ലോകത്തിലെ ആദ്യ ട്രില്യണയര്‍ ആയി ഇലോണ്‍ മസ്ക്; ചരിത്രമെഴുതി സ്പേസ് എക്സ്

ന്യൂയോർക്ക്:ബഹിരാകാശ ഗവേഷണം, സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, സോഷ്യൽ മീഡിയ എന്നീ മേഖലകളിൽ സ്വാധീനം ചെലുത്തുന്ന ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ആസ്തി 1 ട്രില്യൺ ഡോളർ കടന്നു. ഇതോടെ ലോകത്തിലെ ആദ്യ ട്രില്യണയർ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മസ്ക്.
മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ (SpaceX) പ്രാഥമിക ഓഹരി വിൽപ്പന (IPO) വിജയകരമായി പൂർത്തിയായതോടെയാണ് ആസ്തി മൂല്യം ഒരു ട്രില്യൺ ഡോളർ കടന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കൻ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നായി വിലയിരുത്തപ്പെടുന്ന സ്പേസ് എക്സ് ഓഹരി വിൽപ്പന 75 ബില്യൺ ഡോളറാണ് സമാഹരിച്ചത്. ഒരു ഓഹരിക്ക് 135 ഡോളർ എന്ന നിരക്കിൽ 555.56 ദശലക്ഷം ഓഹരികൾ വിറ്റഴിച്ചതോടെ കമ്പനിയുടെ വിപണി മൂല്യം ഏകദേശം 1.77 ട്രില്യൺ ഡോളറിലെത്തി. ഇതോടെ സ്പേസ് എക്സ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി മാറുകയായിരുന്നു.
സ്പേസ് എക്സിലെ സ്കിന്റെ ഓഹരി പങ്കാളിത്തത്തിന്റെ മൂല്യം മാത്രം ഏകദേശം 866 ബില്യൺ ഡോളറാണെന്നാണ് കണക്കുകൾ. ഇതിന് പുറമെ വൈദ്യുത വാഹന നിർമാതാക്കളായ ടെസ്ല, കൃത്രിമബുദ്ധി രംഗത്തെ എക്സ് എഐ (xAI), സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് (മുൻപ് ട്വിറ്റർ) എന്നിവയിലെ നിക്ഷേപങ്ങളും ചേർന്നാണ് സമ്പത്ത് 1.1 ട്രില്യൺ ഡോളറിന് മുകളിൽ ആസ്തിമൂല്യം എത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, സ്പേസ് എക്സിന്റെ ഓഹരി വിൽപ്പനയ്ക്ക് വിപണിയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. സ്ഥാപന നിക്ഷേപകർക്കൊപ്പം ചെറുകിട നിക്ഷേപകരിൽ നിന്നും അസാധാരണമായ താൽപര്യം പ്രകടമായതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഓഹരിയുടെ നിലവിലെ മൂല്യം അമിതമാണെന്നും ഭാവിയിൽ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടായേക്കാമെന്നുമുള്ള മുന്നറിയിപ്പും ചില വിശകലന വിദഗ്ധർ നൽകുന്നുണ്ട്.
സമ്പത്തിന്റെ കാര്യത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചെങ്കിലും, അസമത്വം വർധിക്കുന്ന ലോകത്ത് ഒരാൾ ട്രില്യൺ ഡോളർ സമ്പത്തിന്റെ ഉടമയാകുന്നത് സാമ്പത്തിക-സാമൂഹിക ചർച്ചകൾക്ക് പുതിയ വഴിത്തിരിവ് നൽകുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

