Saturday 09 December 2023




ക്രൈംഡ്രാമ ചിത്രം ഇനി ഉത്തരം, നായിക അപര്‍ണ ബാലമുരളി

By santhisenanhs.19 Sep, 2022

imran-azhar

 

മലയാള സിനിമയിലെ ക്രൈംഡ്രാമകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ആദ്യം പരിഗണിക്കുന്ന സിനിമകളില്‍ ഒന്നാണ് കെ.ജി ജോര്‍ജ്ജിന്റെ സംവിധാനത്തില്‍ 1982 ല്‍ പ്രദര്‍ശനത്തിനെത്തിയ യവനിക. അയ്യപ്പന്‍ എന്ന തബലിസ്റ്റിന്റെ തിരോധാനവും തുടര്‍ന്ന് നടക്കുന്ന അന്വേഷണവുമായിരുന്നു നാടക ട്രൂപ്പിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ യവനികയുടെ കഥാപശ്ചാത്തലം. തുടര്‍ന്നും മലയാളത്തില്‍ ക്രൈം ഡ്രാമാ വിഭാഗത്തില്‍ നിരവധി സിനിമകള്‍ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട് എന്നാല്‍ അതില്‍ തന്നെ ചര്‍ച്ചയാകപ്പെട്ട ചിത്രങ്ങള്‍ കുറവും.

 

അത്തരത്തില്‍ ചര്‍ച്ചകളില്‍ ഇടം നേടുന്ന ചിത്രമായിരിക്കും സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇനി ഉത്തരം. ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കുന്ന സൂചന അതാണ്. എ ആന്റ് വി എന്റര്‍ടെയിന്റ്‌മെന്റിന്റെ ബാനറില്‍സഹോദരന്മാരായ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

അപര്‍ണ്ണ ബാലമുരളിയാണ് ഈ സിനിമയില്‍ പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമന്‍, ചന്തുനാഥ്, സിദ്ധാര്‍ഥ് മേനോന്‍, സിദ്ദീഖ്, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍, ഷാജുശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

രഞ്ജിത്ത്, ഉണ്ണി എന്നിവര്‍ രചന നിര്‍വ്വഹിച്ച ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകന്‍ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റര്‍ ജിതിന്‍ ഡി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, വിനോഷ് കൈമള്‍. കല അരുണ്‍ മോഹനന്‍. മേക്കപ്പ് ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍. സ്റ്റില്‍സ് ജെഫിന്‍ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍, ഡിജിറ്റല്‍ പിആര്‍ഒ വൈശാഖ് സി. വടക്കേവീട്.