Kaumudi Plus

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു ;കായിക ലോകത്തിന് കനത്ത നഷ്ടം

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു ;കായിക ലോകത്തിന് കനത്ത നഷ്ടം
X

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും മനു ഭാക്കറിന്റെ പരിശീലകനുമായ ജസ്പാൽ റാണ (49) അന്തരിച്ചു.വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ വ്യാഴാഴ്ച രാത്രി അദ്ദേഹത്തിനു ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെയായി അത്‌ലറ്റായും കോച്ചായും ഇന്ത്യൻ ഷൂട്ടിങ് മേഖലയ്ക്ക് കനപ്പെട്ട സംഭാവന നൽകിയ ജസ്പാൽ റാണയുടെ അകാലത്തിലുള്ള വിയോ​ഗം ഇന്ത്യൻ കായിക രം​ഗത്തിനു കനത്ത നഷ്ടമാണ്. കായിക രംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി രാജ്യം അദ്ദേഹത്തെ അർജുന അവാർഡും പദ്മശ്രീയും നൽകി ആദരിച്ചിട്ടുണ്ട്. 2020ൽ മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാർഡും നൽകി രാജ്യം ആദരിച്ചു.

ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ അദ്ദേഹത്തെ സാകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് ആൻജിയോപ്ലാസ്റ്റി വഴി സ്റ്റെണ്ട് സ്ഥാപിക്കുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കലികേഷ് നാരായൺ സിങ് ഡിയോ ആണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത സ്ഥിരീകരിച്ചത്.1990കളിൽ അന്താരാഷ്ട്ര ഷൂട്ടിങ് രംഗത്ത് ഇന്ത്യയുടെ കരുത്തായി മാറിയ റാണ, രാജ്യത്ത് ഈ കായിക വിനോദത്തെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരങ്ങളിൽ ഒരാളാണ്. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാംപ്യൻഷിപ്പ് എന്നിവയിൽ നിരവധി മെഡലുകൾ സ്വന്തമാക്കി.

പിസ്റ്റൾ വിഭാ​ഗത്തിലാണ് ജസ്പാൽ റാണയുടെ നേട്ടങ്ങൾ അത്രയും. 2006 ദോഹ ഏഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണ മെഡലുകൾ നേടിയ അദ്ദേഹം, 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ 590 പോയിന്റോടെ ലോക റെക്കോർഡിനൊപ്പമെത്തി. ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമായി നാല് സ്വർണം, 2 വീതം വെള്ളി, വെങ്കലം മെഡലുകൾ. കോമൺവെൽത്ത് ഗെയിംസിൽ 9 സ്വർണം, 4 വെള്ളി, 2 വെങ്കലം മെഡലുകൾ. ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഒരു സ്വർണവും ഒരു വെങ്കലവും നേട്ടം.മത്സര രം​ഗത്തു നിന്നു വിരമിച്ച ശേഷം 2012 മുതൽ അദ്ദേഹം പരിശീലകനായി രം​ഗത്തുണ്ട്. ജൂനിയർ പിസ്റ്റൾ പ്രോഗ്രാമിന്റെ ചുമതലയേറ്റെടുത്താണ് കോച്ചിങിലേക്കുള്ള വരവ്. ഇന്ത്യയ്ക്കായി ഒരുപിടി മികച്ച യുവ ഷൂട്ടർമാരെ വാർത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.

റാണയുടെ കോച്ചിങ് കരിയറിലെ ഏറ്റവും തിളക്കമാർന്ന അധ്യായം ഒളിംപ്യൻ മനു ഭാക്കറുമായുള്ള കൂട്ടുകെട്ടാണ്. അദ്ദേഹത്തിന്റെ പരിശീലന തന്ത്രങ്ങളുടെ മികവിലാണ് 2024ലെ പാരിസ് ഒളിംപിക്സിൽ രണ്ട് വെങ്കല മെഡലുകൾ നേടി ചരിത്രം കുറിക്കാൻ മനു ഭാക്കറെ പ്രാപ്തയാക്കിയത്. സൗരഭ് ചൗധരി, അനീഷ് ഭൻവാല, ചിങ്കി യാദവ് തുടങ്ങിയ അന്താരാഷ്ട്ര തലത്തിൽ തിളങ്ങിയ നിരവധി താരങ്ങൾ അദ്ദേഹത്തിന്റെ കീഴിൽ വളർന്നവരാണ്.

2025 ഫെബ്രുവരിയിൽ നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ അദ്ദേഹത്തെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിന്റെ ഹൈ- പെർഫോമൻസ് കോച്ചായി നിയമിച്ചിരുന്നു. മരണം വരെ അദ്ദേഹം ഈ പദവിയിൽ സജീവമായി തുടർന്നു.

Next Story
Share it