Kaumudi Plus

വിശ്വവേദിയിൽ പന്തുതട്ടാൻ കണ്ണൂരുകാരന്‍ തഹ്‌സീന്‍ മുഹമ്മദ്

വിശ്വവേദിയിൽ പന്തുതട്ടാൻ  കണ്ണൂരുകാരന്‍ തഹ്‌സീന്‍ മുഹമ്മദ്
X

ന്യൂഡൽഹി: വരാനിരിക്കുന്ന ഫുട്‌ബോൾ ലോകകപ്പിൽ ഖത്തർ ടീമിൽ കേരളത്തിൽ നിന്ന് മലയാളി താരമായ തഹ്‌സീൻ മുഹമ്മദ് മാറ്റുരയ്ക്കും .

ഒരു മലയാളി താരത്തിന്റെ ലോകകപ്പ് അരങ്ങേറ്റം കാണാൻ കാത്തിരിക്കുകയാണ് കേരളം. അമേരിക്കൻ ലോകകപ്പിൽ ഖത്തറിന് വേണ്ടി കണ്ണൂർ തലശ്ശേരി സ്വദേശി തഹ്‌സീൻ കളിക്കാനിറങ്ങും . ലോകകപ്പ് സംഘത്തിൽ ഉൾപ്പെടുന്ന ആദ്യ മലയാളിയെന്ന റെക്കോർഡാണ് ഇതോടെ തഹ്സീൻ മുഹമ്മദ് സ്വന്തമാക്കിയത്.കണ്ണൂർ സ്വദേശി ജംഷീദിന്റെയും ഷൈമയുടെയും മകനാണ് 19-കാരനായ തഹ്സീൻ മുഹമ്മദ്. ഖത്തർ ലീഗിൽ അൽ ദുഹൈൽ താരമാണ് അദ്ദേഹം. തഹ്സീൻ മുഹമ്മദ് ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണ്. ചെറുപ്രായത്തിൽ തന്നെ ഖത്തർ യൂത്ത് ടീമുകളിൽ തഹ്‌സിൻ കളിച്ചിരുന്നു. ഖത്തർ ദേശീയ ടീമിനായി അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലും തഹ്സിൻ മുഹമ്മദ് കളിച്ചിട്ടുണ്ട്.

1996ലാണ് കുടുംബം ഖത്തറിലേക്ക് കുടിയേറിയത്. അവിടെയാണ് തഹ്‌സിൻ ജനിച്ചതും തന്റെ ഫുട്‌ബോൾ യാത്രയ്ക്ക് തുടക്കം കുറിച്ചതും. ദോഹയിൽ വളർന്ന തഹ്‌സിന് ആ രാജ്യവുമായി എന്നും ആഴത്തിലുള്ളൊരു ആത്മബന്ധമുണ്ട്. ഖത്തർ പൗരത്വമുള്ള തഹ്‌സിൻ ഏറെ അഭിമാനത്തോടെയാണ് ഖത്തറിനെ തന്റെ സ്വന്തം രാജ്യമെന്ന് വിശേഷിപ്പിക്കുന്നത്. ഖത്തറിലെ മികച്ച കളിക്കാരെ വാർത്തെടുക്കുന്നതിൽ പേരുകേട്ട പ്രശസ്തമായ 'ആസ്പയർ ഫുട്‌ബോൾ അക്കാദമി'യിലാണ് തഹ്‌സിൻ പരിശീലനം നേടിയത്. പണ്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് കളിച്ചിട്ടുള്ള, മികച്ചൊരു ഫുട്‌ബോൾ കളിക്കാരൻ കൂടിയായ പിതാവാണ് തഹ്‌സിന്റെ ഏറ്റവും വലിയ പ്രചോദനങ്ങളിലൊരാൾ.പ്രധാനമായും ലെഫ്റ്റ് വിങ്ങിൽ (ഇടത് വശത്ത്) കളിക്കാൻ ഇഷ്ടപ്പെടുന്ന, പന്തുമായി എതിരാളികളെ വെട്ടിയൊഴിഞ്ഞു പോകുന്നതിൽ അതീവ മിടുക്കനായ ഒരു വിങ്ങറാണ് തഹ്‌സിൻ. പ്രതിരോധക്കാരെ മറികടന്ന് മുന്നേറാനും ഗോളവസരങ്ങൾ സൃഷ്ടിക്കാനുമുള്ള തഹ്‌സിന്റെ കഴിവും വേഗതയും, വരും വർഷങ്ങളിൽ ഫുട്‌ബോൾ ലോകം ഏറെ ശ്രദ്ധയോടെ നോക്കിക്കാണുന്ന ഒരു കളിക്കാരനായി അദ്ദേഹത്തെ മാറ്റുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Next Story
Share it