Friday 30 July 2021




റൊണാള്‍ഡിന് ഒരാഗ്രഹമുണ്ട്, മമ്മൂട്ടിയെ കാണണം

By സൂരജ് സുരേന്ദ്രന്‍ .16 Jul, 2021

imran-azhar

 

 

തിരുവനന്തപുരം: ജീവിക്കാന്‍ മാര്‍ഗമില്ലാതായതോടെ വൃക്കയും കരളും വില്‍പ്പനയ്ക്ക് വെച്ച റൊണാള്‍ഡ് എന്ന തെരുവുഗായകന്റെ കഥ കണ്ണുകളെ ഈറനണിയിപ്പിക്കുന്നതാണ്. ദുരിതപൂര്‍ണമായ ജീവിതത്തിനിടയിലും ആരും അറിയാതെ ഉള്ളിലൊതുക്കിയ ഒരു ആഗ്രഹമുണ്ട് റൊണാള്‍ഡിന്. അത് നടന്‍ മമ്മൂട്ടിയെ നേരില്‍ കാണണമെന്നാണ്. പല തവണ അതിന് ശ്രമിച്ചെങ്കിലും നടന്നില്ല. മമ്മൂട്ടി എന്ന നടനില്‍ ഏറെ ആകര്‍ഷിച്ചത് പ്രശസ്തിക്ക് വേണ്ടി അദ്ദേഹം ഒന്നും ചെയ്യില്ല എന്നതാണ്. റൊണാള്‍ഡ് പറയുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവവും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

 

'വാസന്തി എന്ന് പേരുള്ള ഒരു സിനിമ നടി. പേര് കൃത്യമായി ഓര്‍മ്മയില്ല. കിടക്കയില്‍ കിടന്നുകൊണ്ട് അവര്‍ പറഞ്ഞത്, എന്നെ സഹായിക്കാന്‍ ആരുമില്ല. എന്റെ ജീവിതാവസ്ഥ അറിഞ്ഞ് മമ്മൂട്ടി സര്‍ ഒരാളുടെ കയ്യില്‍ 50,000 രൂപ കൊടുത്തുവിട്ടു. അന്നത്തെ ആ തുകയ്ക്ക് ഇന്ന് 2 ലക്ഷം രൂപയുടെ വിലയുണ്ട്. ഇങ്ങനെ ഒരു നടന്‍ ചെയ്യണമെങ്കില്‍ അയാള്‍ പ്രശസ്തി ആഗ്രഹിക്കുന്നില്ല' റൊണാള്‍ഡ് മമ്മൂട്ടിയെ കുറിച്ച് വാചാലനായി.

 

അന്ന് മുതല്‍ തുടങ്ങിയതാണ് മമ്മൂട്ടി എന്ന മനുഷ്യനോടുള്ള ബഹുമാനമെന്നും റൊണാള്‍ഡ് പറയുന്നു. വൃക്കയും കരളും വില്‍ക്കാന്‍ തയാറാണെന്ന് മുച്ചക്ര വാഹനത്തില്‍ എഴുതിവച്ച്, ആവശ്യക്കാരെത്തേടി തലസ്ഥാന നഗരത്തിലൂടെ അലയുകയായിരുന്നു ഭിന്നശേഷിക്കാരനായ റൊണാള്‍ഡ്. തെരുവ് പാട്ടിന്റെ കൈപിടിച്ചാണ് ഭാര്യയും രണ്ടു മക്കളും അടങ്ങിയ കുടുംബത്തെ പോറ്റിയത്. ആറ് വര്‍ഷം മുന്‍പ് ഭാര്യ മരിച്ചതോടെ ജീവിതം കൈവിട്ടു തുടങ്ങി.

 

മകള്‍ ഇട്ടിട്ട് പോയി. മകന്‍ മോഷണക്കേസില്‍ ജയിലിലാണ്. ആരുമില്ലാതായതോടെ വാടക വീട് നഷ്ടമായി. അരയ്ക്ക് താഴെ തളര്‍ന്ന റൊണാള്‍ഡിന്റെ ജീവിതമെല്ലാം മുചക്രവാഹനത്തിലായി. ലോക്ക്ഡൗണില്‍ പാട്ട് കേള്‍ക്കാനും പണം തരാനും തെരുവില്‍ ആളില്ലാതായതോടെ ജീവിതം ദുരിതത്തിലായി. റൊണാള്‍ഡിന്റെ ദുരിത കഥ അറിഞ്ഞ് സംരക്ഷണം ഏറ്റെടുത്ത് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.