By Greeshma Rakesh.05 Nov, 2023
കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് എഫ്എം സ്റ്റേഷനിലെ ആദ്യത്തെ റേഡിയോ ജോക്കി ആരാണെന്ന് ചോദിച്ചാല്‍ ഉത്തരം അറിയാത്തവരായിരിക്കും നിങ്ങളില്‍ പലരും. റേഡിയോ പ്രക്ഷേപണത്തിന്റെ 100 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതിനുത്തരം അറിയില്ലെന്നത് തീര്‍ത്തും സങ്കടകരമാണ്.
കോഴിക്കോട്ടെ റേഡിയോ മാംഗോയാണ് ആദ്യത്തെ പ്രൈവറ്റ് എഫ്എം സ്റ്റേഷന്‍.ആദ്യ റേഡിയോ ജോക്കി ലിഷ്ണയാണ്. ഒരുപക്ഷെ കേരള ചരിത്രത്തിന്റെ ഭാഗമാകേണ്ട ആളാണ്. എന്നാല്‍ ഇന്നും ഇതിനെക്കുറിച്ച് ആര്‍ക്കും കൃത്യമായ അറിവില്ല എന്നതാണ് സത്യം.
എന്തിന് അവാര്‍ഡുകളിപ്പോലും സര്‍ക്കാര്‍ റേഡിയോ പ്രക്ഷേപണങ്ങളെ പരിഗണിക്കുന്നില്ല. റേഡിയോ പ്രക്ഷേപണത്തിന്റെ 100 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വെറുതെ കേട്ടുപോകുന്ന ഒന്നായി മാത്രം മാറുകയാണ് റേഡിയോ ജോക്കികളുടെ ശബ്ദം. ഇതു തന്നെയാണ് കേരള നിയസഭാ ആന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ 'റേഡിയോ പ്രക്ഷേപണത്തിന്റെ 100 വര്‍ഷങ്ങള്‍' എന്ന വിഷയത്തിലെ സംവാദത്തില്‍ ആര്‍.ജെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ആര്‍.ജെ നീന പറഞ്ഞതും.
പലപ്പോഴും ജനപക്ഷം എന്ന ഒരൊറ്റ ലേബലില്‍ ഇന്നത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സമൂഹത്തില്‍ വിലസുമ്പോഴും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ ഒരുപാട് മാനദണ്ഡങ്ങളനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വരുന്നത് റേഡിയോ നിലയങ്ങളെ സംബന്ധിച്ച് തങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.
എന്നാല്‍ ഈ വെല്ലുവിളികള്‍ ഏറ്റെടുത്ത് മാനദണ്ഡങ്ങള്‍ക്കനുതൃതമായി പ്രവര്‍ത്തിക്കുന്ന റേഡിയോ പ്രക്ഷേപണങ്ങള്‍ക്കോ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ സര്‍ക്കാരേ സമൂഹമൊ അത്രകണ്ട് പ്രാധാന്യം നല്‍കുന്നില്ല എന്നത് തികച്ചും അവഗണയാണ്.ബഹുജനങ്ങളെ അഭിസംബോധന ചെയ്യുക എന്ന മാധ്യമദൗത്യത്തില്‍ അടിയുറച്ച റേഡിയോ പ്രക്ഷേപണം എന്തുകൊണ്ട് ശ്രദ്ധിക്കപ്പൊതെ പോകുന്നുവെന്നുപോലും ആരും ചിന്തിക്കാറില്ല എന്നതാണ് സത്യം.
റേഡിയോയിലേയ്ക്ക് ശ്രോതാക്കളെ ആകര്‍ഷിക്കുന്നത് രസകരമായ ഉള്ളടക്കങ്ങളും അതിന് പിന്നിലെ ശബ്ദവുമാണ്. പലപ്പോഴും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ സമൂഹം തിരിച്ചറിയുന്നില്ലെന്നത് തികച്ചും സങ്കടകരമാണെന്ന് പറയുന്നവര്‍ ഈ മേഖലയിലുണ്ട്.
മറ്റു മാധ്യമങ്ങള്‍ പ്രത്യേകിച്ച് ദൃശ്യമാധ്യമമായ ടെലിവിഷനിലെ പരിപാടികള്‍ക്കും അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കുമെല്ലാം സംസ്ഥാന സര്‍ക്കാര്‍ ആവാര്‍ഡുകള്‍ നല്‍കുമ്പോഴും റേഡിയോ പ്രക്ഷേപണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് മികച്ച ആവതരണത്തിന് റേഡിയോ ജോക്കികള്‍ക്കോ അതിനു പിന്നിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കോ അവാര്‍ഡുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് തികച്ചും ആവഗണനയാണ്.
എഫ് എം റേഡിയോകള്‍ എപ്പോഴും ശ്രോതാക്കളുടെ ഫണ്‍, ഇമോഷന്‍സ്,ഫ്രണ്ട്ഷിപ്,സന്തോഷം എന്നിവക്കാണ് പ്രാധാന്യം നല്‍കുന്നത്. 15 മിനിറ്റ് ആണ് ഒരാള്‍ പരമാവധി ശഷബ്ദം കേട്ടിരിക്കുന്ന സമയം. ഈ സമയ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ശ്രോതാക്കള്‍ക്ക് പരമാവധി സന്തോഷം നല്‍കുകയെന്നത് അത്ര എളുപ്പമല്ല.
ഒരേസമയം ശ്രോതാക്കളെ സന്തോഷിപ്പിക്കുമ്പോള്‍ മറുവശത്ത് മാനദണ്ഡങ്ങള്‍ പാലിക്കുകയെന്നത് ഒരു റേഡിയോ ജോക്കിയെ സംബന്ധിച്ചടുത്തോളം ഇരട്ടി വെല്ലുവിളിയാണ്. അത് അവര്‍ അവരുടെ സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട് വളരെ മികച്ച രീതിയില്‍ ചെയ്യുന്നുണ്ട്. എന്നിട്ടും അര്‍ഹിക്കുന്ന അംഗീകാരമോ സ്വീകാര്യതയോ ഈ മേഖലയിലുള്ളവര്‍ക്ക് ലഭിക്കുന്നില്ല എന്നത് ചര്‍ച്ചചെയ്യേണ്ട വിഷയമാണ്.