By Web Desk.11 Mar, 2023
രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തി, ലോകത്തെ ഒരു ഭരണാധികാരിക്കും പിന്തുടരാകാനാകാത്ത മാതൃകയാണ്. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ നിന്നും ഉയര്‍ന്ന വിഷപ്പുക ലക്ഷക്കണക്കിന് മനുഷ്യരെ നിത്യരോഗികളാക്കുമാറ് തുടരുമ്പോള്‍ റോമാ ചക്രവര്‍ത്തിയെ ഓര്‍ത്തുപോകുന്നത് സ്വാഭാവികമാണ്. (ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നല്ല മാലിന്യ പ്ലാന്റ് എന്നാണ് തൊട്ടുമുമ്പ് ഞങ്ങള്‍ വിശേഷിപ്പിച്ചത്. മാലിന്യം സംസ്‌കരിക്കാന്‍ പദ്ധതിയോ സംവിധാനങ്ങളോ ഇല്ലാത്ത നൂറ്റിപത്ത് ഏക്കറോളം വരുന്ന ബ്രഹ്‌മപുരത്തെ ആ കേന്ദ്രത്തിനെ മാലിന്യ പ്ലാന്റ് എന്നല്ലാതെ വേറെന്ത് പേരിട്ട് വിളിക്കാനാണ്.)
തീപ്പിടിത്തമുണ്ടായി ആദ്യത്തെ മണിക്കൂറുകളില്‍ തീയണയ്ക്കാന്‍ നടപടികളൊന്നും കൈക്കൊള്ളാതിരുന്നത് കൊണ്ടാണ് അത് വ്യാപിച്ചതെന്ന് തുടക്കത്തിലേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീപ്പിടിച്ചതല്ല, തീവച്ചതാണ് എന്ന് സംശയിക്കാന്‍ അതിശക്തമായ കാരണങ്ങളുമുണ്ട്. എന്നാല്‍ ഇതൊന്നുമല്ല, ഈ ഘട്ടത്തില്‍ പരിശോധിക്കേണ്ടത് എന്ന് ഞങ്ങള്‍ കരുതുന്നു. അതീവ ടോക്സിക്ക് സ്വഭാവമുള്ളതും മനുഷ്യ ജീവന് ഗുരുതരഭീഷണിയുമാണ് പ്ലാസ്റ്റിക് കത്തുമ്പോള്‍ ഉണ്ടാകുന്ന വിഷവാതകവും ഡയോക്സിനും എന്ന് എല്ലാവര്‍ക്കും അറിയാം.
വിഷവസ്തുക്കളിലെ ചിരഞ്ജീവി എന്നാണ് ഡയോക്സിന്‍ അറിയപ്പെടുന്നത്. ഒരിക്കല്‍ അന്തരീക്ഷത്തിലോ മനുഷ്യ ശരീരത്തിലോ എത്തിപ്പെട്ടാല്‍ നശിക്കാതെ ബാക്കിനിന്ന് കാന്‍സറും, കരള്‍രോഗവും, വന്ധ്യതയും തുടങ്ങി ത്വക്ക് രോഗം വരെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിവയ്ക്കുന്നവയാണ് ഡയോക്സിന്‍ എന്ന് സ്‌കൂളുകളില്‍ പോലും കുട്ടികള്‍ പഠിക്കുന്നുണ്ട്. ഈ ഡയോക്സിന്‍ ആണ് ടണ്‍ കണക്കിന് എന്ന നിലയില്‍ തുടര്‍ച്ചയായി പത്ത് ദിനരാത്രങ്ങള്‍ കൊച്ചിയുടെ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതീവഗുരുതരമായ ഈ സ്ഥിതിവിശേഷം ഉണ്ടായിട്ട് നമ്മുടെ സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന ചോദ്യം ഉയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഫയര്‍ഫോഴ്സ് തീ അണയ്ക്കാന്‍ ശ്രമിച്ചതും രായ്ക്കുരാമാനം ഒരു കളക്ടറെ നാടുകടത്തിയതും പ്രതിവിധിയാണെങ്കില്‍ വീണ്ടും നമുക്ക് നീറോ ചക്രവര്‍ത്തിയെ ഓര്‍മ്മിക്കേണ്ടിവരും. ബ്രഹ്‌മപുരത്ത് സന്ദര്‍ശനം നടത്തിയ വ്യവസായ മന്ത്രി പി.രാജീവ് ആകട്ടെ പുക എന്ന് ശമിക്കുമെന്ന് പറയാനാവില്ല എന്ന നിസ്സഹായതയും ഇന്നലെ തുറന്നുസമ്മതിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ സ്വാഭാവികമായും തീ അണയുന്നത് വരെ കൊച്ചിക്കാരെ ഡയോക്സിന്‍ വിഷവാതകം ശ്വസിച്ച് ഇഞ്ചിഞ്ചായി മരിക്കാന്‍ വിട്ടുകൊടുക്കുകയാണോ സര്‍ക്കാര്‍.
മൂന്നര പതിറ്റാണ്ട് മുമ്പാണ് ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ നിന്നും വിഷവാതകം ചോര്‍ന്ന് നൂറ് കണക്കിന് ആളുകള്‍ മരിച്ചത്. ഭോപ്പാല്‍ ദുരന്തത്തിനെക്കാള്‍ ഒട്ടും ചെറുതല്ല ബ്രഹ്‌മപുരത്തേതെന്ന് വ്യക്തമായും അറിയാവുന്നവരാണ് നമ്മളെ ഭരിക്കുന്നത്. ഭോപ്പാലിലേതുപോലെ ജനങ്ങള്‍ തല്‍ക്ഷണം പിടഞ്ഞുമരിക്കാത്തതുകൊണ്ട് അതൊരു സൗകര്യമായി അധികാരികള്‍ കണക്കിലെടുക്കുകയാണ്. ആരോഗ്യ, പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത് റഷ്യയിലെ ചര്‍ണോബില്‍ ദുരന്തത്തിന് സമാനമാണ് ബ്രഹ്‌മപുരം ദുരന്തമെന്നാണ്. ചര്‍ണോബിളില്‍ ആണവ റിയാക്ടറുകള്‍ക്ക് ചോര്‍ച്ച സംഭവിച്ച് അണുവികിരണമുണ്ടായതിന്റെ പ്രത്യാഘാതങ്ങള്‍ കാലങ്ങള്‍കൊണ്ടാണ് ജനങ്ങള്‍ അനുഭവിച്ചത്. ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ബ്രഹ്‌മപുരത്തേതും മറ്റൊന്നാവില്ല. ഇപ്പോള്‍ ജനിച്ചുവീണ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വരുംകാലത്ത് ഈ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഭാഗമായി വന്നുഭവിച്ച ദുരന്തത്തിന്റെ വേദനകള്‍ അനുഭവിച്ചുതുടങ്ങും. ഇന്ന് ബ്രഹ്‌മപുരം പദ്ധതിയിലൂടെ പൊതുപണം കൊള്ളയടിച്ചവര്‍ അതൊന്നുമറിയാതെ കിട്ടിയ അപ്പകഷണങ്ങള്‍ നുണഞ്ഞ് സുഖിമാന്‍മാരായി കഴിയുന്നു. ഒരുനാട്ടിലെ ലക്ഷകണക്കിന് ആളുകളെ മനഃപൂര്‍വ്വം ദുരന്തത്തിന്റെയും ഭീകര രോഗങ്ങളുടെയും ഇരകളും വാഹകരുമാക്കിയവര്‍ ഒരുകാലത്തും ശിക്ഷിക്കപ്പെടാനും പോകുന്നില്ല. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ ദുര്‍വിധിയാണ്.
വിഷപ്പുകയേറ്റ് ഒരു മരണംപോലും ഉണ്ടായിട്ടില്ല എന്നത് ആശ്വസിച്ച് തങ്ങളുടെ വീഴ്ചകള്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം വലിയ ക്രൂരതയാണ് ചെയ്യുന്നത്. ബ്രഹ്‌മപുരത്ത് സംഭവിച്ച ദുരന്തത്തിന്റെ ക്രോണോളജി എടുത്താല്‍ ഈ നിമിഷം വരെ സംഭവിച്ച വീഴ്ച്ചകള്‍ അക്കമിട്ട് കണ്ടെത്താന്‍ കഴിയും. ഇരുപത് മീറ്റര്‍ വരെ ഉയരത്തില്‍ നൂറിലേറെ ഏക്കര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന പ്ലാസ്റ്റിക് മലകളിലെ തീ അഞ്ചാറ് ഫയര്‍ എന്‍ജിനുകള്‍കൊണ്ടുമാത്രം കെടുത്താന്‍ കഴിയുമെന്ന് കരുതിയ ഭരണാധികാരികള്‍ മാപ്പര്‍ഹിക്കുന്നില്ല. എത്ര പരിതാപകരമാണ് സംസ്ഥാനത്തിന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നാണ് ഇത് വിളിച്ചുപറയുന്നത്. ഓഖി വന്നപ്പോള്‍, പ്രളയം വന്നപ്പോള്‍, ഇപ്പോള്‍ വിഷപ്പുക വന്നപ്പോള്‍ പകച്ചുനില്‍ക്കുകയാണ് അത്. വിദ്യാഭ്യാസത്തിലും ആരോഗ്യ മേഖലയിലും നമ്മളെക്കാള്‍ പിന്നില്‍ നില്‍ക്കുന്ന ഒഡീഷ ഓഖിയെ ഫലപ്രദമായും ശാസ്ത്രീയമായും പ്രതിരോധിച്ചതിന്റെ ഒരു മാതൃക നമ്മുടെ മുന്നിലുണ്ട്. വിദേശങ്ങളില്‍ പോയി പഠിക്കാന്‍ എടുത്തതിന്റെ പത്തിലൊന്ന് വിഭവം മതിയാകുമായിരുന്നു ആ സംസ്ഥാനം വരെ ഒന്നുപോയിവരാന്‍. അതിനും നാം തുനിഞ്ഞിരുന്നില്ല.
നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങളുടെ അപര്യാപ്തത കൃത്യമായി അറിയാമായിരുന്നിട്ടും കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി സൈന്യത്തെ ഇറക്കി ഈ ദുരന്തത്തെ നേരിടാന്‍ തയ്യാറാവാതിരുന്നത് ഗുരുതരമായ വീഴ്ച തന്നെയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അനറോബിക് ഡീ കമ്പോസിങ്ങിന് വിധേയമാകുന്നതിനാല്‍ നിരന്തരം ബ്രഹ്‌മപുരത്ത് മീഥെയ്ന്‍ വാതകം ഉണ്ടാകുന്നതിനാലാണ് തീ അണയ്ക്കാനാവാത്തതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതറിഞ്ഞിട്ടും എന്ത് ചെയ്യാനാണ് എന്ന് പറഞ്ഞ് കൈമലര്‍ത്തുന്ന അധികാരികള്‍ കൊച്ചിനഗരത്തിലെ പത്ത് ലക്ഷത്തോളം ജനങ്ങള്‍ക്ക് സ്ലോ പോയിസണ്‍ നല്‍കുകയാണ്. ഇനിയെങ്കിലും ഭരണകൂടം വീണവായന അവസാനിപ്പിച്ച് സൈന്യത്തിന്റെ ആധുനിക സന്നാഹങ്ങള്‍ ഉപയോഗിച്ച് ബ്രഹ്‌മപുരത്തെ തീയും പുകയും അണയ്ക്കാന്‍ നടപടിയെടുക്കണം. ഖജനാവിലെ അവസാന ചില്ലിയും ചെലവഴിച്ച് കൃത്രിമ മഴപോലെയുള്ള സാങ്കേതിക പരീക്ഷണങ്ങള്‍ നടത്തേണ്ടിവന്നാല്‍ ഈ പത്താം ദിനത്തിലെങ്കിലും അതിന് തുനിയണം, അല്ലാതെ കൊച്ചിക്കാരുടെ പതിനാറടിയന്തിരം കാണാന്‍ കാത്തിരിക്കരുത്.