Thursday 13 May 2021




ചിരിപ്പിച്ച് ചിന്തിപ്പിക്കാന്‍ ഒരു ചെറു ചിത്രം; ശ്രദ്ധ നേടി 'ചിരി'

By online desk .16 Apr, 2021

imran-azhar

 

ജോ ജോണ്‍ ചാക്കോ, കെവിന്‍ ജോസ്, അനീഷ് ഗോപാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോസഫ് പി കൃഷ്ണ ഒരുക്കിയ 'ചിരി' എന്ന ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുന്നു. പ്ലസ് ടൂ കാലത്തിന് ശേഷം കൂട്ടത്തില്‍ ഒരാളുടെ കല്യാണത്തിന് വിളിക്കാതെ എത്തുന്ന കൂട്ടുകാരനും ആ കൂട്ടുകാരനിലൂടെ ഉണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് 'ചിരി'യിലൂടെ അവതരിപ്പിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലെ അബദ്ധങ്ങളും തമാശകളുമൊക്കെയായി ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തികൊണ്ടാണ് ചിത്രം മുന്നോട്ടു പോകുന്നത്. പ്രേക്ഷകരെ ഒരു തരി പോലും നിരാശപ്പെടുത്താതെ അവസാനം വരെ കൊണ്ടു പോകാന്‍ സിനിമയ്കക്ക് സാധിക്കുന്നുണ്ട്. ചെറിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം പ്രൈം റീല്‍സ് വഴിയാണ് പുറത്തെത്തിയിരിക്കുന്നത്.

 

ശ്രീജിത്ത് രവി, ഹരികൃഷ്ണന്‍, സുനില്‍ സുഖദ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഇല്ലാത്ത സന്ദര്‍ഭോചിതമായ തമാശകളാണ് ചിത്രത്തില്‍ അധികവും. അനിയന്റെ സ്‌കൂളിലെ പ്രശ്‌നം സോള്‍വ് ചെയ്യാന്‍ ചെല്ലുന്ന ശ്രീജിത്ത് രവി, ഹരികൃഷ്ണന്‍ എന്നിവരുടെ സുനില്‍ സുഖദയുമായുള്ള കോംബിനേഷന്‍ സീന്‍ ഒക്കെ നര്‍മ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ്.

കെവിന്‍ ജോസിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. ചെറിയ ട്വിസ്റ്റുകള്‍ ഉണ്ടെങ്കിലും പ്രെഡിക്റ്റബിള്‍ ആണ് ചിത്രം. ദേവദാസ് ആണ് ചിത്രത്തിനായി തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ജാസി ഗിഫ്റ്റും പ്രിന്‍സ് ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.