By Ameena Shirin s.02 Jul, 2022
തെക്കന്‍ ഇറാനില്‍ ശനിയാഴ്ച പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായി. പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. പുലര്‍ച്ചെ 1.32-നാണ് ബന്ദര്‍ ഖമീറിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യ ഭൂചലനം അനുഭവപ്പെട്ടത് .
3.24 ഓടെയാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. യുഎഇയില്‍ അനുഭവപ്പെട്ട ഭൂചലനത്തിന് യഥാക്രമം 4.6, 4.4 എന്നിങ്ങനെ തീവ്രത റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാനില്‍ മൂന്ന് പേര്‍ മരിച്ചു 19 പേര്‍ക്ക് പരിക്ക്. നാശനഷ്ടങ്ങളും ആളപായവും യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ശനിയാഴ്ച പുലര്‍ച്ചെ യുഎഇ സമയം 1.32നു തുടങ്ങിയ ഭൂചലനം ഇടവിട്ട് നാലുപ്രാവശ്യം നേരിയതോതില്‍ ഉണ്ടായിരുന്നു. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നിവടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതായി താമസക്കാര്‍ പറഞ്ഞു.
തെക്കന്‍ ഇറാനിലെ ബന്ദറെ ഖാമിര്‍ എന്ന പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തിന്റെ ഭാഗമായാണ് യു.എ.ഇ. യിലും അനുഭവപ്പെട്ടത്. ബന്ദറെ ഖാമിറില്‍ നിന്നും 36 കിലോമീറ്റര്‍ അകലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രതയില്‍ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
സൗദി അറേബ്യ, മസ്‌കറ്റ്, ഖത്തര്‍, ബഹ്റൈന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവടങ്ങളിലും ഭൂചലനം ഉണ്ടായതായാണ് വിവരം. ഭൂചലനത്തിന്റെ ഭാഗമായി എവിടേയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഷാര്‍ജയിലെ വിവിധ പ്രദേശങ്ങളിലെ വലിയ കെട്ടിടങ്ങളിലെ താമസക്കാരെല്ലാം ഭൂചലനം അനുഭവപ്പെട്ടതുകാരണം ഏറെനേരം പുറത്തിറങ്ങി നിന്നു. ആദ്യത്തെ ഭൂചലനം ഉണ്ടായതിനുശേഷം എട്ട്, 13 മിനിറ്റുകള്‍ ഇടവിട്ടാണ് തുടര്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.7 , 4.9, 3.9, 3.5 എന്നിങ്ങനെയായിരുന്നു തീവ്രത.
ആദ്യത്തെ ഭൂചലനം പുലര്‍ച്ചെ 1.37 - നാണ് അനുഭവപ്പെട്ടതെന്ന് ഷാര്‍ജ റോളയിലെ 20 നിലയുള്ള അല്‍ ഫലാസി കെട്ടിടത്തില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സുരേഷ്നായര്‍ പറഞ്ഞു.
തൂങ്ങിനില്‍ക്കുന്ന സീലിങ് വെളിച്ചങ്ങള്‍ ഏറെ നേരം ആടുകയായിരുന്നു. എതിര്‍ഭാഗത്തുള്ള 15 നില കെട്ടിടവും ചെറിയ തോതില്‍ കുലുങ്ങി, താമസക്കാര്‍ പുറത്തിറങ്ങി നിന്നു. പല കെട്ടിടങ്ങളിലും അലമാരയിലെ സാധനങ്ങളും ചുമരിലെ ഘടികാരം, ഫോട്ടോ എന്നിവയെല്ലാം താഴെ വീണതായി നവ മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്.
ഭൂചലനം കൃത്യമായി അനുഭവപ്പെട്ടെന്ന് കണ്ണൂര്‍ സ്വദേശി പ്രസാദ് കാളിദാസ്, കാസര്‍കോട് തണ്ണോട്ട് സ്വദേശി എ.വി.മധു എന്നിവരും പറഞ്ഞു. നല്ല ഉറക്കത്തിലായതിനാല്‍ പലരും അറിഞ്ഞതുമില്ല.
ശനിയാഴ്ച അവധിയായതിനാല്‍ പലരും വൈകിയാണ് ഉറങ്ങിയത്. നാട്ടിലുള്ള ബന്ധുക്കള്‍ ഭൂചലനമറിഞ്ഞ് വേവലാതിയോടെ യു.എ.ഇ. യിലേക്ക് വിളിച്ച് വിവരങ്ങള്‍ ആരായുന്നുണ്ട്.