Sunday 05 February 2023
വിഴിഞ്ഞത്തിനു മുകളില്‍ പറക്കുന്ന കഴുകന്‍

By Web Desk.21 Aug, 2022

imran-azhar

 

ലത്തീന്‍ കത്തോലിക്ക സഭയുടെ സമരം കാരണം വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണമാണ് തീരശോഷണത്തിനു കാരണമെന്ന് ആരോപിച്ചാണ് സഭയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നത്. കടലെടുത്ത് വീടും ഭൂമിയും മറ്റു ജീവനോപാധികളും നഷ്ടപ്പെടുന്ന സാധുക്കളായ മത്സ്യത്തൊഴിലാളികളുടെ കണ്ണുനീരില്‍ കാര്യമുണ്ട് താനും. വല്ലാര്‍പാടം പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ വഴിയാധാരമായി ഇന്നും തുടരവേ അവരുടെ ആശങ്കകള്‍ക്ക് സാധൂകരണവുമുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുകയും വേണം. എന്നാല്‍ ലത്തീന്‍ സഭ നേരിട്ടു നയിക്കുന്ന സമരത്തില്‍ ഉയര്‍ന്ന രണ്ടു മുദ്രാവാക്യങ്ങള്‍ അത്ര നിഷ്‌കളങ്കമെന്നു കണ്ട് അംഗീകരിക്കാന്‍ കഴിയുന്നതല്ല. 'അദാനി ഗോ ബാക്ക് ', തുറമുഖ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കുക എന്നിവയാണത്.

 

നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചുവെന്ന തുറമുഖ അധികൃതരുടെ വാക്ക് സത്യമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ ലത്തീന്‍ അതിരൂപതയിലെ വൈദികരടക്കമുള്ളവര്‍ തുറമുഖ നിര്‍മാണം നടക്കുന്ന സ്ഥലത്തേക്കു പോയി നേരില്‍ കണ്ട് ബോധ്യപ്പെട്ടത്രെ. ഐ. എസ്. ആര്‍. ഒ യിലേക്ക് വന്ന യന്ത്രഭാഗങ്ങള്‍ ഇതേ പോലെ ചില വൈദികരുടെ നേതൃത്വത്തില്‍ ജനക്കൂട്ടം തടഞ്ഞിട്ട സംഭവം ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. ഇടവകക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ പ്രക്ഷോഭം നയിക്കാന്‍ സഭയ്ക്ക് അവകാശമുണ്ട്. എന്നാല്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, സീ പോര്‍ട്ട്, എയര്‍പോര്‍ട്ട് തുടങ്ങി തന്ത്രപ്രധാനവും രാജ്യത്തിന് അനിവാര്യവുമായ സ്ഥാപനങ്ങള്‍ക്ക് എതിരെ മതത്തിന്റെ പേരില്‍ തെരുവില്‍ ആളെ ഇറക്കി നടത്തുന്ന സമരങ്ങള്‍ തീരെ നിഷ്‌കളങ്കമെന്ന് പറയാന്‍ കഴിയില്ല എന്നതാണ് മുന്‍ അനുഭവങ്ങള്‍.

 

രാജ്യത്തിന്റെ ഊര്‍ജ മേഖലയെയും വന്‍കിട പദ്ധതികളെയും പ്രതിസന്ധിയിലാക്കാന്‍ ആഗോള ശക്തികള്‍ നടത്തുന്ന നീക്കങ്ങള്‍ യു പി എ സര്‍ക്കാരിന്റെ കാലത്തു തന്നെ ഇന്റലിജന്‍സ് ബ്യൂറോ അക്കമിട്ടു നിരത്തിയത് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചിരുന്നു. വിഴിഞ്ഞത്തു നടക്കുന്ന സമരത്തിനു പിന്നില്‍ പുറത്തു നിന്നുള്ളവരാണ് എന്ന് തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞതും ശ്രദ്ധേയമാണ്. കുറെക്കാലം മുമ്പ് കരിമണല്‍ ഖനനത്തിന് ഏതിരെ നടന്ന ആലപ്പാട്ട് സമരവും ഇങ്ങനെയായിരുന്നു.

 

ഏതാനും ഫ്‌ലാഷ്ബാക്കുകള്‍

 

രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനും അവരുടെ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി ശ്രദ്ധിക്കുക:

 

കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് 'ആര്‍ച്ച് ബിഷപ്പിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന ആക്രമണങ്ങളില്‍ പലതും വര്‍ഗീയമായ ആക്രമണമല്ല. വ്യക്തിപരമായ തര്‍ക്കങ്ങള്‍ പോലും വര്‍ഗീയ സംഘര്‍ഷമായാണ് ഹര്‍ജിയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. വിദേശ ശക്തികള്‍ക്ക് ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ അവസരം ഒരുക്കുന്നതിനും, വിദേശസഹായം നേടാനുമാകാം ഹര്‍ജി'യെന്നും കേന്ദ്രം സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു.

 

ഇനി ,മറ്റൊരു സംഭവത്തിലേക്ക് പോകാം: തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ വേദാന്ത കമ്പനിയുടെ ടലേൃഹശലേ ജഹമി േനെതിരായ സമരം ഓര്‍ക്കുന്നുണ്ടോ? 1994 ല്‍ സ്ഥാപിച്ച കമ്പനിക്കെതിരെ 2018 ല്‍ സമരം ആരംഭിക്കുന്നു. യഥാര്‍ത്ഥത്തില്‍ കലാപം ആയിരുന്നു അത്. രാജ്യത്തിന് ഉണ്ടായ നഷ്ടം 14000 കോടി രൂപയാണ് എന്ന് പറയുന്നു, ഏകദേശം 30000 പേര്‍ക്ക് തൊഴില്‍ നഷ്ടമായി. കോപ്പര്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യക്ക് ഉണ്ടായ നഷ്ടം ചെറുതല്ല. എന്തിന് വേണ്ടിയായിരുന്നു ഈ കലാപം എന്നത് ഇന്നും ചോദ്യ ചിഹ്നമാണ്.

 

ഇതിന് നേതൃത്വം നല്‍കിയത് മുഴുവന്‍ ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ ആയിരുന്നു. കോവിഡ് കാലത്ത് ഈ പ്ലാന്റില്‍ ഓക്‌സിജന്‍ നിര്‍മിക്കാന്‍ സുപ്രീം കോടതി ഉത്തരവ് ഉണ്ടായപ്പോള്‍ പോലും വലിയ ബഹളം ആയിരുന്നു. കോവിഡ് മൂലം രാജ്യം അത്ര പ്രതിസന്ധിയിലൂടെ കടന്ന് പോയ സമയമായിരുന്നു അത് എന്നോര്‍ക്കണം.

 

ഇനി തമിഴ്നാട്ടിലെ തന്നെ തിരുനെല്‍വേലി ജില്ലയിലെ കൂടംകുളത്തെ ആണവ നിലയത്തിന്റെ നിര്‍മാണ സമയത്ത് അവിടെ ഉണ്ടായ കലാപങ്ങള്‍ ഓര്‍ക്കുക. അന്നും കലാപത്തിന് മുന്നില്‍ നിന്നത് വിദേശ സഹായം പറ്റുന്ന ഇതേ ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ ആയിരുന്നു. വായില്‍ കോലിട്ട് കുത്തിയാല്‍ പോലും പ്രതികരിക്കാത്ത സാക്ഷാല്‍ മന്‍മോഹന്‍ സിംഗ് വരെ അന്ന് ഇക്കൂട്ടര്‍ക്കെതിരെ ആഞ്ഞടിച്ചു സംസാരിച്ചത് ഓര്‍ക്കുന്നു.

 

ഇതിലൊക്കെ ഉള്ള ഒരു പൊതുവായ കാര്യം, ഇതെല്ലാം രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ശക്തി നല്‍കുന്ന വന്‍കിട പദ്ധതികള്‍ ആണ് എന്നതാണ്. രാജ്യത്തിന്റെ ഊര്‍ജ ആവശ്യങ്ങളും, തന്ത്രപ്രധാനമായ മറ്റു ആവശ്യങ്ങളും, സമ്പത്തിക വളര്‍ച്ചയും, ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴിലും, അടിസ്ഥാന സൗകര്യ വികസനവും എല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. ഈ പദ്ധതികളൊക്കെ ഒരു സുപ്രഭാതത്തില്‍ തുടങ്ങിയത് അല്ല. രാജ്യത്തെ നിയമം അനുസരിച്ച്, വിവിധ മന്ത്രാലയങ്ങളുടെ ഒക്കെ അനുമതി വാങ്ങി, നിരവധി പഠനങ്ങള്‍ ഒക്കെ നടത്തിയാണ് ഓരോ പദ്ധതിയും നടപ്പിലാക്കുന്നത്.

 

കൃത്യമായി അജണ്ടകള്‍ ആണ് ഈ നീക്കങ്ങള്‍ക്ക് പിന്നില്‍. വിദേശ സഹായം പറ്റുന്ന എന്‍ജിഒകളുടെ അടിവേര് മോഡി സര്‍ക്കാര്‍ ഇളക്കിയതോടെ കുറച്ചുനാള്‍ അടങ്ങിയിരിക്കുക ആയിരുന്നു. ഇപ്പോള്‍ വീണ്ടും മത്സ്യത്തൊഴിലാളികളുടെ പേരില്‍ ഇറങ്ങിയിരിക്കുകയാണ്.

 

വോട്ട് ബാങ്ക് പേടിച്ച് രാഷ്ട്രീയ കക്ഷികള്‍ മിണ്ടാതിരിക്കും, എല്ലിന്‍ കഷ്ണങ്ങള്‍ക്ക് വേണ്ടി എന്ത് തെണ്ടിത്തരത്തിനും കൂട്ട് നില്‍ക്കുന്ന മാധ്യമങ്ങള്‍ ഇതൊക്കെ ആളികത്തിക്കും.

 

വിഴിഞ്ഞം തുറമുഖം വന്നാല്‍ ഇന്ത്യയ്ക്ക് ശ്രീലങ്കയെ ആശ്രയിക്കേണ്ട, വിദേശ കപ്പലുകള്‍ക്കും ശ്രീലങ്ക ചുറ്റാതെ ഇന്ത്യ വഴി പോകാന്‍ സാധിക്കും. അത് സമ്പത്തികമായി ഇന്ത്യക്ക് നേട്ടമുണ്ടാക്കും എന്ന് മാത്രമല്ല ഈ മേഖലയില്‍ ഇന്ത്യക്ക് തന്ത്രപ്രധാനമായ മേല്‍ക്കോയ്മ കിട്ടുകയും ചെയ്യും. വിഴിഞ്ഞം തുറമുഖം ഒരു പക്ഷെ സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടിയും ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും.

 

ഇവരുടെയൊക്കെ 'ആശങ്ക' എന്തിനെ കുറിച്ചാണ് എന്ന് മനസിലായില്ലേ. എറണാകുളത്തെയും, ആലപ്പുഴയിലെയും മത്സ്യതൊഴിലാളികളും, സഭാ വിശ്വാസികളും വരെ വിഴിഞ്ഞം തുറമുഖത്തിനെതിരെ അണിചേരണം എന്ന് ആഹ്വനം ഉയരണം എങ്കില്‍ ഏത് ലെവലില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് നാം മനസിലാക്കണം.

 

വിഴിഞ്ഞം ഇന്ത്യയുടേതാണ്. കേരളത്തിനല്ല, ഇന്ത്യയ്ക്കാണ് നഷ്ടം. വേദാന്ത കമ്പനി ഇല്ലാതായതിന്റെ നഷ്ടവും ഇന്ത്യക്കായിരുന്നു. കൂടംകുളം പദ്ധതി വൈകിപ്പിച്ചപ്പോഴും നഷ്ടം ഇന്ത്യക്ക് ആയിരുന്നു.

 

നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും മനസിലാക്കുന്നതും ഒന്നുമല്ല നമുക്ക് ചുറ്റും നടക്കുന്നത്. നമ്മുടെ ചിന്തകളെ പോലും അവര്‍ വിലയ്ക്ക് എടുത്തിരിക്കുകയാണ്. അതീവ ജാഗ്രതയോടെ ഇരുന്നാല്‍ മാത്രമേ പൊതുസമൂഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയൂ. ഇല്ലെങ്കില്‍ നമ്മുടെ ജനതയെ കൊണ്ട് തന്നെ ഇവര്‍ ഈ നാട് കലാപഭൂമിയാക്കും എന്നുറപ്പ്.