ചണ്ഡീഗഡ്: 'ദി സിറ്റി ബ്യൂട്ടിഫുള്‍'; ബ്രിട്ടീഷ് സഞ്ചാരിയുടെ വിഡിയോ വൈറല്‍

വിദേശീയരായ സഞ്ചാരികൾ ഇന്ത്യയിലേക്കെത്തിയ ശേഷം അവരുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കാറുണ്ട് . ചണ്ഡീഗഢ് സന്ദർശിച്ചതിന് ശേഷം ഒരു ബ്രിട്ടീഷ് ആർക്കിടെക്റ്റ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ഈ നഗരം കണ്ടിട്ട് ഇന്ത്യയാണെന്ന് തോന്നുന്നില്ലെന്നാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നത്.റസ്സൽ ഹെൻഡേഴ്‌സൺ എന്ന ആർക്കിടെക്ടാണ് ഇന്ത്യയെ കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്നത് . യുകെ, തായ്ലൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം നിലവിൽ ടാൻസാനിയയിൽ താമസിക്കുകയാണ് ഹെൻഡേഴ്‌സൺ.1950-കളിൽ സ്വിസ്-ഫ്രഞ്ച് ആർക്കിടെക്റ്റായ ലീ കോർബിസിയർ രൂപകൽപ്പന ചെയ്ത ചണ്ഡീഗഡ്, വിശാലമായ റോഡുകൾ, മരങ്ങൾ നിറഞ്ഞ വഴികൾ, 'സെക്ടറുകൾ' എന്ന് വിളിക്കപ്പെടുന്ന ചെറിയ ടൗണുകൾ എന്നിവ ചണ്ഡീഗഡിന്റെ പ്രത്യേകതയാണ്.
സുഖ്‌ന തടാകം, റോസ് ഗാർഡൻ , റോക്ക് ഗാർഡൻ എന്നിവയുൾപ്പെടെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ചണ്ഡീഗഡിലുണ്ട്. ഒക്ടോബറിനും മാർച്ചിനും ഇടയിലുള്ള സമയമാണ് ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ സമയത്ത് ഇവിടുത്തെ കാലാവസ്ഥ വളരെ മനോഹരവും, പാർക്കുകളിലെ പിക്‌നിക്കുകൾക്കും റൂഫ്-ടോപ്പ് ഡിന്നറുകൾക്കും മികച്ച നിലവാരമുള്ളതാണ്.
ഹെൻഡേഴ്‌സൺന്റെ വാക്കുകളിലേക്ക്
'ആദ്യത്തെ അനുഭവമാണിത്. ഇത് നോക്കൂ. ഇത് ഇന്ത്യയിലെ ഒരു നഗരമാണെന്ന് നിങ്ങൾക്ക് ശരിക്കും തോന്നുന്നുണ്ടോ? ഇത് അതിശയിപ്പിക്കുന്നതാണ്. നിങ്ങൾ ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന ഒന്നുമല്ല ഇത്, ശരിക്കും. ഹെൻഡേഴ്‌സൺ പറഞ്ഞു. ഇവിടെ ഇരുവശത്തും റോഡ് ഗതാഗതമുണ്ട്. ദാ അവിടെ നോക്കൂ, സൈക്കിൾ അടയാളങ്ങൾ. ഇന്ത്യയിൽ ഞാൻ ഇതിനുമുമ്പ് ഇത് കണ്ടിട്ടേയില്ല, ശരിക്കും. ഇത്തരത്തിൽ നഗരത്തിന്റെ മികച്ച ആസൂത്രണം ഭാവിയിലും ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാക്കില്ലെന്ന് ഈ ആർക്കിടെക്റ്റ് ചൂണ്ടിക്കാണിക്കുന്നു. സൈക്കിളുകൾ, കാൽനടയാത്രക്കാർ, എല്ലാം പെർഫെക്റ്റ് ആണ്. നിങ്ങൾക്ക് കാണാനാകുന്നതുപോലെ, ഇത് വളരെ നന്നായി ആസൂത്രണം ചെയ്ത ഒരു നഗരമാണ്. ധാരാളം സ്ഥലം, ഒട്ടും ഗതാഗതക്കുരുക്കില്ല. ധാരാളം പാർക്കിങ് സൗകര്യങ്ങൾ, ഒരുപാട് റോഡുകൾ...അദ്ദേഹം പറഞ്ഞു.വരുന്ന കുറേ വർഷങ്ങളിലേക്ക് കൂടി ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്നാണ് ഞാൻ കരുതുന്നത്. ഇവിടം തികച്ചും വൃത്തിയുള്ളതും സുരക്ഷിതവുമാണ്. ഞാൻ പകലും രാത്രിയും ക്യാമറയുമായി ഇവിടെ നടക്കുന്നുണ്ട്. എത്രത്തോളം വൃത്തിയുള്ളതാണെന്ന് നോക്കൂ. എവിടെയും എനിക്ക് ഒരു ചപ്പുചവറുകളും കാണാൻ കഴിയുന്നില്ല. താമസിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം, അദ്ദേഹം പറയുന്നു. ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ, ഇന്ത്യയുടെ നല്ലൊരു വശം കാണിച്ചതിന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഹെൻഡേഴ്‌സണെ അഭിനന്ദിച്ചു. ഇന്ത്യയിൽ താമസിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ചണ്ഡീഗഡാണെന്ന് ചിലർ അവകാശപ്പെടുകയും ചെയ്തു.
'ഒരു ചണ്ഡീഗഡ് പൗരൻ എന്ന നിലയിൽ അഭിമാനം തോന്നുന്നു,' ഒരു ഉപയോക്താവ് കുറിച്ചു. നിങ്ങൾ നഗരത്തിന്റെ ഹൃദയഭാഗത്താണ് നടക്കുന്നത്, 20 വർഷം മുമ്പ് നഗരം വളരെ സജീവമായിരുന്നു. ഇപ്പോൾ ഇവിടെ സർക്കാർ ഓഫീസുകൾ മാത്രമാണുള്ളത്, പണ്ടത്തെപ്പോലെ അത്ര തിരക്കില്ല. ചണ്ഡീഗഡ് സന്ദർശിച്ചതിന് നന്ദി, ഇവിടെ നിങ്ങൾക്ക് നല്ലൊരു സമയം ലഭിച്ചുവെന്ന് പ്രതീക്ഷിക്കുന്നു, മറ്റൊരാൾ കുറിച്ചു. രാജ്യത്ത് താമസിക്കാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലം ഒരുപക്ഷേ ചണ്ഡീഗഡ് ആയിരിക്കുമെന്നും നഗരത്തിലെ ഭവന വിപണി അത് വ്യക്തമാക്കുന്നുണ്ടെന്നും മറ്റൊരാൾ കുറിച്ചു.

