Sunday 11 June 2023




വിദേശികളെ വിവാഹം കഴിക്കാം,നടപടികള്‍ ലളിതമാക്കി; ഒമാനില്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തി അധികൃതര്‍

By Lekshmi.23 Apr, 2023

imran-azhar

 

മസ്‌ക്കത്ത്: വിദേശികളെ വിവാഹം കഴിക്കുന്നതിന് ഒമാനില്‍ നിലനിന്നിരുന്ന നടപടികള്‍ ലളിതമാക്കി സര്‍ക്കാര്‍.ഒമാനില്‍ നടപ്പാക്കുന്ന സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമാണ് പുതിയ ഇളവ്.കഴിഞ്ഞ ആഴ്ച ഇറങ്ങിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 

 

 

 

രാജ്യത്തേക്ക് വിദേശികളെ ആകര്‍ഷിക്കുക എന്ന ആശയമാണ് പുതിയ സര്‍ക്കാരിന്.പുതിയ കാലത്ത് വിവാഹ കാര്യത്തിലുള്ള കടുത്ത നടപടിക്രമങ്ങള്‍ ആവശ്യമില്ലെന്നു ഭരണകൂടം മനസിലാക്കുന്നു.2020ല്‍ ഹൈതം ബിന്‍ താരിഖ് ആലു സെയ്ദ് സുല്‍ത്താനായ ശേഷമാണ് ഒമാനില്‍ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് വേഗതയേറിയത്.

 

 

 

 

നേരത്തെ വിദേശികളെ വിവാഹം ചെയ്യുന്നതിന് ഒട്ടേറെ നിബന്ധനകള്‍ പൗരന്മാര്‍ പാലിക്കേണ്ടിയിരുന്നു.നിശ്ചിത വയസ് പൂര്‍ത്തിയാക്കണം, ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണം തുടങ്ങിയ കാര്യങ്ങളെല്ലാം പാലിക്കണമായിരുന്നു.1993ല്‍ നിലവില്‍ വന്ന നിയമത്തിലാണ് വിദേശികളെ വിവാഹം ചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ പറയുന്നത്.

 

 

 

 

എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന് വിവാഹം പരിശോധിക്കാനും അംഗീകാരം നല്‍കാനുമുള്ള അധികാരം പുതിയ പരിഷ്‌കരണത്തിലൂടെ റദ്ദാക്കി.സാമൂഹിക സാഹചര്യം പൂര്‍ണമായി മാറിയിരിക്കുന്നു.പഴയ നിയമം നിലവില്‍ വന്ന 1993ലെ സാഹചര്യമല്ല ഇപ്പോഴുള്ളത് എന്ന് ഒമാനി അഭിഭാഷകന്‍ സലാഹ് അല്‍ മഖ്ബലി പറയുന്നു.ജീവിത സാഹചര്യങ്ങളും സാമ്പത്തിക അവസ്ഥയും കാഴ്ചപ്പാടുകളുമെല്ലാം മാറിയെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

എങ്കിലും വിദേശികളെ വിവാഹം ചെയ്യണമെങ്കില്‍ ചില നിബന്ധനകളുണ്ട്.ഇസ്ലാമിക നിയമം ലംഘിക്കാന്‍ പാടില്ല എന്നാണ് ഒരു പ്രധാന ചട്ടം.ക്രമസമാധാനം തകര്‍ക്കാന്‍ പാടില്ല.രാജ്യത്തെ തന്ത്ര പ്രധാന വകുപ്പുകളുടെ ചുമതലകള്‍ വഹിക്കുന്നവര്‍ വിദേശികളെ വിവാഹം ചെയ്യുന്നതിനും നിരോധനമുണ്ട്.

 

 

 

 

അതേസമയം നേരത്തെ വിദേശികളെ വിവാഹം ചെയ്യുന്നതിന് കടുത്ത നിയന്ത്രണമായിരുന്നു.ചില വിവാഹങ്ങള്‍ നിയമവിരുദ്ധമായിരുന്നു. അതെല്ലാം നിയമവിധേയമാക്കിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു.പുതിയ ഉത്തരവിന്റെ സമ്പൂര്‍ണ വിവരം പരസ്യമാക്കിയിട്ടില്ല.