഗ് മാനദണ്ഡങ്ങളല്ല ബാന്റ് സംഘത്തിനുള്ളത്.

 

ഇവര്‍ക്ക് മറ്റു ചുമതലകളോ ജോലിയോ ഉണ്ടാവില്ല. എന്നാല്‍ റിക്രൂട്ടിംഗ് കഴിഞ്ഞാല്‍ പൊലീസ് ട്രെയിനികള്‍ക്കുള്ള ആറ് മാസത്തെ കായിക പരിശീലനം പൂര്‍ത്തിയാക്കണം. പിന്നെയാണ് ബാന്റു വായിക്കാന്‍ പരിശീലിപ്പിക്കുക.

 

നിലവില്‍ ഒമ്പത് ബാന്റ് സംഘങ്ങളാണുള്ളത്. 245 അംഗങ്ങളുടെ ബാന്റ് സംഘത്തിനാണ് അനുമതിയുള്ളത്. എന്നാല്‍ ഇപ്പോള്‍ 83 പേര്‍ മാത്രമാണ് ഉള്ളത്. നിലവിലുള്ള ഒരു ബാന്റ് സംഘത്തിനും നിശ്ചിത അളവിലുള്ള അംഗബലം ഇല്ല. രണ്ടു സംഘങ്ങളില്‍ ഉള്ളതാകട്ടെ ആറു പേര്‍ മാത്രം.