Sunday 11 June 2023




ട്രെയിനിലെ അശുഭയാത്ര

By Greeshma Rakesh.13 Apr, 2023

imran-azhar

ഗ്രീഷ്മ രാകേഷ്

 

 


യാത്രക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷിത യാത്ര വാഗ്ദാനം ചെയ്യുന്ന ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്ത് ദിനംപ്രതി ഏകദ്ദേശം ഒരു കോടിയിലധികം പേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നു എന്നാണ് കണക്ക്. അതില്‍ തന്നെ 30 ശതമാനത്തോളം സ്ത്രീകളാണ്. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ ആരംഭകാലം മുതല്‍ക്കേ സ്ത്രീകളുടെ സുരക്ഷ ഒരു ചോദ്യചിഹ്നമായിരുന്നു. കാലാനുസൃതമായി നിയമങ്ങളും പരിരക്ഷാനിര്‍ദ്ദേശങ്ങളും ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്ക് ഒരു കുറവും വന്നിട്ടില്ല.

 

മാത്രമല്ല എല്ലാവര്‍ക്കും ശുഭയാത്ര നേരുന്ന റെയില്‍വേ പലപ്പോഴും സ്ത്രീകള്‍ക്ക് നല്‍കുന്നത് അശുഭയാത്രയാണ്.പൊതുവെ സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍
കേരളം മുന്നിലാണെന്നൊരു ധാരണ ഉണ്ടെങ്കിലും ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഇത് ലഭ്യമാകുന്നില്ല.സ്ത്രീകള്‍ക്കായി പ്രത്യേക കംപാര്‍ട്ട്‌മെന്റുകള്‍ ഉണ്ടെങ്കില്‍പ്പോലും കൃത്യമായസുരക്ഷ ലഭിക്കാറില്ല.

 

രാത്രിസമയങ്ങളില്‍ യാത്ര ചെയ്യുന്ന ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകളാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെടാറുള്ളത്.എന്നാല്‍ ഇത് തടയാന്‍ ഫലപ്രഥമായ യാതൊരുവിധ നടപടികളും സ്വീകരിച്ചുകാണില്ല.തിരക്കുള്ള തീവണ്ടികളില്‍ സ്ത്രീകളെ അനാവശ്യമായി സ്പര്‍ശിക്കുക ,മറ്റ് ശാരീരിക, മാനസിക ആക്രമണം എന്നിവയാണ് കൂടുതലായി നടക്കാറുള്ളത്.തിരക്ക് അധികരിക്കുമ്പോള്‍ ട്രെയിനിന്റെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ യാത്രചെയ്യുന്ന സ്ത്രീകളുടെ എണ്ണം ചെറുതല്ലെന്നും അവിടെനിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നതെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

2011 ഫെബ്രുവരി ഒന്നിനാണ് കേരള ജനതയെ ഞെട്ടിച്ചുകൊണ്ട് ട്രെയിന്‍ യാത്രയ്ക്കിടെ ഇരുപത്തിരണ്ടുകാരിയായിരുന്ന സൗമ്യ ക്രൂരമായി ആക്രമിക്കപ്പെടുന്നത്.എറണാകുളത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് വന്ന പാസഞ്ചര്‍ ട്രെയിനിന്റെ വനിതാ കംപാര്‍ട്‌മെന്റില്‍ അതിക്രമിച്ച് കടന്നാണ് ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചത്. ഇയാള്‍ സൗമ്യയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിന് വിധേയമാക്കി. വീഴ്ചയിലും അതിക്രമത്തിലുമുണ്ടായ ആഘാതമാണ് സൗമ്യയുടെ മരണകാരണം.

 

കേസില്‍ വിചാരണക്കോടതിയുടെ വധശിക്ഷ ഹൈക്കോടതിയും ശരിവെച്ചെങ്കിലും ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തു. ഈ സംഭവത്തിനു ശേഷം സ്ത്രീസുരക്ഷക്കായി പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും കാര്യക്ഷമമായി നടപ്പിലാകുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടുന്നില്ല. ട്രെയിനുകളിലും സ്റ്റേഷനുകളിലും പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെങ്കിലും രാത്രി സമയങ്ങളില്‍ ഉള്‍പ്പെടെ ട്രെയിനില്‍ ഇവര്‍ ഉണ്ടാകാറില്ലെന്നാണ് സ്ഥിരം യാത്രച്ചെയ്യുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ പരാതിപ്പെടുന്നത്. യാത്രയ്ക്കിടയില്‍ ഫോണിന് റെയ്ഞ്ച് ലഭിക്കാത്തതും സ്ത്രീ സുരക്ഷക്ക് വെല്ലുവിളിയാണ്.

 


ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ റെയില്‍വേ മന്ത്രാലയം വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും കാര്യക്ഷമമായി നടക്കുന്നില്ല എന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. അലര്‍ട്ട് ബട്ടണ്‍ സംവിധാനം എല്ലാ ട്രെയിനുകളിലും വേണം. ഇനിയും ഇത്തരം അലസത തുടര്‍ന്നാല്‍ സ്ത്രീകള്‍ക്കുള്ള ഭീഷണി അവസാനിക്കില്ല.