Friday 29 September 2023




വിയറ്റ്‌നാം കാഴ്ചകള്‍! ഹാന്‍കീം തടാകതീരം; നിശാജീവിതം; ആഘോഷത്തെരുവുകള്‍; രുചിഭേദങ്ങള്‍...

By RK.02 Mar, 2022

imran-azhar



ഹാരിസ് ടി എം

 

ഓള്‍ഡ് ക്വാര്‍ട്ടര്‍ ആണ് വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിയുടെ ആത്മാവ്. 1010ല്‍ ലീ തായ് തോ രാജാവാണ് ഇതുള്‍പ്പെടുന്ന താങ് ലോങ്ങ് എന്ന സ്ഥലം രാജ്യത്തിന്റെ തലസ്ഥാനമാക്കിയതത്രെ. പതിനഞ്ചാം നൂറ്റാണ്ടോടെ ഈ പഴയ തെരുവോരങ്ങള്‍ ജനജീവിതം തുടിച്ചുനില്‍ക്കുന്ന തിരക്കേറിയ പ്രദേശമായി മാറി. അത്രയേറെ വര്‍ഷങ്ങള്‍ പഴക്കമുള്ളനിര്‍മ്മിതികളാണ് അവിടെ ഇപ്പോഴും സംരക്ഷിച്ചുനിര്‍ത്തിയിരിക്കുന്നത്. പഴയതെങ്കിലും വൃത്തിയുള്ള തെരുവുകള്‍.

 

വിയറ്റ്നാമില്‍ പടിപടിയായി വികസിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പഴക്കമേറിയ സ്ഥലമാണ് ഓള്‍ഡ് ക്വാര്‍ട്ടര്‍. ഹാന്‍കീം തടാകത്തിനു ചുറ്റും നാല് ചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന ഈ തെരുവുകളിലൂടെ, കാഴ്ചകള്‍ കണ്ടും പ്രദേശികവിഭവങ്ങള്‍ രുചിച്ചും അലയുകയാണെങ്കില്‍ ഒരു പകലും രാത്രിയും പോരാതെ വരും.

 

 

അതതിടങ്ങളില്‍ വിപണനം ചെയ്യപ്പെടുന്ന വസ്തുക്കളുടെ പേരുകളില്‍ അറിയപ്പെടുന്ന 36 തെരുവുകളാണത്രെ പണ്ടവിടെ രൂപകല്‍പന ചെയ്തിരുന്നത്. എന്നാല്‍, ഇന്ന് അവയുടെ എണ്ണം എഴുപതിലേറെയാണ്. നൂഡില്‍സും അരിമാവു കൊണ്ടുള്ള വിവിധയിനം ഉല്‍പന്നങ്ങളും വില്‍ക്കുന്ന തെരുവാണ് ഫോ ഹാങ് ബണ്‍. ഫോ ഹാങ് മ, കടലാസ് ഉല്‍പന്നങ്ങളും ഫോ ഹാങ് ബക്, വെള്ളികൊണ്ടുള്ള സാധനങ്ങളും വില്‍ക്കുന്ന തെരുവാണ്. സാള്‍ട്ട് സ്ട്രീറ്റ്, ജാം സ്ട്രീറ്റ്, ഷുഗര്‍ സ്ട്രീറ്റ്, സില്‍ക്ക് സ്ട്രീറ്റ്, ബിയര്‍ സ്ട്രീറ്റ്, ഫുഡ് സ്ട്രീറ്റ്... അങ്ങനെ ഒട്ടേറെ ജനനിബിഡമായ തെരുവുകള്‍ ഓള്‍ഡ് ക്വാര്‍ട്ടറിലുണ്ട്. കാലങ്ങളായി എഴുത്തുകാരുടെയും കവികളുടെയും ചിത്രകാരന്‍മാരുടെയുമെല്ലാം രചനകള്‍ക്കുള്ള ഒരു പ്രചോദനം കൂടിയാണ്, ഈ തെരുവോരങ്ങളില്‍ നിറയുന്ന ചടുലമായ മനുഷ്യജീവിതം.

 

ഹാന്‍ കീം തടാകത്തിനു ചുറ്റുമുള്ള ഈ പാതയോരങ്ങളില്‍ തന്നെയാണ് ഹാനോയിലെ നിശാജീവിതവും തളിര്‍ത്തുപൂക്കുന്നത്. നിറയുന്ന ഉത്സവാന്തരീക്ഷത്തില്‍ ആഹ്ളാദചിത്തരായി വര്‍ണ്ണത്തൂവല്‍ പോലെ പാറിനടക്കുന്ന സ്വദേശീയരും വിദേശീയരുമായ സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന ജനാവലി. വെള്ളി, ശനി ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് ആറുമണി മുതല്‍ അര്‍ദ്ധരാത്രി വരെ ഈ തെരുവുകള്‍ ആഘോഷരാവൊരുക്കുന്നു. അന്നേരം ഒരു വാഹനം പോലും അങ്ങോട്ട് കടത്തിവിടുകയില്ല.

 

 

ഹാന്‍ കീം തടാകത്തിനു ചുറ്റുമുള്ള പാതയോരങ്ങളിലൂടെ അലസമായി നടക്കുകയാണ്, ഞങ്ങള്‍. ആവേശത്തിമിര്‍പ്പോടെ കളിവണ്ടികളോടിച്ചു കളിച്ചുരസിച്ചുനടക്കുന്ന കുഞ്ഞുമക്കള്‍, മാതാപിതാക്കള്‍ക്കൊപ്പം കളംവരച്ച് കളിക്കുന്ന മുതിര്‍ന്ന കുട്ടികള്‍, പന്തുകളിക്കുന്ന കുമാരീകുമാരന്‍മാര്‍, ശ്രോതാക്കളെ പ്രതീക്ഷിക്കാതെ തന്നെ, തനിച്ചും കൂട്ടായും ഇരുന്നും നിന്നുമെല്ലാം വാദ്യോപകരണങ്ങള്‍ വായിക്കുകയും പാട്ടുപാടുകയും ചെയ്യുന്ന യുവതീയുവാക്കള്‍, തങ്ങള്‍ക്കു മുന്നില്‍ വന്നിരിക്കുന്ന സന്ദര്‍ശകരുടെ കാരിക്കേച്ചറുകളും പോര്‍ട്രേറ്റുകളും വരയ്ക്കുന്ന ചിത്രകലാപ്രവീണര്‍, ഒഴുകിവരുന്ന സംഗീതധാരയ്ക്കൊപ്പം നൃത്തം ചെയ്യുന്ന ചെറുപ്പക്കാര്‍, തടാകതീരത്തിരുന്ന് ജലമര്‍മ്മരങ്ങളേറ്റ് പ്രണയ പരിലാളനങ്ങളിലാറാടി സ്വയംമറന്നിരിക്കുന്ന കമിതാക്കള്‍...

 

ഇങ്ങനെ അനേകം കാഴ്ചകളാല്‍ വിസ്മയഭരിതമാണ് ഈ തെരുവുകളിലെ രാത്രികള്‍. വൃക്ഷത്തലപ്പുകളില്‍ നിന്ന് പ്രകാശം ചൊരിയുന്ന ദീപാലങ്കാരങ്ങള്‍ക്ക് താഴെ ദേശ-വേഷ-ഭാഷാ വ്യത്യാസങ്ങളെല്ലാം വിസ്മരിച്ച് അനേകായിരം ആളുകള്‍ ഒഴുകിനടക്കുന്ന ഹാനോയിലെ ഈ തെരുവുകള്‍ നമ്മുടെ ഓര്‍മ്മകളില്‍ നിന്ന് അത്രവേഗമൊന്നും മാഞ്ഞുപോവില്ല.

 

പാതയുടെ നടുവില്‍ നീളത്തില്‍ കെട്ടിയുണ്ടാക്കുന്ന, ദീപപ്രഭപരത്തുന്ന ചെറിയ ചെറിയ താല്ക്കാലിക ടെന്റുകളാണ്, വിവിധയിനം സാധനങ്ങള്‍ വില്‍ക്കുന്ന കടകളായി തെരുവില്‍ നിറയുന്നത്. ചിലതാകട്ടെ മേല്‍ക്കൂരയുള്ള ചെറിയ ഉന്തുവണ്ടികളാണ്. ഇവിടെയില്ലാത്തതായി ഒന്നുമില്ലെന്ന് പറയാം. ബാഗുകള്‍, തൊപ്പികള്‍, വാച്ചുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, കുഞ്ഞുടുപ്പുകള്‍, കളിക്കോപ്പുകള്‍ മറ്റു നിത്യോപയോഗ വസ്തുക്കള്‍ എല്ലാമെല്ലാമുണ്ട്.

 

വെട്ടി നുറുക്കിയ, രുചിയേറുന്ന ഫ്രഷായ പഴങ്ങളും പച്ചക്കറികളും ഒരു ചെറിയ കടലാസു കൂടയില്‍ വാങ്ങി രുചിച്ചുനടക്കുന്നവര്‍; അല്ലെങ്കില്‍, കുഞ്ഞുകോലുകളില്‍ കോര്‍ത്ത്, തീയില്‍ വറുത്തെടുത്ത ചെറുകടല്‍മല്‍സ്യങ്ങളുടെ രുചിനുണഞ്ഞ് അലയുന്നവര്‍. കൂട്ടംചേരലിന്റെ ആഹ്ളാദം നുകര്‍ന്ന് ആള്‍ക്കൂട്ടത്തില്‍ സ്വയമലിഞ്ഞ് നടക്കുന്ന മനുഷ്യമഹാസഞ്ചയത്തെ ഞങ്ങളവിടെ കണ്ടു.