Thursday 13 May 2021




വീണ്ടും നായകനായി വിനീത് കുമാർ; സൈമൺ ഡാനിയേൽ ഒരുങ്ങുന്നു

By Mathew.29 Mar, 2021

imran-azhar

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് നായകനായി തിരിച്ചെത്തുകയാണ് പ്രിയ താരം വിനീത് കുമാർ.  മൈഗ്രെസ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാകേഷ് കുര്യാക്കോസ് തിരക്കഥ എഴുതി സാജൻ ആന്റണി സംവിധാനം ചെയ്യുന്ന "സൈമൺ ഡാനിയേൽ" എന്ന ചിത്രത്തിലൂടെ ആണ് വിനീതിന്റെ തിരിച്ചുവരവ്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കൂടിയാണ് വിനീത്. ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഊഴം, കള ഫെയിം ദിവ്യ പിള്ള ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

സ്കൂൾ യുവജനോത്സവത്തിലൂടെ കഴിവ് തെളിയിച്ചു പിന്നീട് സിനിമയിലെത്തിയ   അപൂർവം നടന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന നടനാണ് വിനീത് കുമാർ. 1988 ൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാപ്രതിഭ ആകുമ്പോൾ വിനീതിന് വെറും 11 വയസ്സായിരുന്നു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ കലാപ്രതിഭ പട്ടം ലഭിക്കുന്ന ആളെന്നുള്ള ബഹുമതിയും വിനീത്  അങ്ങനെ സ്വന്തമാക്കി.

ഒരു വടക്കൻ വീരഗാഥയിൽ ചന്തുവിന്റെ (മമ്മൂട്ടി) ചെറുപ്പകാലം അഭിനയിച്ചാണ് വിനീത് സിനിമയിലേക്ക് കടന്നുവരുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ചൈൽഡ് ആര്ടിസ്റ്റിന്റെ സംസ്ഥാന അവാർഡും വിനീത് സ്വന്തമാക്കി. പിന്നീട്  മോഹൻലാലിനൊപ്പം  ഭരതം, ദശരഥം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഉൾപ്പെടെ  നിരവധി ചിത്രങ്ങളിൽ ചൈൽഡ് ആർട്ടിസ്റ് ആയി അഭിനയിച്ചു. പിന്നീടിതുവരെ  അമ്പതോളം ചിത്രങ്ങളിൽ നായകനായും സഹനായകനായും അദ്ദേഹം തിളങ്ങി.

പ്രണയമണി തൂവൽ, കണ്മഷി, മേൽവിലാസം ശരിയാണ്, മഴനൂൽ കനവ്, കൊട്ടാരം വൈദ്യൻ, വേഗം എന്നീ ചിത്രങ്ങളിൽ നായകനായും, ദേവദൂതൻ, അപരിചിതൻ, സേതുരാമയ്യർ സിബിഐ, സെവൻസ്, ചാപ്‌റ്റേഴ്‌സ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ സഹനടനായും വിനീത് അഭിനയിച്ചു. അഭിനയ രംഗത്തു മാത്രമല്ല സംവിധാന രംഗത്തും വിനീത് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഫഹദ് ഫാസിൽ നായകനായി എത്തിയ "അയാൾ ഞാനല്ല" എന്ന ചിത്രം സംവിധാന രംഗത്തെ വിനീതിന്റെ ആദ്യ ചുവടുവെയ്പ്പായിരുന്നു.

 

===========================

രചന നാരായണൻകുട്ടി ചോദിക്കുന്നു: ആരാണ് ഈ പാർവതി? VIDEO: