By parvathyanoop.06 Dec, 2022
ഋഷി ശിവദാസ്
ഒരു കാലത്ത് തെക്കന്‍ കേരളത്തിന്റെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം- ആയ് രാജാക്കന്മാരുടെ തലസ്ഥാനമായ വിജയപുരം.വിജയപുരത്തിന്റെ ശേഷിപ്പുകള്‍ ഇന്നും അവിടെ ചിതറിക്കിടക്കുന്നുണ്ട്.തിരുവനന്തപുരത്തിന് ഏതാണ്ട് 15 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു മത്സ്യബന്ധന തുറമുഘമാണ് വിഴിഞ്ഞം എന്ന സ്ഥലം.
പക്ഷേ ചരിത്രത്തിന്റെ ഇരുള് മൂടിയ മാറാലകളിലൂടെ ചികഞ്ഞു പോയാല്‍ വിഴിഞ്ഞത്തിന്റെ മറ്റൊരു ചിത്രം വെളിപ്പെട്ടു വരും.അനേകം നൂറ്റാണ്ടുകള്‍ ദക്ഷിണ കേരളത്തിന്റെ ഭരണം കൈയ്യാളിയ ആയ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഇന്ന് വിഴിഞ്ഞം എന്നറിയപ്പെടുന്ന വിജയപുരം.
ഇന്നേക്ക് രണ്ട് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് പശ്ചിമഘട്ട മലനിരകളിലെ ആയ്ക്കുടി എന്ന പ്രദേശമായിരുന്നു ആയ് തലസ്ഥാനം. കൃഷിയും കന്നുകാലി വളര്‍ത്തലും, ലോഹ ഉപകരണ നിര്‍മാണവും ആയിരുന്നു. പുരാതന ആയ് ജനതയുടെ പ്രധാന തൊഴിലുകള്‍.
പുരാതന ഈജിപ്ഷ്യന്‍, ജൂത രേഖകളില്‍ പാടിപ്പുകഴ്ത്തപ്പെട്ട ഓഫിര്‍ എന്ന തുറമുഖം വിഴിഞ്ഞത്തിന് തെക്കുള്ള പൂവാര്‍ ആയിരിക്കാനാണ് സാധ്യത. സുഗന്ധദ്രവ്യങ്ങളും, മയിലുകളും, പവിഴവും വൈഡൂര്യവും ഈജിപ്തിലേക്കും ജൂദിയയിലേക്കും പ്രവഹിച്ചിരുന്ന തുറമുഖമായിരുന്നു ഓഫിര്‍.
ഈ വസ്തുക്കളെല്ലാം മൂന്നു സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് സുലഭമായിരുന്ന ഭൂമിയിലെ ഒരേ ഒരു പ്രദേശമായിരുന്നു തെക്കന്‍ കേരളം.ബി.സി.ഇ ആറാം ശതകത്തോടെ യൂറോപ്പ് അന്ധകാരയുഗത്തില്‍ നിന്നും പുറത്തു വന്നു. സുഗന്ധ വ്യന്‍ ജനങ്ങള്‍ക്കും ഉരുക്കിനുമുള്ള ഡിമാന്‍ഡ് പല മടങ്ങ് വര്‍ധിക്കാന്‍ തുടങ്ങി.
ബി.സി.ഇ ഒന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും റോമന്‍ സാമ്രാജ്യവും ആയ് രാജ്യവും തമ്മിലുള്ള വ്യാപാരം വന്‍തോതില്‍ വര്‍ധിച്ചു കാണും.ഈ സാഹചര്യത്തിലാവും ഒരു സ്വാഭാവിക തുറമുഖ തീരമായ വിജയപുരത്തേക്ക്, ആയ്ക്കുടിയില്‍ നിന്നും തലസ്ഥാനം മാറ്റിയത്. അപ്പോഴേക്കും നെയ്യാറില്‍ നിന്നുമുള്ള എക്കല്‍ അടിഞ്ഞ് പൂവാര്‍ തുറമുഖം ഉപയോഗശൂന്യവും ആയിക്കാണും.
പത്താം ശതകത്തില്‍ ഒരു ചോള നാവിക ആക്രമണത്തില്‍ തകര്‍ക്കപ്പെടുന്നതു വരെ കേരളത്തിലെയും ദക്ഷിണ ഇന്ത്യയിലെയും അതി സമ്പന്നമായ ഒരു തുറമുഖ തലസ്ഥാനനഗരമായിരുന്നു ഇപ്പോള്‍ വിഴിഞ്ഞം എന്നറിയപ്പെടുന്ന വിജയപുരം.