Thursday 13 May 2021
സമൂഹ മാധ്യമം എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് അവരുടെ "റീച്ച്" കൂട്ടുന്നു, വിസിബിലിറ്റി കൂട്ടുന്നു, മെഗാസ്റ്റാർ ആകുന്നു; എന്നാൽ പെട്ടന്ന് തന്നെ നിങ്ങൾ വെറുക്കപ്പെട്ട ആളായാലോ?

By Aswany Bhumi.16 Mar, 2021

imran-azhar 

 

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ മുന്നേ മുരളി തുമ്മാരക്കുടി തന്റെ ഫേസ്ബുക് പേജിൽ ഒരു കുറിപ്പ് എഴുതി. ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ. സോഷ്യൽ മീഡിയ വളർന്നുകൊണ്ടിരിക്കുന്ന കാലമാണിത്.

 

വിരൽത്തുമ്പിൽ ഇന്നത്തെ യുവത്വത്തിന് ലോകം തന്നെ മാറ്റിമറിക്കാൻ തക്ക ഫീച്ചറുകൾ ഉള്ള സോഷ്യൽ മീഡിയ. കണ്ണും തുറക്കുന്നതിനു മുന്നേ ഫാൻസും, ഫോളോവെഴ്‌സും കൂടുന്നു. സെലിബ്രിറ്റി ആകുന്നു. എന്നാൽ ഇവക്കെല്ലാം ഒരു പിന്നാമ്പുറം ഉണ്ട് . അതിനെ പറ്റി മുരളി പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ ശ്രേദ്ധേയമായി കൊണ്ടിരിക്കുകയാണ്.

 


സോഷ്യൽ മീഡിയ സംസ്കാരത്തെ കുറിച്ച് മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

 

മുരളി തുമ്മാരുകുടി ഫേസ്ബുക് പോസ്റ്റിൻറെ പൂർണ രൂപം:

 

ചവിട്ടി കൂട്ടുന്ന സംസ്കാരം.

 


"മുരളി ചേട്ടാ, യു ടൂബേഴ്സിന് ഇപ്പോൾ ഐ ഐ ടി ഗ്രാഡുവേറ്റുകളേക്കാൾ ശമ്പളം ഉണ്ട്"
സംഗതി സത്യമാണ്. സമൂഹ മാധ്യമങ്ങൾ തൊഴിൽ രംഗത്തെ ഏറെ മാറ്റിയിട്ടുണ്ട്.

 

ലോകത്തിന്റെ ഏതൊരു കോണിൽ ഇരിക്കുമ്പോഴും ഏതെങ്കിലും രംഗത്ത് ഒരാൾക്ക് അറിവും കഴിവും ഉണ്ടെങ്കിൽ അത് ഒരു ചിലവുമില്ലാതെ ലോകത്തെ മുഴുവൻ കാണിക്കാനും അങ്ങനെ ജനങ്ങളുടെ അംഗീകാരം നേടാനും വേണമെങ്കിൽ/വേണ്ടപ്പോൾ അതിനെ ഒരു വരുമാന മാർഗ്ഗം ആക്കി മാറ്റാനും സമൂഹ മാധ്യമങ്ങൾ സഹായിക്കുന്നുണ്ട്.

 


യൂട്യൂബർമാരുടെ മാത്രം കാര്യമല്ല ഇത്. ചെറുതായി ചീര കൃഷി നടത്തുന്ന കർഷകൻ മുതൽ അമേരിക്കൻ പ്രസിഡന്റ് വരെയുള്ള ആളുകൾ സമൂഹ മാധ്യമം എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് അവരുടെ "റീച്ച്" കൂട്ടുന്നു, വിസിബിലിറ്റി കൂട്ടുന്നു, ഫോളോവേഴ്സിനെ ഉണ്ടാക്കുന്നു. സാധാരണ ഗതിയിൽ ശ്രദ്ധിക്കപ്പെടാതിരുന്നവർ പോലും ഒറ്റയടിക്ക് സെലിബ്രിറ്റി ആകുന്നു, സ്റ്റാറുകൾ മെഗാ സ്റ്റാറുകൾ ആകുന്നു.
നല്ല കാര്യമാണ്.

 


പക്ഷെ ഒരു കുഴപ്പമുണ്ട്.


വെറുതെയിരുന്ന നിങ്ങളെ ആകാശത്തോളം ഉയർത്തിയ ഇതേ മാധ്യമം തന്നെ ഒരു ദിവസത്തിനകം നിങ്ങളെ നിലത്തിട്ട് ചവിട്ടി മെതിച്ചു കളയും.
നിങ്ങൾ അസ്ഥാനത്ത് പറഞ്ഞ ഒരു വാക്ക്, എഴുതിയ ഒരു പോസ്റ്റ്, ഒരു ചിത്രം, ഒരു കമന്റ്, ഒരു ലൈക്ക് എന്തുമാകാം ഇതിന് കാരണം.

 


നിങ്ങളുടെ പൊതുജീവിതത്തിലോ സമൂഹ മാധ്യമത്തിലെ ജീവിതത്തിലോ വ്യക്തി ജീവിതത്തിലോ സംഭവിച്ച ഒന്നാകാം. നിങ്ങൾ തന്നെ പറഞ്ഞതോ പങ്കു വച്ചതോ ആകാം, നിങ്ങൾ പറഞ്ഞിട്ടോ പറഞ്ഞു എന്ന പേരിലോ മറ്റുളളവർ പറഞ്ഞതോ പങ്കുവച്ചതോ ആകാം. എന്തിന് സത്യമോ, സത്യാനന്തരമോ ആകാം.

 


എന്താണെങ്കിലും സോഷ്യൽ മീഡിയയിൽ നിങ്ങളെ പറ്റി വന്ന എന്തോ ഒന്ന്. അത് സാധാരണ ജീവിതത്തിലോ സംസാരത്തിലോ നിസ്സാരമായി കടന്നു പോകാമായിരുന്ന ഒന്ന്, കൂടി വന്നാൽ ഒരു തിരുത്തിൽ, ഒരു മാപ്പു പറച്ചിലിൽ തീരാവുന്ന ഒന്ന്.

 


സമൂഹ മാധ്യമത്തിൽ അത് മതി നിങ്ങൾ ആളുകൾക്ക് മൊത്തം അനഭിമതൻ ആകാൻ.
ആ സമയത്ത് നിങ്ങളുടെ പ്രൊഫഷണൽ ആയുള്ള കഴിവുകൾ, നിങ്ങളുടെ വ്യക്തിപരമായ സ്വഭാവ വിശേഷങ്ങൾ, നിങ്ങളുടെ ട്രാക്ക് റെക്കോർഡ് ഒന്നും വിഷയമല്ല.
ഒരാൾ കള്ളനെന്ന് വിളിക്കുന്നു, മറ്റുള്ളവർ ചുറ്റും കൂടി തല്ലിക്കൊല്ലുന്നു.

 

നിങ്ങൾ കള്ളനായിരുന്നോ എന്നതോ ഈ തല്ലാൻ കൂടുന്നവർ നല്ലവരായിരുന്നോ എന്നതൊന്നും പ്രസക്തമല്ല. ഒന്ന് കണ്ണടച്ച് തുറക്കുന്നതിന് മുൻപ് സോഷ്യൽ മീഡിയ ഡാർലിംഗ് ആയിരുന്ന ആൾ വെറുക്കപ്പെട്ട ആളായി.

 

സോഷ്യൽ മീഡിയയിൽ നിങ്ങളെ മൊത്തമായി ആളുകൾ അൺ ഫോളോ ചെയ്യുന്നു, ബ്ലോക്ക് ചെയ്യുന്നു, വിമർശിക്കുന്നു. പലപ്പോഴും അത് പിന്നെ മാധ്യമങ്ങളിലേക്ക് പടരുന്നു, ചിലപ്പോഴെങ്കിലും തെരുവിലേക്കും, പലപ്പോഴും നിങ്ങളുടെ വീട്ടു മുറ്റത്തേക്കും ഇത്തരം പ്രതിഷേധങ്ങൾ എത്തുന്നു.

 


അമേരിക്കയിൽ ഇപ്പോൾ ഇതിന് "ക്യാൻസൽ കൾച്ചർ" (cancel culture) എന്നാണ് ഇതിന്റെ പേര്. എന്തെങ്കിലും ഒറ്റ വാക്കിന്റെ/പരാമർശത്തിന്റെ/പെരുമാറ്റത്തിന്റെ പുറത്ത് ഒരു വ്യക്തിയെ സാമൂഹികമായി ഒറ്റപ്പെടുത്തുന്ന, ഉന്മൂലനം ചെയ്യുന്ന പരിപാടിയാണിത്.

 


"മാളിക മുകളേന്തിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ"
എന്ന് പൂന്താനം പാടിയത് ക്യാൻസൽ കൾച്ചർ മുൻകൂട്ടി കണ്ടിട്ടാകണം.

 


എന്തെങ്കിലും കാര്യത്തിൽ അഭിപ്രായം പറയുമ്പോൾ "ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ റോഡ് റോളർ താമരശ്ശേരി ചുരത്തിന്റെ താഴേക്ക് ചാടുമെന്ന്" പേടി പറ്റിയാൽ പിന്നെ ആളുകൾ അഭിപ്രായം പറയാൻ മടിക്കും.

 


സ്വന്തമായി ഏറെ തെറ്റുകുറ്റങ്ങൾ ഉണ്ടാകുമ്പോഴും മറ്റുള്ളവരുടെ മേൽ ജഡ്ജ്‌മെന്റൽ ആവുകയും അതൊരു ആൾക്കൂട്ട മാഫിയ പോലെ ആളിക്കത്തിക്കാൻ പരസ്പരം സഹായിച്ച് പൊതുബോധത്തിനെതിരെ നിൽക്കുന്നവരെ സാമൂഹ്യമായി ഉന്മൂലനം ചെയ്യുന്നതുമായ നടപടികൾ സാധാരണമാകുകയും അംഗീകരിക്കപ്പെടുകയും ചെയ്യുമ്പോൾ മറ്റുള്ളവരെ നിരന്തരം "ജഡ്ജ്" ചെയ്യുന്നത് അംഗീകരിക്കപ്പെടുന്ന ഒരു സാമൂഹ്യ രീതിയായി മാറുന്നു.

 


ഇത് സ്വതന്ത്ര ചിന്തയും ജനാധിപത്യവും നില നിന്ന് പോകണം എന്ന് ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന് നല്ലതല്ല. പൊതുബോധത്തിനപ്പുറം എന്തെങ്കിലും പറഞ്ഞാൽ സ്വന്തം നിലനിൽപ്പ് അപകടത്തിലാകുമെന്ന് കണ്ടാൽ ആരാണ് അത് ചെയ്യാൻ പോകുന്നത്.

 


മുൻ അമേരിക്കൻ പ്രസിഡന്റ് ആയ ബരാക്ക് ഒബാമ ഈ വിഷയത്തെ പറ്റി സംസാരിച്ചതോടെയാണ് അമേരിക്കയിൽ ഇത് വ്യാപകമായി ചർച്ചാ വിഷയമത്. എല്ലാ ആളുകൾക്കും എന്തെങ്കിലുമൊക്കെ കുറവുകൾ ഉണ്ടാകാമെന്നും മറ്റുള്ളവരെ പറ്റി പരമാവധി ജഡ്ജ്മെന്റൽ ആകുന്ന പരിപാടി അത്ര നല്ലതല്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.

 


"I get a sense among certain young people on social media that the way of making change is to be as judgemental as possible about other people," Mr Obama said.
"The world is messy. There are ambiguities. People who do really good stuff have flaws."

 


ക്യാൻസൽ കൾച്ചർ വ്യക്തികളെ മാത്രമല്ല പ്രസ്ഥാനങ്ങളെയും ബാധിക്കും. ശരിയോ തെറ്റോ ആയ ആരോപണം നേരിട്ടാൽ ഒറ്റ ദിവസം കൊണ്ട് ലക്ഷക്കണക്കിന് കൺസ്യൂമേഴ്‌സ് ഇല്ലാതാകാം, ദശ ലക്ഷങ്ങളുടെ പൊങ്കാല കൊണ്ട് പ്രസ്ഥാനങ്ങൾ പൂട്ടിപ്പോകാം.

 


ഫേസ്ബുക്ക് ലോകത്തെ ഒറ്റ നൂലിൽ കോർക്കുകയും വാട്ട്സാപ്പ് ലോകത്തെവിടെയും ഉള്ള ആളുകളുമായി സംവദിക്കുന്നത് എളുപ്പവും ചിലവില്ലാതാക്കുകയും ചെയ്തതിന്റെ ഒരു പ്രത്യാഘാതം മറ്റു നാടുകളിൽ സംഭവിക്കുന്നത് നിമിഷാർത്ഥം കൊണ്ട് കേരളത്തിലും എത്തുന്നു എന്നതാണ്.

 


ക്യാൻസൽ കൾച്ചർ ഇപ്പോൾ തന്നെ നമുക്ക് ചുറ്റുമുണ്ട്. വീടിൻ്റെ പിന്നാമ്പുറത്തോ റെയിൽവേ പ്ലാറ്റഫോമിലോ ഇരുന്നു പാടിയവരെ പ്രശസ്തരായ പിന്നണി ഗായികമാർ ആക്കിയ സമൂഹ മാധ്യമം ആളുകളുടെ ജോലികൾ കളഞ്ഞിട്ടുണ്ട്, ബിസിനസ്സ് പൊട്ടിച്ചിട്ടുണ്ട്, ജീവിതങ്ങൾ തകർത്തിട്ടുണ്ട്.

 


ക്യാൻസൽ കൽച്ചറിനെ പറ്റി അമേരിക്കയിൽ ചർച്ചകൾ എങ്കിലും നടക്കുന്നുണ്ട്. ചവിട്ടി കൂട്ടുന്ന സമൂഹ മാധ്യമ സംസ്കാരത്തെ പറ്റി നമ്മളും ചർച്ച ചെയ്യേണ്ട കാലമായി.