Saturday 09 December 2023




ദളിത് പ്രേമം എന്ന വെറുംവാക്ക്

By Priya .29 Mar, 2023

imran-azhar

 

ലക്ഷ്മിപ്രിയ

 

രാജ്യത്ത് ഓരോ സാമ്പത്തിക വര്‍ഷവും കോടിക്കണക്കിന് രൂപയുടെ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളാണ് പട്ടികജാതി, പട്ടിക വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.

 

ഇതില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ബജറ്റില്‍ വകയിരുത്തപ്പെടുന്നത് ദളിത് വിഭാഗത്തിന്റെ വിദ്യാഭ്യാസ പ്രക്രിയകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കാണ്. ന്യൂനപക്ഷ ദളിത് പ്രേമം എല്ലാ സംസ്ഥാനങ്ങളും എല്ലാ അവസരങ്ങളിലും ഒരു സ്ഥിരം മുദ്രാവാക്യം പോലെ ഉയര്‍ത്തിപിടിക്കുക പതിവാണ്.

 

രാജ്യത്ത് സാമൂഹിക നീതി- പട്ടിക ജാതി ക്ഷേമ പദ്ധതികള്‍ അനുസരിച്ച് കേന്ദ്രം അതാത് വര്‍ഷം പ്രഖ്യാപിക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് സംസ്ഥാനങ്ങള്‍ മുന്നോട്ട് പോകുന്നത്.

 

മിക്ക സംസ്ഥാനങ്ങള്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കായി പ്രത്യേക വകുപ്പും മന്ത്രിയും ഉണ്ടെങ്കില്‍ പോലും അവര്‍ ഈ വകുപ്പിലേക്ക് ലഭിക്കാന്‍ സാധ്യതയുള്ള കേന്ദ്ര ഫണ്ടുകളെ കുറിച്ച് പോലും കൃത്യമായ ധാരണയോ ബോധമോ ഉള്ളവരായി കാണാറില്ല.

 

പല വടക്കേന്ത്യന്‍ സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന കുറ്റകരമായ അനാസ്ഥ രാജ്യത്തെ കോടിക്കണക്കിന് വരുന്ന പട്ടിക ജാതി വിഭാഗങ്ങളോട് കാട്ടുന്ന കടുത്ത അനിതീയായി മാറുന്നു.

 

ഓരോ ഭാരതീയനെയും സാക്ഷരനാക്കുക എന്ന ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍.അംബേദ്ക്കറുടെ സ്വപ്‌നം സമീപക്കാലത്തൊന്നും പൂവണിയാന്‍ സാധ്യതയില്ലാത്ത വിധം ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പല സംസ്ഥാനങ്ങളും അവഗണന നിറഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത്.


ഇതില്‍ ഏറ്റവും മികച്ച ഉദാഹരണമാണ് പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെ നേര്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന അലക്ഷ്യമനോഭാവം.

 

ഏറ്റവുമൊടുവില്‍ ഈ വിഭാഗത്തിന് കേന്ദ്ര ഫണ്ട് വഴി അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പാണ് ചില സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും അനാസ്ഥ കാരണം കഴിഞ്ഞ 2 വര്‍ഷമായി തുടര്‍ച്ചയായി മുടങ്ങിയ സംഭവം.


ദേശീയ മാധ്യമങ്ങളുള്‍പ്പെടെ വലിയ വാര്‍ത്തയാക്കിയ ഈ വിഷയത്തിന് എന്നാല്‍ പ്രാദേശിക മാധ്യമങ്ങള്‍ വലിയ പ്രാധാന്യം കൊടുത്തതായി കണ്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി +1,+2 ക്ലാസുകളിലെ ഏകദേശം 6.6 ദശലക്ഷത്തിലധികം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെട്ടിരിക്കുന്നത്.


കേന്ദ്രം 60 ശതമാനം സംസ്ഥാനം 40 ശതമാനം എന്ന വ്യവസ്ഥയിലാണ് സ്‌കോളര്‍ഷിപ്പിനുള്ള ഫണ്ട് സ്വരൂപീകരണം.എന്നാല്‍ രാജ്യത്തെ 28 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തങ്ങളുടെ ഓഹരി നല്‍കാത്തതാണ് സ്‌കോളര്‍ഷിപ്പ് വിതരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം വെളിപ്പെടുത്തുന്നു.

 

2021-22 വര്‍ഷത്തില്‍ കേന്ദ്രം 3,415.62 കോടി അനുവദിച്ചിരുന്നുവെങ്കിലും ഇതില്‍ 1,978.56 കോടി രൂപമാണ് വിനിയോഗിച്ചത്.ബജറ്റ് വിഹിതത്തിന്റെ ഏകദേശം 58% മാത്രമാണിത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പോസ്റ്റ് മെട്രിക് സ്‌ക്കോളര്‍ഷിപ്പിനായി 5,660 കോടി രൂപയാണ് സാമൂഹ്യനീതി മന്ത്രാലയം നീക്കി വെച്ചിരുന്നത്.

 


ഇതില്‍ 2022 ഡിസംബര്‍ വരെ 2,500.22 കോടി രൂപ മാത്രമാണ് മന്ത്രാലയം ചെലവഴിച്ചത്. പട്ടികജാതി വിഭാഗത്തിലെ 6.615 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനങ്ങള്‍ വിഹിതം നല്‍കാത്തതിനെ തുടര്‍ന്ന് ബജറ്റ് വിഹിതത്തിന്റെ 50 ശതമാനവും കേന്ദ്രം വിനിയോഗിച്ചില്ല.

 

28 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തങ്ങളുടെ വിഹിതം നല്‍കിയിട്ടില്ലെന്ന് മന്ത്രാലയം പട്ടികജാതി ക്ഷേമസമിതിയെ അറിയിച്ചിരുന്നു. ഡല്‍ഹി,അസം ഹിമാചല്‍ പ്രദേശ്,ഗുജറാത്ത്,മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്,പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ഒഡീഷ, എന്നിവയാണ് ഈ പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നത്.

 


കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കേണ്ട വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഇതോടെ വകയിരുത്തിയ തുക വിനിയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കേന്ദ്രം.ഇത്തവണ 6.3 ദശലക്ഷം പട്ടികജാതി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

 


5.39 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. 2021-22, 2022-23 വര്‍ഷങ്ങളിലെ ദുര്‍വ്വിനിയോഗം കാരണം 6,359.14 കോടി നീക്കിവച്ച വിഹിതം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചോദ്യം ചെയ്തു.

 

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാല ബിരുദം പൂര്‍ത്തിയാക്കാന്‍ സംസ്ഥാനങ്ങള്‍ വിമുഖത കാണിക്കുന്നതിലും പാര്‍ലമെന്ററി കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു.സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ കഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.

 

പദ്ധതി നടത്തിപ്പില്‍ സാമ്പത്തികമായി ജാഗ്രത പുലര്‍ത്തണം. 2023-24 ലെ ബജറ്റ് എസ്റ്റിമേറ്റുകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിയാല്‍ അത് ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ തന്നെ മാറ്റും.