Sunday 11 June 2023




ആദ്യദിനത്തില്‍ തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ച് 'സ്‌പെയര്‍'

By Shyma Mohan.11 Jan, 2023

imran-azhar

 


ഹാരി രാജകുമാരന്റെ ആത്മകഥ സ്‌പെയറിന് ആദ്യദിനത്തില്‍ തന്നെ റെക്കോര്‍ഡ് വില്‍പന. പുറത്തിറങ്ങും മുന്‍പേ ഏറെ ചര്‍ച്ചക്ക് വഴിവെച്ച സ്‌പെയര്‍ 38 വയസ്സുള്ള ഹാരിയുടെ ജീവിതാനുഭവങ്ങളാണ് വരച്ചുകാട്ടുന്നത്. പല വെളിപ്പെടുത്തലുകളും ബ്രിട്ടന്‍ രാജകുടുംബത്തെ അസ്വസ്ഥപ്പെടുത്തുന്നതുമാണ്.

 

ബ്രിട്ടനില്‍ ആദ്യദിനത്തില്‍ ഏറ്റവും വേഗത്തില്‍ വിറ്റുപോയ നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന പുസ്തകമായി മാറുകയാണ് സ്‌പെയര്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തിന്റെ ഹാര്‍ഡ് കോപ്പി, ഇ-ബുക്ക്, ഓഡിയോ ബുക്ക് എന്നീ ഇനങ്ങളിലായി ഇതുവരെ നാല് ലക്ഷത്തിലധികം കോപ്പികളാണ് വിറ്റുപോയത്.

 

പുസ്തകത്തിലെ ചില ഭാഗങ്ങള്‍ നേരത്തെ പുറത്തുവരികയും, ഹാരി ടെലിവിഷന്‍ അഭിമുഖങ്ങളില്‍ പല കാര്യങ്ങളും വിവരിക്കുകയും ചെയ്തതാണ് പുസ്തകത്തിന്റെ വില്‍പ്പന കൂടാന്‍ കാരണം. പുസ്തകം ചൂടപ്പംപോലെ വിറ്റഴിയുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍, സകല പ്രതീക്ഷകളെയും കടത്തിവെട്ടുന്നതാണ് വില്‍പ്പനയെന്ന് പ്രസാധകരായ ട്രാന്‍സ് വേള്‍ഡ് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് മാനേജിങ് ഡയറക്ടര്‍ ലാരി ഫിന്‍ലെ പറയുന്നു. ഇതുവരെ, ആദ്യ ദിനത്തില്‍ ഇത്രയധികം വിറ്റുപോയ പുസ്തകം മറ്റൊരു ഹാരിയുടെ (ഹാരി പോട്ടര്‍) കഥ പറയുന്നതായിരുന്നെന്നും ഫിന്‍ലെ കൂട്ടിച്ചേര്‍ത്തു.

 

416 പുറങ്ങളുള്ള ആത്മകഥ ഇംഗ്ലീഷ്, ഡച്ച്, പോര്‍ച്ചുഗീസ് തുടങ്ങി 16 ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. വടക്കേ അമേരിക്കയില്‍ മാത്രം 25 ലക്ഷം പതിപ്പുകള്‍ അച്ചടിച്ചിട്ടുണ്ട്. ഹാരിയുടെ ശബ്ദത്തില്‍ തന്നെയാണ് ഓഡിയോ ബുക്ക്. അമേരിക്കന്‍ നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ജെ.ആര്‍ മോറിങ്ങറുമായി ചേര്‍ന്നാണ് ഹാരി ആത്മകഥയെഴുതിയത്.

 


കുട്ടിക്കാലം മുതല്‍ രാജകുടുംബത്തില്‍ നിന്ന് നേരിട്ട വിവേചനങ്ങളും വിഷമങ്ങളുമാണ് പ്രധാനമായും ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഓപ്ര വിന്‍ഫ്രയുമായുള്ള അഭിമുഖത്തില്‍ രാജകുടുംബത്തില്‍ നിന്ന് നേരിട്ട വിവേചനങ്ങള്‍ ഹാരി തുറന്ന് പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാജകുടുംബത്തില്‍ എപ്പോഴും മൂത്ത സഹോദരന്മാര്‍ക്കാണ് അവകാശം. അനന്തരവകാശിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ രണ്ടാമന് അവിടെ സ്ഥാനമുള്ളു. ഈ അര്‍ത്ഥം വരുന്ന സ്‌പെയര്‍ എന്ന വാക്കാണ് തന്റെ ആത്മകഥയ്ക്കായി ഹാരി ഉപയോഗിച്ചിരിക്കുന്നത്.

 


കഴിഞ്ഞയാഴ്ച പുസ്‌കത്തിന്റെ ചില പകര്‍പ്പുകള്‍ സ്പെയിനില്‍ പുറത്തുവന്നിരുന്നു. അതിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വാര്‍ത്തകളും നല്‍കിയിരുന്നു. വില്യം രാജകുമാരന്‍, ചാള്‍സ് രാജാവ്, ഡയാന രാജകുമാരി, രണ്ടാനമ്മ കാമില, അഫ്ഗാനിസ്ഥാനിലെ ദൗത്യം എന്നിവയെക്കുറിച്ചുള്ള വെല്‍പ്പെടുത്തലുകളാണ് മാധ്യമങ്ങളില്‍ ഇടംപിടിച്ചത്. ആഫ്രോ അമേരിക്കന്‍ വംശജയായ മേഗനെ 2018ലാണ് ഹാരി വിവാഹം കഴിച്ചത്. എന്നാല്‍ മേഗനെ ചൊല്ലി മൂത്ത സഹോദരനും കിരീടാവകാശിയുമായ വില്യം രാജകുമാരന്‍ വഴക്കുണ്ടാക്കിയെന്ന് ഹാരി പറയുന്നു. 2019ല്‍ ലണ്ടനില്‍ ഹാരിയും മേഗനും താമസിച്ചിരുന്ന നോട്ടിങ്ങാം കൊട്ടാരത്തില്‍ എത്തിയ വില്യം രൂക്ഷമായ തര്‍ക്കത്തിനിടെ തറയിലടിച്ചെന്നാണ് ഹാരിയുടെ വെളിപ്പെടുത്തല്‍. പിതാവായ ചാള്‍സ് രാജാവിനോട് കാമിലയെ രണ്ടാമത് വിവാഹം കഴിക്കരുതെന്ന് കുട്ടികളായിരുന്ന പ്രായത്തില്‍ മക്കളായ തങ്ങള്‍ അപേക്ഷിച്ചിരുന്നു. കൗമാര കാലത്ത് കൊക്കെയ്ന്‍ ഉപയോഗിച്ച കാര്യവും പുസ്തകത്തിലുണ്ട്.

 

ഡയാനയുടെ മരണം തന്നെ ഉലച്ചത് എങ്ങനെയുന്നും ഹാരി വിവരിക്കുന്നു. ഡയാനയുടെ സംസ്‌കാര സമയത്ത് ഒരിക്കല്‍ മാത്രമാണ് താന്‍ കരഞ്ഞത്. അന്ന് താന്‍ അനുഭവിച്ച വേദന വിവരിക്കാനാവാത്തതാണ്. സഹോദരന്‍ വില്യമിനും സമാന അനുഭവം ഉണ്ടായിക്കാണുമെന്നാണ് താന്‍ കരുതുന്നു. അമ്മയുടെ മൃതദേഹം കാണാന്‍ എത്തിയവരെല്ലാം തനിക്ക് ഹസ്തദാനം ചെയ്യുമ്പോള്‍ അവരുടെ കൈകള്‍ എല്ലാം നനഞ്ഞിരുന്നു. പിന്നീടാണ് മനസ്സിലായത് അവര്‍ എല്ലാം കരയുകയാണെന്ന്. അമ്മയെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്തിരുന്ന മനുഷ്യര്‍ക്ക് അവരുടെ മരണത്തില്‍ കരയാനും ദുഖം പ്രകടിപ്പിക്കാനും സാധിച്ചു. എന്നാല്‍ അമ്മ ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് പേര്‍, അവരുടെ രണ്ട് മക്കള്‍ക്ക് നിര്‍വികാരമായി അവരുടെ മൃതദേഹത്തിനരികെ നില്‍ക്കാനേ സാധിച്ചുള്ളു. ഹാരി രാജകുമാരന്‍ അമ്മയുടെ ശവസംസ്‌കാര ചടങ്ങില്‍ ഉടനീളമുണ്ടായിരുന്നെങ്കിലും പൊതു സ്ഥലത്ത് ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ വച്ച് കരയാന്‍ സാധിച്ചില്ലെന്നാണ് ആത്മകഥയില്‍ പറയുന്നത്.

 

പൈലറ്റായിരിക്കെ അഫ്ഗാനിസ്ഥാനില്‍ 25 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും സ്പെയറില്‍ വെളിപ്പെടുത്തലുണ്ട്. പൈലറ്റെന്ന നിലയില്‍ ആറ് ദൗത്യങ്ങളുടെ ഭാഗമായാണ് മനുഷ്യ ജീവനുകള്‍ എടുത്തത്. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള അഭിമാനമോ ലജ്ജയോ തനിക്കില്ലെന്നും ഹാരി ആത്മകഥയില്‍ പറയുന്നു. ഏറെ നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകത്തില്‍ അഫ്ഗാനിലെ ആളുകളുടെ ജീവനെടുക്കാന്‍ കാരണമായ ആറോളം ദൗത്യങ്ങളെക്കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്.