Thursday 13 May 2021
നഗരത്തിൽ രാത്രി മാൻ പ്രത്യക്ഷപ്പെട്ടു; കണ്ടത് കുടപ്പനക്കുന്നിൽ; എവിടെ നിന്ന് എത്തിയത് എന്നതിൽ ദുരൂഹത

By Aswany Bhumi.23 Mar, 2021

imran-azharതിരുവനന്തപുരം: കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട മാൻ കൗതുകവും അമ്പരപ്പും ദുരൂഹതയും സൃഷ്ടിക്കുന്നു. വേട്ടയാടൽ ഭയന്ന് ഓടിയെത്താൻ സാദ്ധ്യതയുള്ളതിനാൽ പുലിയുടെ സാന്നിദ്ധ്യം ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയരുതെന്ന് വനം വകുപ്പ്.

 

മ്‌ളാവാണെന്നും സംശയം.ഞായറാഴ്ച രാത്രിയാണ് ജില്ലാ കളക്ടറേറ്റ് സ്ഥിതി ചെയ്യുന്ന കുടപ്പനക്കുന്നിനു സമീപം കോർപറേഷൻ മേഖലാ ഓഫീസിനു താഴെ കുന്നത്ത് റസിഡന്റ്‌സ് അസോസിയേഷനിൽ പെട്ട ഒരു വീട്ടിൽ മാനിനെ കണ്ടത് . സോഫ്റ്റ്‌വെയർ എൻജിനിയൻ വിനോദിന്റെ വീടായിരുന്നു ഇത്.

 

ആദ്യം അമ്പരന്നെങ്കിലും വിനോദും ഭാര്യ ദിവ്യയും ഇതിന്റെ ചിത്രങ്ങൾ കഷ്ടിച്ച് മൊബൈലിൽ പകർത്തി. എന്നാൽ എതാനും നിമിഷങ്ങൾക്കുള്ളിൽ മാൻ അപ്രത്യക്ഷമായി.
ഇന്നലെ പുലർച്ചെ മൂന്നരയോടെ വിനോദിന്റെ വീട്ടിൽ നിന്നും ഏതാണ്ട് നാനൂറു മീറ്റലെയുള്ള മേരിഗിരി ലെയ്‌നിൽ ദീപാസ് മാത്ത്‌സ് സെന്റർ ഉടമയും അദ്ധ്യാപികയുമായ ദീപയുടെ വീട്ടിൽ മാൻ പ്രത്യക്ഷപ്പെട്ടു.

 

വീട്ടിലെ നായ്ക്കൾ നിറുത്താതെ കുരയ്ക്കുന്നതു കേട്ട് ഉണർന്ന ദീപയും കുടുംബാംഗങ്ങളും സാമാന്യം വലിപ്പമുള്ള മാനിനെ കണ്ട് അന്തംവിട്ടു. അവർ വീടിനു പുറത്തേക്കിറങ്ങിയില്ല. എന്നാൽ ഇടിമിന്നൽ ഉണ്ടായിരുന്നതു കാരണം കഴിഞ്ഞ ദിവസം ഓഫു ചെയ്തിരുന്ന സി. സി ടി. വി ഓണാക്കി.

 

 

 

 

 


ഇതോടെ മാനിന്റെ വ്യക്തമായ ചിത്രം സി. സി ടി. വിയിൽ പതിഞ്ഞു. വീടിനുള്ളിൽ നിന്ന് മാൻ സാമാന്യം വലിപ്പമുള്ള ഗേറ്റ് ചാടിക്കടക്കുന്നു. തുടർന്ന് റോഡിന്റെ ഒരു ഭാഗത്തേയ്ക്ക് നീങ്ങുന്നു. വൈകാതെ റോഡിന്റെ മറു വശത്തേക്ക് നീങ്ങുന്നതായി ഇവർ കണ്ടു.
ഈ വീടിന് ഏതാനും വാര അകലെയാണ് മന്ത്രിയും എം. എൽ. എയുമായ കെ. ബി ഗണേശ്കുമാറിന്റെ വീട്.

 

ഈ ഭാഗത്തും പുലർച്ചെ നായകൾ ഉച്ചത്തിൽ കുരച്ചിരുന്നു. ഗണേശ്കുമാറിന്റെ വീടിന്റെ എതിർവശത്ത് താമസിക്കുന്ന ഡോ. ബൈജുവിന്റെ പട്ടിയും അസാധരണമാം വിധം കുരച്ചിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരം വരെയും മാനിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. വനം വകുപ്പിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് കുടപ്പനക്കുന്ന് മേഖലയിലെത്തി വിശദമായ പരിശോധന നടത്തി.

 

ഒഴിഞ്ഞു കിടക്കുന്ന പുരയിടങ്ങളും തുറസായ മേഖലകളുമൊക്കെ ഇവർ വിശദമായി പരിശോധിച്ചു. മാൻ ഒറ്റയ്ക്ക് ചാടിപ്പോകാനുള്ള സാദ്ധ്യത കുറവാമെന്ന് അവർ പറഞ്ഞു. പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടാനള്ള ശ്രമത്തിനിടയിൽ മാൻ ഇവിടെ എത്തിയതാകാം.

 

അതിനാൽ പരിസര വാസികൾ ഏതാനും ദിവസം ശ്രദ്ധ പുലർത്തണം. അസാധരണമായ എന്തെങ്കിലും നീക്കങ്ങൾ കണ്ടാൽ ഉടൻ വനം വകുപ്പിനെ അറിയിക്കണമെന്ന നിർദ്ദേശവും മേഖലയിലെ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾക്ക് നൽകിയിട്ടുണ്ട്.
മാൻ എവിടെ നിന്നാണ് എത്തിയത് എന്നതിനെക്കുറിച്ച് കാര്യമായ യാതൊരു ധാരണയുമില്ല.