By santhisenanhs.20 Apr, 2022
ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത് മലയാളത്തിന്‍റെ പ്രിയ താരം ഐശ്വര്യലക്ഷ്മി പങ്കുവച്ച ചിത്രങ്ങളാണ്. ഹിമാചല്‍പ്രദേശിലെ മണാലിയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
കമ്പിളിത്തൊപ്പിയണിഞ്ഞു, മഞ്ഞണിഞ്ഞ ഹിമാലയന്‍ മലനിരകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് ഐശ്വര്യലക്ഷ്മി പോസ്റ്റ് ചെയ്തിട്ടുള്ളത്. ഞാന്‍ ഒരു പാണ്ടയായിരുന്നെങ്കില്‍ എന്നാണ് ഐശ്വര്യലക്ഷ്മി ഈ ചിത്രത്തിന് അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്.
യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന നടി വീണുകിട്ടുന്ന അവസരങ്ങളില്‍ യാത്രകൾ നടത്താറുണ്ട്. മണാലിയിലുള്ള പതല്‍സു കൊടുമുടി പ്രദേശത്ത് നിന്നുമാണ് താരം ചിത്രം എടുത്തിരിക്കുന്നത്.
ട്രെക്കിങ് പ്രേമികളുടെയും പർവതാരോഹകരുടെയുമെല്ലാം പ്രിയപ്പെട്ട ഇടമാണ് മണാലി. ഫ്രണ്ട്ഷിപ്പ് പീക്ക്, ഷിതിധാർ, ലഡാക്കി, ഹനുമാൻ ടിബ്ബ തുടങ്ങി നിരവധി കൊടുമുടികൾ ഇവിടെയുണ്ട്. ഇവയില്‍പ്പെടുന്ന മറ്റൊരു ട്രെക്കാണ് പതൽസു കൊടുമുടിയിലേക്കുള്ളത്.
മറ്റുള്ള ട്രെക്കിങ് റൂട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അധികം ബുദ്ധിമുട്ടുള്ള ഒരു ട്രെക്കിങ് അല്ല പതൽസു. തുടക്കക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ട്രെക്കിങ് പൂര്‍ത്തിയാക്കാം. സോലാങ്ങിൽ നിന്നുമാണ് ട്രെക്കിങ് ആരംഭിക്കുന്നത്. തുടര്‍ന്ന്, പുല്‍മേടുകളും ആല്‍പൈന്‍ വനങ്ങളും നിറഞ്ഞ പാതയിലൂടെയുള്ള നടത്തമാണ്. ഏറ്റവും മുകളില്‍ എത്തിയാല്‍ മുഴുവൻ കുളു താഴ്‌വരയുടെയും ഹനുമാൻ ടിബ്ബയുടെയും ഫ്രണ്ട്‌ഷിപ്പ് കൊടുമുടിയുടെയുമെല്ലാം കാഴ്ചകള്‍ കാണാം.
ട്രെക്കിങ് സോളാങ് താഴ്‌വരയിൽ, 7,914 അടി ഉയരത്തിൽ നിന്ന് ആരംഭിച്ച് പതൽസു കൊടുമുടിയിലെ ഏറ്റവും ഉയർന്ന പോയിന്റായ 13,944 അടിയിൽ എത്തുന്നു. മൂന്നുദിവസമാണ് ട്രെക്കിങ്ങിന് എടുക്കുന്ന സമയം. നെറ്റ്‌വർക്ക് കണക്റ്റിവിറ്റി തീരെയില്ലാത്ത ഭാഗത്ത് കൂടിയാണ് യാത്ര.
ഈ യാത്രയില്‍ത്തന്നെ സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയുന്ന മറ്റു സ്ഥലങ്ങളാണ് ഹിഡുംബി ക്ഷേത്രവും നഗ്ഗര്‍, ഗുലാബ എന്നിവയും. പാണ്ഡവ സഹോദരനായിരുന്ന ഭീമന്‍റെ ഭാര്യയായിരുന്നു ഹിഡുംബി. മണാലിയില്‍ ഹിഡുംബി ഒരു ദേവതയായി ആരാധിക്കപ്പെടുന്നു. മണാലിയുടെ മധ്യഭാഗത്തുള്ള ഈ തടികൊണ്ടുള്ള ക്ഷേത്രം 400 വർഷത്തോളം പഴക്കമുള്ളതാണ്.
ഒരു കാലത്ത് കുളുവിന്‍റെ തലസ്ഥാനമായിരുന്നു നഗ്ഗര്‍. നഗ്ഗർ കാസില്‍, റോറിച്ച് മ്യൂസിയം തുടങ്ങിയ പ്രധാന കാഴ്ചകള്‍ക്ക് പുറമെ നഗ്ഗറിൽ സവിശേഷമായ നിരവധി ക്ഷേത്രങ്ങളുണ്ട്. റോഹ്താങ്ങിലേക്കുള്ള വഴിയിലുള്ള ഒരു കുഗ്രാമമാണ് ഗുലാബ. ഭൃഗു തടാക യാത്രയുടെ ബേസ് ക്യാംപാണ് ഇവിടം. ശൈത്യകാലമാകുമ്പോള്‍ ഇവിടം സ്കീയിങ് നടത്താനായി എത്തുന്ന സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കും.