Sunday 11 June 2023




ബോട്ടില്‍ നിന്ന് ചാടിയ കടുവ നീന്തി വനത്തിലേക്ക് പോയി; കൗതുകമായി വീഡിയോ

By Avani Chandra.19 Apr, 2022

imran-azhar

 

സാമൂഹികമാധ്യമങ്ങളില്‍ പലതരം വീഡിയോകള്‍ പ്രചരിക്കാറുണ്ട്. മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോ ഒക്കെ അതില്‍ ഉള്‍പ്പെടാറുണ്ട്. ഇതും അത്തരത്തിലുള്ള ഒരു വീഡിയോ ആണ്. കുറച്ച് പഴയ വീഡിയോ ആണെങ്കിലും അത് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും വൈറലാവുകയാണ്. സുന്ദര്‍ബന്‍സിനടുത്ത് നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഒരു രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു കടുവ ബോട്ടില്‍ നിന്നും ചാടുന്നതും വനത്തിനരികിലേക്ക് നീന്തിപ്പോകുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.

 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് പശ്ചിമ ബംഗാളിലെ സുന്ദര്‍ബനില്‍ ചിത്രീകരിച്ച വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സംഭവം എന്ന് നടന്നതാണ് എന്നതിന് കൃത്യമായ വിവരമൊന്നുമില്ല. ഇത് പഴയതാണ് എന്നും ഇന്റര്‍നെറ്റില്‍ വീണ്ടും വൈറലാവുന്നു എന്നും കസ്വാന്‍ പറയുന്നു.

 

ഇതിനോടകം ഒരുലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുകളുമായി എത്തിയത്. വീഡിയോയില്‍ വെള്ളത്തിന്റെ നടുവില്‍ നില്‍ക്കുന്ന ബോട്ടില്‍ നിന്നും കടുവ ചാടുന്നതും അത് നേരെ വനത്തെ ലക്ഷ്യമാക്കി നീന്തുന്നതും കാണാം.