Friday 30 July 2021




ഇന്ധനവില വർധന കൊടുംകൊള്ളയായി മാറുന്നു; പഠിച്ച സ്‌കൂളിലെ ചടങ്ങിന് നടന്നെത്തി നടൻ പ്രേംകുമാർ

By സൂരജ് സുരേന്ദ്രൻ .28 Jun, 2021

imran-azhar

 

 

തിരുവനന്തപുരം: കഴക്കൂട്ടം ഗവ: ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള മൊബൈൽ ഫോൺ നൽകുന്ന ചടങ്ങിൽ നടന്ന് എത്തി ചലച്ചിത്ര താരവും എഴുത്തുകാരനുമായ പ്രേംകുമാർ. ദിനംപ്രതി ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പ്രേംകുമാറിനെ പ്രതിഷേധം. കഴക്കൂട്ടം അമ്മൻകോവിൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് പ്രേംകുമാർ നടന്നെത്തിയത്. വാഹനം എത്തിക്കാമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചിരുന്നെങ്കിലും പ്രേംകുമാർ വേണ്ടെന്ന് പറയുകയായിരുന്നു. ചടങ്ങ് കഴിഞ്ഞ് കാൽനടയായാണ് വീട്ടിലേക്കുള്ള മടക്കയാത്രയും. സുഹൃത്തുക്കളും, സംഘാടകരും ഒപ്പം ചേരാൻ തയാറായി മുന്നോട്ട് വന്നെങ്കിലും, കോവിഡിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കാനായി പ്രേംകുമാർ ഇത് നിരസിക്കുകയായിരുന്നു.

 

ചടങ്ങിനിടെ പ്രസംഗത്തിൽ ഇന്ധനവില വർധനയ്‌ക്കെതിരെയും രൂക്ഷവിമർശനമാണ് പ്രേംകുമാർ ഉന്നയിച്ചത്. ഇന്ധനവില വർധന എന്ന കൊടുംകൊള്ള സാമൂഹികദുരന്തമായി മാറുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. "ഇന്ധന വിലവർധന വാഹനമോടിക്കുന്നവരെയും, പാചകവാതകവും മറ്റും ഉപയോഗിക്കുന്നവരെ മാത്രമേ ബാധിക്കൂ എന്നത് തെറ്റായ ധാരണയാണ്. ഇത് രാജ്യത്തെ പൊതുഗതാഗത സംവിധാനത്തെയും, ചരക്ക് ഗതാഗത സംവിധാനത്തെയും താറുമാറാക്കും. കാർഷികമേഖലയെയും, നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയ്ക്കും ഇത് കാരണമാകും. ദരിദ്രരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന ഒരു ദുരന്തമാണ് ഇന്ധനവില വർധന. എണ്ണവില നിയന്ത്രണാധികാരം ദുരുപയോഗം ചെയ്യുന്ന എണ്ണ കമ്പനികളിൽ നിന്ന് നിയമം മൂലം തിരിച്ചുപിടിക്കാൻ രാജ്യത്തെ ഭരണകൂടം, നീതിന്യായ വ്യവസ്ഥയും തയാറാകണം. നികുതി ഒഴിവാക്കി ന്യായവിലയ്ക്ക് ഇന്ധനം നല്കാൻ തയാറാകണം" പ്രേംകുമാർ പറഞ്ഞു. ചെറു യാത്രകൾക്ക് കാൽനട ശീലമാക്കണമെന്നും, സൈക്കിൾ ഉൾപ്പെടെയുള്ള ഇന്ധനരഹിത വാഹനങ്ങളും പൊതുഗതാഗതവും കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് പ്രേംകുമാർ ചടങ്ങിന് നടന്നെത്തിയത്.

 

അതേസമയം മൊബൈൽ ഫോൺ പഠനാവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂവെന്ന് കുട്ടികൾക്ക് ഉപദേശം നൽകിയാണ് പ്രേംകുമാർ മടങ്ങിയത്. മാതാപിതാക്കളും, അധ്യാപകരും, കുട്ടികളും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓൺലൈൻ പഠനകാലം കഴിഞ്ഞാൽ മൊബൈൽ ഫോണുകൾ തിരികെ ഏൽപ്പിക്കണമെന്നും പ്രേംകുമാർ ആവശ്യപ്പെട്ടു. താൻ പഠിച്ചിറങ്ങിയ വിദ്യാലയത്തിന്റെ പുനരുദ്ധാരണത്തിന് ആദ്യ സഹായമായി അന്ന് ഒരു ലക്ഷം രൂപയും പ്രേംകുമാർ നൽകിയിരുന്നു.