Sunday 11 June 2023




അന്നത്തെ കുമ്പളങ്ങി തികച്ചും വ്യത്യസ്തമായിരുന്നു; ഇന്നത്തെ റോഡുകള്‍ അന്ന് തോടുകളായിരുന്നു

By RK.30 Aug, 2021

imran-azhar

 


പ്രൊഫ.കെ.വി. തോമസ്
മുന്‍ കേന്ദ്രമന്ത്രി

 

ഈ ദിവസങ്ങളിലെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച അന്തര്‍ദേശീയ വാര്‍ത്തകളിലൊന്നാണ് കാലാവസഥ വ്യതിയാനം. ഐ.പി.സി.സി. എന്ന സംഘടന വിവിധ ഗവണ്‍മെന്റുകളെ സംഘടിപ്പിച്ചുകൊണ്ടാണ് കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചുള്ള ആശങ്കാജനകമായ ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഉഷ്ണവാതകങ്ങളും പ്രളയവും ആഗോള വ്യാപകമായ കാട്ടുതീയും കാലാവസ്ഥ മാറ്റത്തിന്റെ സൂചകങ്ങളായിട്ടാണ് അവര്‍ രേഖപ്പെടുത്തിയിരുക്കുന്നത്. ആഗോള താപന വര്‍ദ്ധനവ് 1.5ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാക്കി നിര്‍ത്തുകയെന്നതാണ് ലക്ഷ്യമെങ്കിലും 2030 കളില്‍ തന്നെ ഇവ കൈവിട്ടു പോകുമെന്നും, ഇത് തടയുന്നതിനു വേണ്ടി എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നുമാണ് മുന്നറിയിപ്പ്.

 

ഇന്ത്യ നേരിടാന്‍ പോകുന്ന ഭീഷണി കടല്‍ക്ഷോഭം തന്നെയാണ്. ഓരോ 10 വര്‍ഷം കൂടുമ്പോഴും കടല്‍ കരയിലേക്ക് 2 മീറ്റര്‍ വരെ കയറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ബണ്‍ നിര്‍ഗമനം കുറച്ചില്ലെങ്കില്‍ 2100 ആകുമ്പോള്‍ സമുദ്രജലനിരപ്പ് 40 സെ.മീ. മുതല്‍ ഒരു മീറ്റര്‍ വരെ ഉയരാം എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ തീരദേശവാസിയായ ഞാന്‍ വളരുന്ന ലോകവും തകരുന്ന പ്രകൃതിയും കണ്‍മുന്‍പില്‍ കാണുന്നു.



പണ്ട് കുമ്പളങ്ങി ഇന്നത്തേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഇന്നത്തെ റോഡുകള്‍ മിക്കതും അന്ന് തോടുകളായിരുന്നു. വേനല്‍ കാലത്ത് തോട് കുത്തുക എന്നത് തന്നെ ഒരു തൊഴില്‍ മാര്‍ഗ്ഗമായിരുന്നു. എന്റെ തറവാടിനു ചുറ്റും രണ്ട് കെട്ടുവള്ളങ്ങള്‍ പോകാവുന്ന തോടായിരുന്നു. ആ തോട് ചെന്നു ചേരുന്നത് നാല് കെട്ട് വള്ളങ്ങള്‍ പോകാന്‍ കഴിയുന്ന നാട്ടുതോട്ടിലേക്കുമായിരുന്നു. നാടിന്റെ മധ്യത്തിലൂടെ പോകുന്ന തോടായിരുന്നതുകൊണ്ടാണ് ഇതിനെ നാട്ട്‌തോട് എന്ന് വിളിച്ചിരുന്നത്. കല്ലഞ്ചേരി കായലിനേയും എഴുപുന്ന കായലിനേയും പരസ്പരം ബന്ധിപ്പിച്ചിരുന്ന ഈ തോടില്‍ വേനല്‍ക്കാലത്തും വെള്ളം സുലഭമായിരുന്നു. കറിക്കാവശ്യമായ മീനുകള്‍ ഈ തോടില്‍ നിന്നാണ് പിടിച്ചിരുന്നത്.

 

പാലങ്ങളൊന്നും ഇല്ലാതിരുന്ന കുമ്പളങ്ങിയിലെ യാത്ര, നടന്നോ കെട്ടുവള്ളങ്ങളിലോ ആയിരുന്നു. തൊട്ടടുത്ത ഗ്രാമങ്ങളിലേക്ക് മാത്രമല്ല, കയറും, കൊപ്രയുമായി എറണാകുളം, മട്ടാഞ്ചേരി, ആലപ്പുഴ എന്നിവടങ്ങളിലേക്ക് പോകാനും കെട്ടുവള്ളങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്.

 

ബോട്ടുകള്‍ വരുന്നതിനു മുന്‍പ്, സ്വാമിഅയ്യപ്പന്‍മാര്‍ ശബരിമലയ്ക്ക് പോയിരുന്നത് വൈക്കം വരെ വള്ളത്തിലും അവിടെനിന്ന് നടന്നുമാണ്. ദു:ഖയാഴ്ചകളിലും, ഉയര്‍പ്പു ഞായറാഴ്ചയും മലയാറ്റൂരിലേക്കുള്ള യാത്രയും നടന്നോ വഞ്ചിയിലോ ആയിരുന്നു.

 

നാട്ടുപ്രമാണിയായ മാളാട്ട് ചോറികുഞ്ഞുചേട്ടന്റെ മകന്‍ സേവ്യര്‍ ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ പോയത് അന്ന് വലിയൊരു സംഭവമായിരുന്നു . വില്ലിംഗ്ടണ്‍ ഐലന്റില്‍ നിന്നും കപ്പലില്‍ കയറിയായിരുന്നു യാത്ര. മാസങ്ങള്‍ വേണം അവിടെയെത്താന്‍. എത്തിയതിനുശേഷം അയയ്ക്കുന്ന ടെലിഗ്രാമും കത്തുകളുമാണ് വിവരങ്ങളറിയാനുള്ള ഏകമാര്‍ഗ്ഗം. അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്, കെന്നഡി മരിച്ചത് പോലും കുമ്പളങ്ങിയില്‍ അറിയുന്നത് മൂന്ന് ദിവസം കഴിഞ്ഞിട്ടായിരുന്നു.



പണ്ട് വരാപ്പുഴ പിതാവ് ജോസഫ് അട്ടിപേറ്റിയും, കൊച്ചി പിതാവ് അലക്‌സാണ്ടര്‍ എടേഴത്തും സ്ഥാനാരോഹണ ചടങ്ങിനുശേഷം തിരിച്ചെത്തിയ വിവരം കേട്ടിട്ടുണ്ട്. റോമില്‍ നിന്ന് കപ്പലില്‍ ബോംബെയിലെത്തി അവിടെ നിന്ന് ട്രെയിന്‍ വഴി എറണാകുളത്ത് എത്തിയ വിശേഷങ്ങളൊക്കെ കേട്ടപ്പോള്‍ എനിക്കും എന്നെങ്കിലുമൊരു ദിവസം റോമില്‍ പോകണമെന്ന് കലശലായ ആഗ്രഹം ഉണ്ടായിരുന്നു. റോമില്‍ പോവുകയെന്നത് ഏതൊരു ക്രൈസ്തവരുടെയും സ്വപ്നവുമാണല്ലോ.

 

1984 ല്‍ ഡല്‍ഹിയിലേക്കുള്ള എന്റെ യാത്ര കല്‍ക്കരിയോ ഡീസലോ ഉപയോഗിച്ചു ഓടിയിരുന്ന തീവണ്ടിയിലായിരുന്നു. കല്‍ക്കരി തീവണ്ടിയാത്ര കഴിഞ്ഞു വരുമ്പോഴേക്കും ശരീരം മുഴുവനും കറുത്ത പൊടിയായിരിക്കും. ഡല്‍ഹിയിലേക്ക് നേരിട്ട് വിമാനങ്ങളുണ്ടായിരുന്നില്ല. ബോംബെയില്‍ ഇറങ്ങി ഒരു ദിവസം തങ്ങിയിട്ട് വേണമായിരുന്നു ഡല്‍ഹിയിലെത്താന്‍. അതുപോലെ തന്നെ വിദേശത്തു നിന്നും കൊച്ചിയിലെത്താന്‍ ബോംബെയില്‍ ഇറങ്ങി ദിവസങ്ങള്‍ കാത്തിരിക്കണമായിരുന്നു.

 

ഇന്ന് ലോകത്തോടൊപ്പം കൊച്ചിയും വളര്‍ന്നു. കല്‍ക്കരി തീവണ്ടി ഇലക്ട്രിക് ആയി. മെട്രോ ട്രെയിന്‍ വന്നു. വിമാനങ്ങളില്‍ സീറ്റില്‍ കിടന്നുറങ്ങാന്‍ പറ്റുന്ന ഗ്രീന്‍ ലൈനര്‍ വിമാന സൗകര്യം ഉണ്ടായി. നമ്മള്‍ക്ക് അഭിമാനവും അനുഗ്രഹവുമായി ലോകോത്തര നിലവാരത്തിലുള്ള നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായി. റോമില്‍ പോകാന്‍ കൊതിച്ച ഞാന്‍ പലപ്രാവശ്യം റോമില്‍ പോയി. അങ്ങനെ എത്രയെത്ര സുഖസൌകര്യങ്ങള്‍. ഇത്തരം സൗകര്യങ്ങള്‍ വീണ്ടും മെച്ചപ്പെടുത്തി വരുമ്പോഴാണ് ഐപിസിസിയുടെ കാലാവസ്ഥ മുന്നറിയിപ്പ്.

 

ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ മുന്നോട്ട് പോകുമ്പോള്‍ പ്രകൃതിക്ക് ഉണ്ടാകുന്ന ക്ഷതങ്ങള്‍ ഗൗരവമായി തന്നെയെടുക്കണം. വരും തലമുറകള്‍ക്കും സന്തോഷത്തോടെയും സമാധാനത്തോടെയും ഇവിടെ ജീവിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ആ ഉത്തരവാദിത്വം ഏറ്റെടുത്ത് നല്ലൊരു നാളേക്കായി നമുക്കൊന്നിച്ച് കൈകോര്‍ക്കാം.