Thursday 13 May 2021




യുവതലമുറ പഠിക്കേണ്ട രാഷ്ട്രീയജീവിതം

By Aswany Mohan K.04 May, 2021

imran-azhar

 

 

രാഷ്ട്രീയത്തിലെ അതികായകനായ ഒരു വ്യക്തിത്വത്തോട് എതിരിടാന്‍ 2006-ല്‍ കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി നിയോഗിച്ചതനുസരിച്ചെത്തുമ്പോഴാണ് ആര്‍.ബാലകൃഷ്ണപിള്ള സാറിനെക്കുറിച്ച് കൂടുതലറിയാനിടയായത്.

 


അച്ഛന്റെ സഹോദരനായ എന്‍. നീലകണ്ഠന്‍ പോറ്റിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളെന്ന നിലയിലാണ് അതിനു മുമ്പ് ബാലകൃഷ്ണപിള്ള സാറിനെ അറിഞ്ഞിരുന്നത്. 2000-ല്‍ കൊട്ടാരക്കര ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗമായി എത്തിയപ്പോഴാണ് പിള്ള സാറിനെ നേരില്‍ക്കാണുന്നത്.

 

അദ്ദേഹത്തോട് വലിയ രാഷ്ട്രീയ നേതാവെന്ന നിലയിലുള്ള ബഹുമാനവും അകല്‍ച്ചയും പുലര്‍ത്തിയിരുന്നതിനാല്‍ അക്കാലത്തൊന്നും രാഷ്ട്രീയ പ്രവര്‍ത്തകയെന്ന നിലയില്‍ അടുത്തിടപഴകാനായില്ല. 2006 -ല്‍ മത്സരിക്കാനെത്തുമ്പോള്‍ രാഷ്ട്രീയ പ്രതിയോഗി എന്ന നിലയില്‍ കൂടുതല്‍ പഠിക്കാനവസരം ലഭിച്ചു.

 

ദീര്‍ഘകാലമായി കൊട്ടാരക്കരയില്‍ നിന്നുള്ള ജനപ്രതിനിധിയായിരുന്ന അദ്ദേഹത്തിന്റെ വ്യക്തി ബന്ധങ്ങളും പൊതു പ്രവര്‍ത്തന രീതികളും ഞാന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ പ്രതിയോഗി ആരായിരുന്നാലും രാഷട്രീയ ആദര്‍ശങ്ങള്‍ ഉന്നയിക്കുകയാണ് എന്ന ബോധത്തോടെ അദ്ദേഹത്തോട് മത്സരിക്കുകയും വിജയിക്കുകയും ചെയ്തത് ഏറെ അഭിമാനത്തോടെയും അത്ഭുതത്തോടെയും അനുസ്മരിക്കുന്നു.

 

രാഷ്ട്രീയാദര്‍ശത്തില്‍ രണ്ടു പക്ഷത്തായിരുന്നെങ്കിലും വ്യക്തി ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു. ഒരേ സമയം മന്ത്രിയും കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അദ്ദേഹം വിവാദങ്ങള്‍ക്കുടമയായത് സ്വന്തം സ്വഭാവസവിശേഷതകള്‍ കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു.

 


ഒരു ഒറ്റയാള്‍ പട്ടാളമെന്ന നിലയില്‍ തന്റെ തീരുമാനങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും അനുസരിച്ച് പോരാടാന്‍ ബാലകൃഷ്ണ പിള്ള സാറിന് എന്നും കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്‍ക്കശ്യവും സൗമനസ്യവും ഉറച്ച തീരുമാനങ്ങളും പ്രസംഗ പാടവവും അഭിപ്രായങ്ങളും രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ വിശകലനം ചെയ്ത് പഠിക്കേണ്ടതാണ്.

 

നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനത്തോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഏത് വിഷയത്തിലും സ്വത്വബോധമുള്ള കാഴ്ചപ്പാടും ഉറച്ച നയവും അദ്ദേഹത്തിനുണ്ടായിരുന്നു.

 

തല കുനിക്കാത്ത വ്യക്തിപ്രഭാവവും കാര്യബോധത്തോടെ വിഷയങ്ങളെ സമീപിക്കാനുള്ള കഴിവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഒരു രാഷ്ട്രീയ പ്രതിയോഗി എന്നതിലുപരി ആദര്‍ശങ്ങളില്‍ അണുകിട വ്യതിചലിക്കാത്ത നേതാവായി അദ്ദേഹത്തെ നോക്കിക്കാണാനാണ് എനിക്കാവുക.

 

ഈ കഴിവായിരിക്കാം അദ്ദേഹത്തെ വിവാദങ്ങളുടെ നായകനും വ്യത്യസ്തനായ രാഷ്ട്രീയ പ്രസംഗകനായും മാറ്റിയത്.'നമ്മുടെ രാജ്യ' മെന്ന് ഏതവസരത്തിലും ഊന്നിപ്പറയുന്ന രാജ്യസ്‌നേഹി പൊതുജീവിതത്തില്‍ തന്റേതായ വ്യക്തിത്വം പാലിച്ചയാളും ആദര്‍ശത്തില്‍ വ്യതിചലിക്കാത്തയാളുമായിരുന്നു.

 

ഇതുകൊണ്ടാണ് ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ നിന്നെല്ലാം മുക്തനായി പൊതു സമൂഹത്തിലേക്കിറങ്ങിയതെന്ന് സ്പഷ്ടമായി പറയാം.

 

രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളില്ലെന്ന ചിന്താഗതികൊണ്ടാണ് കൊട്ടാരക്കര നിയമസഭാ മണ്ഡലത്തില്‍ 2016 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം എനിക്ക് വേണ്ടി പ്രവര്‍ത്തിച്ചതും കണ്‍വെന്‍ഷനിലുടനീളം പ്രസംഗിച്ചതും. രാഷ്ട്രീയ പ്രതിയോഗികളെ വിമര്‍ശിച്ചപ്പോഴും കറ കളഞ്ഞ സംശുദ്ധത അദ്ദേഹം പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിക്കുന്നു.