Thursday 13 May 2021
സംഭവ ബഹുലം ഈ ജീവിതം

By Aswany Mohan K.04 May, 2021

imran-azhar 

 

'നയം, വിനയം, അഭിനയം എന്നിവ വശമില്ലാത്ത രാഷ്ട്രീയക്കാരന്‍' ആര്‍.ബാലകൃഷ്ണപിള്ള എന്ന നേതാവിനെ രാഷ്ട്രീയ കേരളം നാളെ ഇപ്രകാരം അടയാളപ്പെടുത്തും. മന്നത്ത് പദ്മനാഭന്റെ കൈപിടിച്ച് പൊതുമണ്ഡലത്തിലേയ്ക്ക് കാലൂന്നിയ ആര്‍.ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയജീവിതം കയറ്റിറക്കങ്ങളുടേതായിരുന്നു.

 

ഏറെ തെറ്റിദ്ധരിക്കപ്പെട്ട പൊതുപ്രവര്‍ത്തകനാണ് താന്‍, രാഷ്ട്രീയ ശത്രുക്കളുടെ നിറംപിടിപ്പിച്ച നുണക്കഥകളാല്‍ വലഞ്ഞവന്‍...; അദ്ദേഹത്തിന്റെ ആത്മകഥയിലെ വാക്കുകള്‍ മതി ബാലകൃഷ്ണപിള്ള എന്ന നേതാവിനെ തിരിച്ചറിയാന്‍.

 

വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നപ്പോഴും അവയെ സധൈര്യം
നേരിട്ടുകൊണ്ട് ബാലകൃഷ്ണപിള്ള രാഷ്ട്രീയത്തില്‍ തന്റെ സാന്നിദ്ധ്യം കൂടുതല്‍ ശക്തമാക്കി.

 


വിദ്യാര്‍ത്ഥിയായിരിക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആഭിമുഖ്യം കാട്ടിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസുകാരനും കേരളകോണ്‍ഗ്രസുകാരനുമായി വലതുപക്ഷത്തിനൊപ്പം നിന്നു. സ്വാതന്ത്ര്യാനന്തര കേരള രാഷ്ട്രീയത്തില്‍ മാറ്റിനിര്‍ത്താനാവാത്ത പ്രാഗത്ഭ്യം അദ്ദേഹത്തിനുണ്ടായി.

 

 

 

 

 

സാമ്പത്തികശേഷിയുള്ള കുടുംബാന്തരീക്ഷം പ്രമാണിത്തത്തിന് വഴിവച്ചെങ്കിലും പലപ്പോഴും സംഘര്‍ഷഭരിതമായ ജീവിതവഴികളായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്, എംഎല്‍എ, എംപി, മന്ത്രി തുടങ്ങി അധികാരസ്ഥാനങ്ങളില്‍ തിളങ്ങി.

 

വിദ്യാര്‍ത്ഥി രാഷ്ട്രീയകാലം മുതല്‍ കേരള രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളോളം പല തലങ്ങളില്‍ തിളങ്ങിയ വ്യക്തിത്വമായിരുന്നു ബാലകൃഷ്ണപിള്ളയുടേത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ പിള്ള ഒരേ സമയം മന്ത്രിസ്ഥാനവും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചെന്നതും അപൂര്‍വ്വതയാണ്.

 

 

 

 

1947ല്‍ വാളകം ഹൈസ്‌കൂളില്‍ നാലാംഫോറത്തില്‍ പഠിക്കുമ്പോള്‍ സ്റ്റുഡന്റ്‌സ് യൂണിയനില്‍ പി.കെ.വി.യില്‍നിന്ന് നാല് ചക്രത്തിന്റെ അംഗത്വമെടുത്ത് തുടങ്ങിയതാണ് അദ്ദേഹത്തിന്റെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതം. കമ്യൂണിസ്റ്റുകാരനായി ആരംഭിച്ച രാഷ്ട്രീയബോധം യൗവനത്തില്‍ കോണ്‍ഗ്രസിലേയ്ക്ക് വഴിമാറി പിന്നീട് അത് വലതും ഇടതുമായി മാറിയത് ഇനി ചരിത്രം.

 

'കീഴൂട്ട് ഒരു കുഞ്ഞുമരിച്ചാല്‍ അതിനെ അടക്കണമെങ്കില്‍ ഞങ്ങളുടെ അനുവാദം വേണമെന്ന്' വാളകത്ത് വീട്ടുമുറ്റത്തുനിന്ന് കെ.ആര്‍.ഗൗരിയമ്മ പ്രസംഗിച്ചത് പിള്ളയുടെ മനസ്സില്‍ കനലായി.തുടര്‍ന്ന് മന്നത്തിന്റെ ആശീര്‍വാദത്തോടെ സമുദായ പ്രവര്‍ത്തനത്തിനിറങ്ങി.

 

1960ല്‍ പത്തനാപുരത്ത് അദ്ധ്യാപകനായ എന്‍.രാജഗോപാലന്‍ നായര്‍ക്കെതിരെ കന്നിയങ്കത്തിനിറങ്ങുമ്പോള്‍ 'അനാഗതശ്മശ്രു'-മീശമുളയ്ക്കാത്തവന്‍- എന്ന് കമ്യൂണിസ്റ്റ് നേതാവ് പി.ടി.പുന്നൂസിന്റെ ആക്ഷേപം. കേരള നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായി ജയിച്ചുകയറിയ പിള്ളയുടെ രാഷ്ട്രീയക്കുതിപ്പാണ് പിന്നെക്കണ്ടത്.

 

1960, 65, 77, 80, 82, 87, 91, 96, 2001 വര്‍ഷങ്ങളില്‍ നിയമസഭയിലേക്കും 1971ല്‍ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ട്രാന്‍സ്‌പോര്‍ട്ട്, എക്‌സൈസ്, ജയില്‍, വൈദ്യുതി വകുപ്പുകളുടെ മന്ത്രിയായി.1964 മുതല്‍ 87 വരെ ഇടമുളയ്ക്കല്‍ പഞ്ചായത്തിന്റെയും 1987 മുതല്‍ 95 വരെ കൊട്ടാരക്കര പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു.

 

 

 

 

കെ.പി.സി.സി, എ.ഐ.സി.സി. എക്‌സിക്യുട്ടീവ് കമ്മിറ്റികളില്‍ അംഗമായിരുന്ന പിള്ള പി.ടി.ചാക്കോ എന്ന രാഷ്ട്രീയഗുരുവിനെ മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്നു. ആര്‍. ശങ്കര്‍ മന്ത്രിസഭയ്‌ക്കെതിരായ അവിശ്വാസപ്രമേയത്തിനനുകൂലമായി വോട്ടുചെയ്തത് പി.ടി. ചാക്കോയെ പിന്നില്‍നിന്ന് കുത്തിയവര്‍ക്കുള്ള മറുപടിയായിരുന്നു.

 

കേരള കോണ്‍ഗ്രസിന്റെയും കേരളത്തിലെ യു.ഡി.എഫിന്റെയും സ്ഥാപകനേതാവായി പിള്ള വളര്‍ന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍നിന്നിറങ്ങിയ പിള്ള ജയില്‍മന്ത്രിയാകുന്നതും കേരളം കണ്ടു.1985 ല്‍ പഞ്ചാബ് മോഡല്‍ എന്ന പേരില്‍ വിവാദമായ പ്രസംഗത്തെ തുടര്‍ന്ന മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്ന ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയുമാണ്.

 

ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തേയ്ക്ക് തടവ് ശിക്ഷക്ക് വിധിച്ചതോടെയായിരുന്നു പിള്ളയുടെ ജയില്‍വാസം. ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് കേരളപ്പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാര്‍ക്കൊപ്പം ശിക്ഷായിളവ് നല്‍കി ബാലകൃഷ്ണപിള്ളയെ മോചിപ്പിച്ചു.

 

69 ദിവസത്തെ ജയില്‍ വാസത്തിനൊപ്പം 75 ദിവസത്തെ പരോളും 85 ദിവസത്തെ ആശുപത്രി ചികിത്സാക്കാലവും ശിക്ഷായിളവിനായി അന്ന് പരിഗണിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനുമാണ് അദ്ദേഹം.