Friday 22 September 2023




സഹദേവനെ പോലെ കാക്ക കരുണന്‍, ഇനി ഉത്തരത്തില്‍ കലാഭവന്‍ ഷാജോണ്‍ പൊലീസ്

By santhisenanhs.24 Sep, 2022

imran-azhar

 

തന്റെ കരിയറിന്റെ തുടക്കം മുതല്‍ എത്ര പോലീസ് വേഷങ്ങള്‍ ചെയ്തു എന്ന് കലാഭവന്‍ ഷാജോണിനോട് ചോദിച്ചാല്‍ അതിന് ഉത്തരം ലഭിക്കുവാന്‍ സാധ്യതയില്ല. പല തരത്തിലുള്ള പോലീസുകാരെ അവതരിപ്പിച്ച് മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് ഷാജോണ്‍. ദൃശ്യം എന്ന ചിത്രത്തില്‍ ഷാജോണ്‍ അവതരിപ്പിച്ച പോലീസ് കോണ്‍സ്റ്റബിള്‍ കഥാപാത്രം മലയാള സിനിമ ഉള്ളിടത്തോളം കാലം ചര്‍ച്ച ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. അത്രയ്ക്ക് ക്രൂക്ക്ഡ് ആയ സഹദേവന്‍ എന്ന കഥാപാത്രത്തെ വളരെയധികം ഭംഗിയായി തന്നെ അവതരിപ്പിച്ചിരുന്നു ഷാജോണ്‍.

 

അതിന് ശേഷവും ഷാജോണ്‍ നെഗറ്റീവും പോസറ്റീവുമായ പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കുറച്ചു കാലത്തേക്ക് പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാതെ മറ്റ് കഥാപാത്രങ്ങളിലേക്ക് കുറച്ചു കൂടി ഫോക്കസാവാം എന്ന് തീരുമാനിച്ചതിന് ശേഷമാണ് ഇനി ഉത്തരം എന്ന ചിത്രത്തിലെ പോലീസ് കഥാപാത്രമായ കാക്ക കരുണനെ അവതരിപ്പിക്കുന്നത്. പോലീസ് കഥാപാത്രത്തെയാണ് ചെയ്യേണ്ടതെന്ന് അറിയിച്ചപ്പോള്‍ സ്‌നേഹപൂര്‍വ്വം ആദ്യം അത് നിരസിക്കുകയായിരുന്നു. പിന്നീട് സംവിധായകന്‍ സുധീഷ് രാമചന്ദ്രന്റെ നിര്‍ബന്ധത്തില്‍ വഴങ്ങി കഥ കേള്‍ക്കാന്‍ ഇരിക്കുകയും ഒറ്റയിരിപ്പില്‍ തന്നെ കഥ കേട്ടതിന് ശേഷം ഏറെ പ്രത്യേകതകള്‍ ഉള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ഷാജോണ്‍ തയ്യാറാവുകയായിരുന്നു എന്നാണ് അണിയറ വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

 

എഴുത്ത് സഹോദരങ്ങളായ രഞ്ജിത്ത് ഉണ്ണിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രം ഇതുവരെ ഷാജോണ്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്ന് വളരെയധികം വ്യത്യസ്തകള്‍ നിറഞ്ഞതാണെന്നു നിസ്സംശയം പറയാം. എ&വി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നീ സഹോദരങ്ങള്‍ നിര്‍മിക്കുന്ന ഈ ചിത്രം വൈകാതെ തന്നെ പ്രേക്ഷകര്‍ക്ക് തീയറ്ററില്‍ കാണാം. ഏറെ വ്യത്യസ്തതയുള്ള ഷാജോണിന്റെ കാക്ക കരുണനായുള്ള കാത്തിരിപ്പിലാണ് കേരളക്കരയിപ്പോള്‍.

 

ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. അപര്‍ണ്ണ ബാലമുരളിയാണ് ഇനി ഉത്തരം സിനിമയില്‍ പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമന്‍, ചന്തുനാഥ്, സിദ്ധാര്‍ഥ് മേനോന്‍, സിദ്ദീഖ്, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍, ഷാജുശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകന്‍ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റര്‍-ജിതിന്‍ ഡി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, വിനോഷ് കൈമള്‍. കല അരുണ്‍ മോഹനന്‍. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍. സ്റ്റില്‍സ് ജെഫിന്‍ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍.