Kaumudi Plus

സ്വാമി തന്മയ നിര്യാതനായി

സ്വാമി തന്മയ നിര്യാതനായി
X

തിരുവനന്തപുരം: വർക്കല നാരായണഗുരുകുലത്തിലെ മുതിർന്ന സന്യാസിയും പ്രഭാഷകനും എഴുത്തുകാരനുമായ സ്വാമി തന്മയ സമാധിയായി. 73 വയസ്സായിരുന്നു. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം.1953-ൽ വർക്കലയ്‌ക്ക് സമീപം അകത്തുമുറിയിൽ കൊടിയിൽ വീട്ടിൽ രാമകൃഷ്ണന്റെയും പത്മത്തിന്റെയും മകനായി ജനിച്ചു . 1980-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ആത്മീയ ജീവിതത്തിലേക്കുള്ള അദ്ദേഹത്തിന്റെ വഴിത്തിരിവ്.1984-85 കാലഘട്ടത്തിൽ കോട്ടയത്ത് മെഡിക്കൽ ഗവേഷണം നടത്തുന്നതിനിടെയാണ് ഗുരു നിത്യചൈതന്യ യതിയെ പരിചയപ്പെടുന്നത്. ഈ കൂടിക്കാഴ്ച ജീവിതത്തിലെ നിർണായക വഴിത്തിരിവായി. തുടർന്ന് 1986-ൽ ഊട്ടിയിലെ ഫേൺഹിൽ നാരായണഗുരുകുലത്തിൽ ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യത്വം സ്വീകരിച്ച് അന്തേവാസിയായി. യതിയിൽ നിന്ന് ബ്രഹ്മചാരി ദീക്ഷയും സ്വീകരിച്ചു.2002 ജനുവരി ഒന്നിന് ഗുരു മുനി നാരായണ പ്രസാദിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ചതോടെയാണ് അദ്ദേഹം സ്വാമി തന്മയ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് നാരായണഗുരുകുലത്തിന്റെ ആത്മീയ-ദാർശനിക പ്രവർത്തനങ്ങളിൽ സജീവമായി.

ലണ്ടനിലെ ശ്രീനാരായണ മിഷനിൽ താമസിച്ച് ദാർശനിക പഠന-പ്രഭാഷണ പരിപാടികൾക്കും നേതൃത്വം നൽകി. പാശ്ചാത്യ ദാർശനികനായ സ്പിനോസയുടെയും ശ്രീനാരായണ ഗുരുവിന്റെയും ദർശനങ്ങളെ താരതമ്യം ചെയ്യുന്ന പഠനം ഗുരുകുലം മാസികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുവരികയായിരുന്നു. ആത്മീയത, ദർശനം, സാഹിത്യം എന്നീ മേഖലകളിൽ ശ്രദ്ധേയമായ നിരവധി പ്രഭാഷണങ്ങളും രചനകളും അദ്ദേഹം സംഭാവന ചെയ്തു .

Next Story
Share it