Wednesday 16 June 2021
നാലുമാസം കൊണ്ടൊരു പ്രകൃതി സൗഹൃദ വീട്; ഇത് ആശംസിന്റെ 'കനാൻ'

By sisira.05 Jun, 2021

imran-azhar

 

 

 

 

കനാൻ എന്നാൽ ബൈബിളിൽ പാലും തേനും ഒഴുകുന്ന ദേശമാണ്. പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് കൂട്ടുകുടുംബ രീതിയിൽ താമസിക്കാൻ കഴിയുന്ന വീട് മതിയെന്ന തീരുമാനത്തിലൊരുക്കിയ ഒരു പ്രകൃതിസൗഹൃദ വീടിൻറെ വിശേഷങ്ങളാണിനി.


കുടുംബവും കുടുംബബന്ധങ്ങളും ശിഥിലമായിക്കൊണ്ടിരിക്കുന്ന ഒരുകാലമാണിത്. ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശം പ്രകൃതി തന്നെ പല അവസരങ്ങളിലായി ബോധ്യപ്പെടുത്തുന്ന കാലവുംകൂടിയാണിത്.തിരുവനന്തപുരം പൗഡിക്കോണത്തെ ആശംസ് രവി എന്ന ആർക്കിടെക്ടിന്റെ വീടിന് പ്രത്യേകതകളേറെ.

 

രണ്ടു തട്ടുകളായുള്ള ഭൂമി നിരപ്പാക്കാതെ സ്വാഭാവികത നിലനിർത്തിക്കൊണ്ട് രണ്ടു തട്ടുകളുള്ള വീട്. പ്ലോട്ടിലുള്ള ഒരു മരം പോലും മുറിക്കാതെയാണ് വീട് ഒരുക്കിയിട്ടുള്ളത്. നടുവിലുണ്ടായിരുന്ന മഹാഗണി മുറിക്കാതെ അതിനെ നടുമുറ്റത്തിന്റെ ഭാഗമാക്കി.

 

 

പഴയ വീടുകൾ പൊളിച്ചിടത്തു നിന്ന് ശേഖരിച്ച കരിങ്കല്ല്, ഇഷ്ടിക, ജനൽ, വാതിൽ, മേൽക്കൂര, ഓട് എന്നിവ കൊണ്ടാണ് ആശംസിന്റെ വീട് രൂപം കൊണ്ടത്.

 

 

 

സൈക്കിൾ ഭാഗങ്ങൾ കൊണ്ട് നിർമിച്ച ജനാല 

 

വീടിന് കമ്പിയും കോൺക്രീറ്റും ഒഴിവാക്കി. പകരം മുള നിരത്തി അതിനു മുകളിൽ പശിമയുള്ള മണ്ണ് ഒട്ടിച്ച് മേൽക്കൂര വാർത്തു.

 

 

ഏകദേശം 90 വർഷത്തോളം പഴക്കമുളള മേച്ചിൽ ഓട് അതേപടി പുനരുപയോഗിച്ചു. പുറംകാഴ്ചയിൽ വീടിന് പഴമയുടെ സൗന്ദര്യം നൽകുന്നത് ഇതാണ്.

 

അഞ്ചു കിടപ്പുമുറികൾ, അടുക്കള, ഗോവണി, നടുമുറ്റം, ലൈബ്രറി എന്നിവയാണ് വേർതിരിച്ചു പറയാവുന്ന ഇടങ്ങൾ. 2530 ചതുരശ്രയടിയാണ് വീടിന്റെ ആകെ വിസ്തീർണം.


പൊതുവിടങ്ങളോട് ചേർന്നെല്ലാം കിടപ്പുമുറികളും അതിനോട് ചേർന്ന് പുറത്തേക്ക് തുറക്കുന്ന വാതിലുകളും നൽകി.

 

 

കാളവണ്ടിയുടെ ചക്രം കൊണ്ടുണ്ടാക്കിയ ജനാല 

 

ഒരേസമയം സ്വകാര്യതയും കൂട്ടായ്മയും ഇതിലൂടെ ലഭിക്കുന്നുവെന്ന് ആശംസ് പറയുന്നു. നാലുമാസം മാത്രമേ വേണ്ടിവന്നുള്ളൂ ഈ വീട് പണിയാൻ.

 

ഏകദേശം 28 ലക്ഷം രൂപ മാത്രമാണ് ചെലവ്വായത്. അതായത് ചതുരശ്രയടിക്ക് വെറും 1106.72 രൂപ മാത്രം. രണ്ടു വർഷമായി ഈ വീട് നിർമിച്ചിട്ട്.

 

 

 

ചാണകം മെഴുകിയ തറയും, ബിയർകുപ്പികൾ കൊണ്ട് നിർമിച്ച ജനാലയും

 

ഇങ്ങനെയും വീടുപണിയാമെന്ന മാതൃക തുറന്നു കാട്ടുകയാണ് ആശംസ്. പരിസ്ഥിതിയോടിണങ്ങിക്കൊണ്ട്, സ്വാഭാവികത നിലനിർത്തികൊണ്ടുള്ള ഒരു വീട്.

 

മേൽക്കൂരയിൽ സോളർ പ്ലാന്റ് സ്ഥാപിച്ചതോടെ വീട്ടിലേക്കാവശ്യമായ വൈദ്യുതിയുടെ നല്ലൊരു ഭാഗം ഇതിലൂടെ ലഭിക്കുന്നു.


നടുമുറ്റത്തിനു താഴെ മഴവെള്ള സംഭരണിയുടെ ടാങ്ക് നൽകി. മേൽക്കൂരയിലും നടുമുറ്റത്തും വീഴുന്ന് വെള്ളമെല്ലാം ഇവിടെ ശേഖരിക്കപ്പെടുന്നു.

 

 

 

 


വീട്ടിലെ മാലിന്യങ്ങൾ സംസ്കരിക്കാൻ ബയോഗ്യാസ് പ്ലാന്റുള്ളതിനാൽ എൽപിജി സിലിണ്ടറിന്റ ഉപയോഗം നിയന്ത്രിക്കാം.

  

 

ചിത്രങ്ങൾ: ആഷിക് എസ് ആർ