ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി;വരൻ കലേഷ് ഗോവിന്ദൻ;ആശംസകളുമായി ആരാധകർ

തന്റേതായ ശൈലിയിലൂടെ ശ്രദ്ധേയമായ ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി. കലേഷ് ഗോവിന്ദനാണ് വരൻ . ഗൗരി തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം പങ്കുവച്ചത്. വിവാഹചിത്രങ്ങളും ഗൗരി ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധി പേരാണ് ഗൗരിക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്.ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിനിയായ ഗൗരി ലക്ഷ്മി തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക്കിൽ നിന്ന് സംഗീതത്തിൽ ബിരുദവും കേരള സർവകലാശാലയിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം കാസനോവയിലെ 'സഖിയേ' എന്ന ഗാനം ഒരുക്കിക്കൊണ്ട് 13-ാം വയസിലായിരുന്നു മുഖ്യധാരയിലേക്ക് ഗൗരി ലക്ഷ്മി കടന്നുവന്നത്.
ഗാനം രചിച്ചതും ഈണം നൽകിയതും ആലപിച്ചതും ഗൗരിയാണ്. പിന്നീടിങ്ങോട്ട് ഗോദയിലെ 'ആരോ നെഞ്ചിൽ' ഉൾപ്പെടെ ഒട്ടേറെ സിനിമാ ഗാനങ്ങൾ ആലപിക്കുകയും രചിക്കുകയും ഈണമിടുകയും ചെയ്തു. ഏതാനും തമിഴ് ഗാനങ്ങളും ഗൗരി ലക്ഷ്മി ആലപിച്ചിട്ടുണ്ട്.2024 ൽ പുറത്തിറങ്ങിയ ഗൗരിയുടെ 'എന്റെ പേര് പെണ്ണ്' എന്ന ഗാനം ഏറെ ചർച്ചയായിരുന്നു. ഹരിവരാസനം എന്ന ഗാനത്തിന് ഗൗരി ഒരുക്കിയ കവർ വെർഷനും പ്രശസ്ത കഥകളി പദമായ 'അജിതാ ഹരേ ജയ' ഗൗരി തന്റേതായ ശൈലിയിൽ അവതരിപ്പിച്ചതുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.

