Friday 29 September 2023




പ്രവാസികള്‍ക്ക് ആശ്വാസം; പ്രവേശന വിലക്ക് യുഎഇ ഈ മാസം പിന്‍വലിച്ചേക്കും

By Web Desk.16 Jul, 2021

imran-azhar


ദുബായ്: ഇന്ത്യയില്‍ നിന്ന് നേരിട്ട് യുഎഇയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് ഈ മാസം അവസാനത്തോടെ പിന്‍വലിച്ചേക്കും. ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമന്‍ പുരിയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ അധികൃതരുമായി ചര്‍ച്ച തുടരുകയാണെന്നും ഘട്ടംഘട്ടമായിട്ടായിരിക്കും വിലക്ക് പിന്‍വലിക്കുകയെന്നും കോണ്‍സല്‍ ജനറല്‍ വ്യക്തമാക്കി.


റസിഡന്‍സ് വീസയുള്ളവര്‍ക്കാകും ആദ്യ പരിഗണന ലഭിക്കുക. ഒക്ടോബര്‍ ഒന്നിന് എക്‌സ്‌പോ തുടങ്ങുമ്പോഴേക്കും യാത്രയുമായി ബന്ധപ്പെട്ട എല്ലാവിലക്കുകളും നീങ്ങുമെന്നും അമന്‍ പുരി പറഞ്ഞു.


ഇന്ത്യയില്‍ നിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേര്‍പ്പെടുത്തിയത് ഏപ്രില്‍ 25 മുതലാണ്. യാത്രാവിലക്ക് മൂലം മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അവധിയിലെത്തിയശേഷം യുഎഇയിലേക്ക് മടങ്ങാനാവാത്ത സ്ഥിതിയിലാണ്.