വർഗീയ അധിക്ഷേപം നടത്തി ;അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

കൊച്ചി:ജിഹാദി എന്ന് വർഗീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻകോടതി നിർദേശം .എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പൊലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്.സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം അന്വേഷിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്. ഈ പരാതിയിൽ കേസ് എടുക്കാൻ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പൊലീസിൻ്റെ നിലപാട്.
അൻസിബയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിൽ പൊലീസ് റിപ്പോർട്ട് നൽകുകയും ചെയ്തു. ഈ പരാതിയിൽ മതിയായ തെളിവുകൾ ഇല്ല. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള പരാതിയാണ്. അതുകൊണ്ട് കേസെടുക്കാനാകില്ല എന്ന നിലപാടിലായിരുന്നു പൊലീസ്. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. തന്നെ ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു.സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണ് ടിനിയുടെ പ്രവർത്തികൾ. താൻ ചിലരെ മതം മാറ്റാൻ പ്രേരിപ്പിച്ചു എന്ന തരത്തിലുള്ള പരാമർശങ്ങളും ടിനി ഉന്നയിച്ചിട്ടുണ്ട്. അത് മറ്റുള്ളവരിൽ നിന്ന് തനിക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇതിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു അൻസിബയുടെ പരാതി.
സംഭവത്തിൽ ടിനി ടോമിനെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ടിനി ഈ ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു. ബോധപൂർവം കെട്ടിചമച്ചതാണെന്നായിരുന്നു ടിനി ടോമിന്റെ വാദം.

