By Preethi PIppi.28 Sep, 2021
ചെങ്ങന്നൂർ: വീട്ടിലെ കിണറ്റിൽനിന്നു ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി. തിരുവൻവണ്ടൂർ നടുവിലേത്ത് ഗോപാലകൃഷ്ണന്റെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഹൊറഗ്ലാനിസ് ഇനത്തിൽപെട്ട മത്സ്യത്തെ കണ്ടെത്തിയത്. ഗോപാലകൃഷ്ണന്റെ ഭാര്യ രാഗിണി വെള്ളം കോരിയപ്പോഴാണ് മത്സ്യത്തെ കിട്ടിയത്.
ചെങ്കൽ പ്രദേശത്തു കാണപ്പെടുന്ന, മുഷി വർഗത്തിൽപെട്ട ഇത്തരം മീനുകൾക്കു കാഴ്ചയില്ല. സുതാര്യമായ തൊലിയാണുള്ളത്. ശരീരത്തിനുള്ളിലെ സങ്കീർണമായ സൂക്ഷ്മ രക്തധമനികൾ കാണുന്നതിനാൽ ചുവപ്പുനിറം തോന്നിക്കും. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) അധികൃതർ എത്തി മീനിനെ പഠനാവശ്യത്തിനു കൊണ്ടുപോയി.
കാലാവസ്ഥാവ്യതിയാന വകുപ്പിന്റെ (ഡിഒഇസിസി) സഹകരണത്തോടെ, കേരള ഫിഷറീസ് സർവകലാശാലയിൽ ഡോ.രാജീവ് രാഘവന്റെ നേതൃത്വത്തിലുള്ള സംഘം ഇവയെക്കുറിച്ചു പഠനം നടത്തിവരികയാണ്.