Friday 22 September 2023
ഇന്ന് ലോക പാമ്പ് ദിനംഅറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

By parvathyanoop.16 Jul, 2022

imran-azhar

ഇന്ന് ലോക പാമ്പ് ദിനം. എല്ലാ വര്‍ഷവും ജൂലൈ 16 നാണ് ഈ ദിനം ആചരിക്കുന്നത്. പാമ്പ് കടിച്ചാല്‍ തിരിച്ചു കടിച്ചാല്‍ വിഷമിറങ്ങും എന്നൊക്കെ ചില ധാരണകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇതൊരു തമാശയായി മാത്രമേ കരുതാനാവൂ. തിരിച്ചു കടിക്കാന്‍ പാമ്പിനെ തിരഞ്ഞു പോയാല്‍ രണ്ടാമതൊരു കടി കൂടി വാങ്ങിക്കാം എന്നതില്‍ കവിഞ്ഞു യാതൊരു പ്രയോജനവും ഉണ്ടാകാന്‍ സാധ്യതയില്ല.ഇത്തരം സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക.

 

ഭയമുണ്ടാകുക സ്വാഭാവികം മാത്രമാണ്. പക്ഷെ, പരിഭ്രമവും ഓടി രക്ഷപ്പെടാനുള്ള ശ്രമവും ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കുകയും ഹൃദയം, വൃക്ക, തലച്ചോര്‍ എന്നിവിടങ്ങളില്‍ വിഷം പെട്ടെന്ന് എത്തിക്കുകയും ചെയ്യും. ഒറ്റക്കാണെങ്കില്‍, കടിയേറ്റ ഭാഗം ഹൃദയത്തിനെക്കാള്‍ താഴെ ആയിരിക്കാന്‍ ശ്രദ്ധിക്കുക. വിഷം പ്രധാന അവയവങ്ങളില്‍ എത്തുന്നത് വൈകിക്കാന്‍ ഇത് വഴി സാധിക്കും.

 

കഴിയുന്നത്ര വേഗം ഫോണിലൂടെയോ മറ്റോ സഹായം അഭ്യര്‍ത്ഥിക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുന്നതിന് ജീവന്റെ വിലയുള്ള സമയമാണെന്ന് മനസിലാക്കുക.തുണി കൊണ്ട് മുറുക്കി കെട്ടുന്നത് പൊതുവെ കാണപ്പെടുന്ന രീതി ആണെങ്കിലും പ്രത്യേകിച്ചു ഗുണമൊന്നും ഉള്ളതല്ല. മാത്രമല്ല, ഈ കെട്ട് അമിതമായി മുറുകുന്നത് വഴി കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടയപ്പെടുകയും ആ ഭാഗം ഉപയോഗശൂന്യമായി മാറുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഇനി അഥവാ കെട്ടുന്നുവെങ്കില്‍, ഒരു വിരല്‍ കയറാനുള്ള അയവ് ഉണ്ടായിരിക്കണം.

 

കൈകാലുകളില്‍ ആണ് കടി ഏറ്റതെങ്കില്‍ അണിഞ്ഞിരിക്കുന്ന വാച്, ആഭരണങ്ങള്‍ തുടങ്ങിയവ ഊരിമാറ്റുക. പിന്നീട് നീര്‍വീക്കം വന്നാല്‍ ഇവ ഇറുകി ബുദ്ധിമുട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. മുറിവില്‍ നിന്നുമുള്ള രക്തപ്രവാഹമുണ്ടെകില്‍ മുറിവ് വൃത്തിയുള്ള തുണി കൊണ്ട് കെട്ടാം.പാമ്പിനെ പിടിക്കാനോ പാമ്പിന്റെ ഫോട്ടോ പിടിക്കാനോ ശ്രമിച്ചു സമയം കളയേണ്ടതില്ല. പാമ്പിനെ തിരിച്ചറിയുന്നതും ചികിത്സയും തമ്മില്‍ വലിയ ബന്ധമില്ല. രോഗിക്ക് ആവശ്യമായ ചികിത്സ എത്രയും പെട്ടെന്ന് കൊടുക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം.

 

സുരക്ഷിതമായ അകലത്തില്‍ നിന്ന് ചിത്രമെടുക്കാന്‍ സാധിക്കുമെങ്കില്‍, പാമ്പ് വിഷമുള്ളതാണോ അല്ലയോ എന്നറിയാന്‍ ചികിത്സിക്കുന്ന ഡോക്ടറെ സഹായിച്ചേക്കും. ഇതിനു സാധിച്ചില്ലെങ്കിലും വിരോധമില്ല.പാമ്പ് കടിച്ചതാണെന്ന് മനസിലായാല്‍ സ്വയം ചികിത്സയക്ക് മുതിരാതെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. അശാസ്ത്രീയമായ ചികിത്സകള്‍ക്കായി കളയുന്ന വിലയേറിയ മണിക്കൂറുകള്‍ രോഗിയെ ദുരിതത്തില്‍ നിന്ന് ദുരന്തത്തിലേക്ക് തള്ളിയിട്ടേക്കാം. വിഷക്കല്ല് വെക്കുക, പച്ചമരുന്നു കഴിച്ചു നേരം കളയുക തുടങ്ങിയവയൊന്നും തന്നെ വിഷം രക്തത്തില്‍ കലര്‍ന്ന അവസ്ഥയില്‍ ഗുണം ചെയ്യില്ല. രോഗിയെ രക്ഷിക്കാനുള്ള വിലപ്പെട്ട സമയം ഈ വഴിക്ക് നഷ്ടപ്പെടുകയും ചെയ്യും.

 

 

മദ്യപിക്കുകയോ, പുക വലിക്കുകയോ ആഹാരം കഴിക്കുകയോ ചെയ്യാന്‍ പാടില്ല. മദ്യവും പുകയിലയിലെ നികോടിന്‍ എന്ന വസ്തുവും രക്തക്കുഴലുകളെ വികസിപ്പിച്ചു വിഷം വളരെ പെട്ടെന്ന് രക്തത്തില്‍ കലരാന്‍ കാരണമാകും. ചില ഭക്ഷ്യവസ്തുക്കളിലെ ഘടകങ്ങള്‍ (ഉദാഹരണത്തിന് ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീന്‍) ഇതേ പോലെ പ്രവര്‍ത്തിക്കും. ഓര്‍ക്കുക, പാമ്പുകടിയേറ്റ പിരിമുറുക്കം കുറക്കാന്‍ ഉപയോഗിക്കേണ്ട വസ്തുക്കളല്ല ഇവയൊന്നും. നേരം കളയാതെ ചികിത്സ നേടുക എന്നതാണ് ഏറ്റവും അത്യാവശ്യം.

 

പാമ്പുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുക, പാമ്പുകള്‍കൂടി ഉള്‍ക്കൊള്ളുന്ന ആവാസവ്യവസ്ഥയെ ആദരിക്കുക, പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ തടയുക എന്നിവയാണ് ലക്ഷ്യം. നിര്‍ഭാഗ്യവശാല്‍ ലോക സൃഷ്ടികളില്‍ ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ് പാമ്പുകള്‍. നീളമേറിയ പാമ്പുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വിഷമുള്ളതെന്നാണ് ചിലരുടെ ധാരണ, എന്നാല്‍ ഇത് തെറ്റാണ്.

 


ലോകത്തിലെ മൊത്തം പാമ്പുകളുടെ 7% മാത്രമേ വിഷമുള്ളവയുള്ളൂ. ബാക്കിയുള്ള 93% പാമ്പുകളും വിഷമില്ലാത്തവയാണ്. 3,500 ലധികം ഇനം പാമ്പുകളാണ് നമ്മുടെ ഭൂമിയിലുള്ളത്. അതില്‍ 600 ഓളം ഇനങ്ങള്‍ വിഷമുള്ളവയാണ്. പ്രധാനമായും ഏഴ് കുടുംബങ്ങളില്‍പ്പെട്ട പാമ്പുകളാണ് കേരളത്തില്‍ കാണപ്പെടുന്നത്. എലാപ്പിഡേ, വൈപ്പറിഡേ, കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെല്‍റ്റിഡേ, ബോയ്‌ഡേ എന്നിവയാണ് പ്രധാനപ്പെട്ട കുടുംബങ്ങള്‍.

 

എലാപ്പിഡേ, വെപ്പറിഡേ കുടുംബത്തില്‍ വിഷമുള്ള ഇനം പാമ്പുകളും കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെല്‍റ്റിഡേ, ബോയ്‌ഡേ എന്നീ അഞ്ചു കുടുംബങ്ങളില്‍ വിഷമില്ലാത്ത ഇനം പാമ്പുകളുമാണ് ഉള്‍പ്പെടുന്നത്.പെരുമ്പാമ്പുകള്‍ ഉള്‍പ്പെടുന്ന കുടുംബമാണ് പൈത്തോണിഡേ. ഇങ്ങനെ ആകെ നൂറ് ഇനം പാമ്പുകളാണ് കേരളത്തിള്ളത്. ഇതില്‍ 90% പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തില്‍ നാലിനം പാമ്പുകള്‍ക്കാണ് മനുഷ്യജീവന്‍ അപഹരിക്കാന്‍ കഴിയുന്നത്.

 

രാജവെമ്പാല, മൂര്‍ഖന്‍, ശംഖുവരയന്‍ (വെള്ളിക്കെട്ടന്‍), അണലി. ഒരു രാജാവിനെപ്പോലെ, തലയുയര്‍ത്തി പകല്‍സമയത്ത് ഇരതേടുകയാണ് രാജവെമ്പാലയുടെ രീതി. മറ്റു മൂന്നു പാമ്പുകളും രാത്രി ഇര തേടുന്നു. ഓരോ പാമ്പും കുത്തിവയ്ക്കുന്ന വിഷത്തിന്റെ അളവിലും അതു ബാധിക്കുന്ന ശരീരാവയവങ്ങളിലും വ്യവസ്ഥകളിലും വ്യത്യാസമുണ്ട്. രാജവെമ്പാല മനസ്സറിഞ്ഞു കടിച്ചാല്‍ 20 - 25 മില്ലി വിഷം മിന്നല്‍ പോലെ രക്തം വഴി പടര്‍ന്ന് നാഡീവ്യവസ്ഥയെ ബാധിക്കും. ഒരു ആനയെയോ 20 ആളുകളെയോ കൊല്ലാന്‍ അതു മതി.

 

1972-ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം പാമ്പുകളെ കൊല്ലുന്നത് 25,000 രൂപ പിഴയോ 3 വര്‍ഷം തടവോ ലഭിക്കുന്ന കുറ്റമാണ്. പെരുമ്പാമ്പുകളെ വന്യജീവിസംരക്ഷണനിയമ പ്രകാരം ഒന്നാം ഷെഡ്യൂളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊന്നാല്‍ ആറു വര്‍ഷം തടവോ പിഴയോ ശിഷ ഏര്‍പ്പെടുത്തിയിരിക്കുന്നു. ചേര, മൂര്‍ഖന്‍, അണലി, നീര്‍ക്കോലി, രാജവെമ്പാല എന്നിവയെ രണ്ടാം ഷെഡ്യൂളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊല്ലുന്നതും ശിഷയ്ക്കു കാരണമാകുന്നു. പാമ്പുകളെ വളര്‍ത്താനോ പിടിക്കാനോ നിയമം ശക്തമായി വിലക്കുന്നു.

 

വനത്തിന് പുറത്തു വച്ച് പാമ്പു കടിയേല്‍ക്കുന്നവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും വനം വകുപ്പ് നഷ്ടപരിഹാരം നല്‍കും.ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാമ്പുകടി മരണങ്ങള്‍ റിപോര്‍ട് ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 2017 മുതല്‍ 2021 ജൂലൈ വരെ 336 പേര്‍ കേരളത്തില്‍ പാമ്പുകടിയേറ്റ് മരണപ്പെട്ടു എന്ന് വനംവകുപ്പ് റിപോര്‍ടില്‍ പറയുന്നു. പാമ്പുകളെക്കുറിച്ചും, പാമ്പുകടിയെ കുറിച്ചും, പ്രഥമശുശ്രൂഷയെ കുറിച്ചും, ശാസ്ത്രീയ ചികിത്സയെക്കുറിച്ചും ഒക്കെ ഇന്ന് പത്രങ്ങളിലും വിവിധ മാധ്യമങ്ങളിലും ലേഖനങ്ങളും ചര്‍ച്ചകളും ഉണ്ടാവും.

 

പക്ഷേ പാരമ്പര്യ വിഷവൈദ്യം, പരമ്പരാഗത വിഷചികിത്സ തുടങ്ങിയ പ്രയോജനരഹിതമായ കാര്യങ്ങളിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടാന്‍ മിക്കവരും തയ്യാറാവുന്നില്ല. ഒരു തെളിവുമില്ലാതെ പരമ്പരാഗത വിഷവൈദ്യത്തിന്റെ പേരില്‍ പത്മ ബഹുമതി വരെ ലഭിക്കുന്ന ഒരു രാജ്യത്ത് അത് എളുപ്പവുമല്ല. പക്ഷേ ഇതിനെ തള്ളിപ്പറയാതെ പാമ്പുകടിയേറ്റ മരണ സംഖ്യയില്‍ കുറവുവരില്ല. 'പാമ്പ് കടിയേറ്റവരെ തീര്‍ത്ഥം നല്‍കി ചികിത്സിക്കുന്ന അമ്പലം' എന്ന തികഞ്ഞ ഉടായിപ്പ് വാര്‍ത്ത വരെ നല്‍കിയ മാധ്യമങ്ങള്‍ കേരളത്തില്‍ ഉണ്ട്.

 

ശാസ്ത്രീയ ചികിത്സാരീതികള്‍ പിന്തുടരുന്നതിനൊപ്പം ഇത്തരം കപട ചികിത്സാ രീതികള്‍ ഉപേക്ഷിച്ചാല്‍ മാത്രമേ നമുക്ക് പാമ്പു കടിയേറ്റുള്ള മരണങ്ങള്‍ കുറയ്ക്കാനാവുകയുള്ളൂ.