Sunday 25 February 2024




സിനിമ അല്ല, ഇത് ജീവിതം

By മിദിലാജ് റഷീദ്.09 Dec, 2023

imran-azhar



 

തിരുവനന്തപുരം: 23 വര്‍ഷം മുമ്പ് വിധി തളര്‍ത്തിയതാണ് പ്രീതയെ. ഇനി ഈ ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാനാവില്ലെന്ന് പ്രീത തിരിച്ചറിഞ്ഞു. പക്ഷേ, വിധിയെ പഴിച്ച് വീല്‍ ചെയറില്‍ ജീവിതം ഉന്തി നീക്കാന്‍ പ്രീത തയ്യാറായിരുന്നില്ല. ഇന്റര്‍നെറ്റ് സജീവമല്ലാത്ത കാലത്ത് ടി.വി നോക്കിയും പുസ്തകങ്ങള്‍ വായിച്ചും പ്രീത ജ്വല്ലറി നിര്‍മാണം പഠിച്ചെടുത്തു; സ്വന്തമായി നിര്‍മിച്ചു തുടങ്ങി. മെഴുകുതിരിയും ഡിഷ് വാഷും ലോഷനും പ്രീത സ്വയം നിര്‍മിച്ചു വില്‍ക്കുന്നുണ്ട്. ആദ്യം സുഹൃത്തുക്കള്‍ക്കിടയില്‍ വില്പന ആരംഭിച്ച് ഉപജീവനം കണ്ടെത്തി. പിന്നീട് ഓണ്‍ലൈന്‍ വില്പനയിലേക്ക് ചുവടുമാറി. ഇപ്പോള്‍ രാജ്യത്തിന്റെ പലയിടത്തായി പ്രീത തന്റെ ഉല്പന്നങ്ങള്‍ എത്തിച്ചുനല്‍കുന്നു.

 

 

ഭിന്നശേഷിക്കാരിലെ മികച്ച സംരംഭകയ്ക്കുള്ള അവാര്‍ഡ് 2001 ല്‍ പ്രീതയ്ക്ക് ലഭിച്ചു. സംരംഭക മാത്രമല്ല പ്രീത, ഭിന്നശേഷിക്കാര്‍ക്കുള്ള നാലോളം ഫാഷന്‍ ഷോകളിലും പ്രീത തിളങ്ങി. സണ്ണി ലിയോണ്‍ കോഴിക്കോട് പങ്കെടുത്ത ഫാഷന്‍ ഷോയിലടക്കം പ്രീത താരമായിട്ടുണ്ട്. വരുന്ന 16-ാം തീയതി എറണാകുളത്ത് നടക്കുന്ന വെഡിങ് ഫാഷന്‍ ഷോയ്ക്ക് പങ്കെടുക്കാന്‍ പോകുന്ന 'ത്രില്ലി'ലാണ് ഇപ്പോള്‍.

 

5 വര്‍ഷമായി പേപ്പര്‍ സീഡ് പേന സ്വന്തമായി നിര്‍മ്മിക്കുന്നുണ്ട്. റീഫില്‍ ഒഴിച്ച് ബാക്കിയെല്ലാം പേപ്പറില്‍ നിര്‍മിക്കുന്ന പേന. തീര്‍ന്നില്ല, പേനയുടെ അറ്റത്ത് ഒരു പച്ചക്കറി വിത്ത് കൂടിയുണ്ട്. ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന മണ്ണില്‍ പേനയിലെ വിത്ത് പുതുനാമ്പിടും, തളിര്‍ക്കും, വളരും.

 

പ്രായമായ അമ്മ മാത്രമാണ് പ്രീതയ്ക്കൊപ്പമുള്ളത്. പേനയില്‍ വിത്ത് നിറയ്ക്കാനും സ്റ്റിക്കര്‍ ഒട്ടിക്കാനുമൊക്കെ അമ്മ സഹായിക്കും. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യാത്രയെല്ലാം. ഐഎഫ്എഫ്കെ തങ്ങളെ പോലുള്ളവരെ കൂടെ പരിഗണിച്ച് റാമ്പ് സൗകര്യം ഒരുക്കിയതില്‍ പ്രീത നന്ദി പറയുന്നു.

'റാമ്പ് സൗകര്യം ഇല്ലാത്തത് കൊണ്ട് പലപ്പോഴും ഒരു സിനിമ കാണാന്‍ പോലും പോകാന്‍ പറ്റാറില്ല. നമ്മളും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന് ആരും ചിന്തിക്കുന്നില്ല. ഭിന്നശേഷി സൗഹൃമായി ഐഎഫ്എഫ്കെയില്‍ റാമ്പ് സൗകര്യം ഏര്‍പ്പെടുത്തിയത് ഒരുപാട് സൗകര്യമായി. സംഘാടകര്‍ക്ക് നന്ദി'. പ്രീത പറഞ്ഞു.