Friday 22 September 2023




നേപ്പാള്‍ വരെ പോയി വരാം... കിടിലൻ ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ

By santhisenanhs.05 Oct, 2022

imran-azhar

 

പത്തു ദിവസത്തെ കിടിലൻ യാത്രാപാക്കേജുമായി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ. ഭാരത് നേപ്പാൾ അഷ്ട യാത്ര എന്നാണ് പാക്കേജിന്‍റെ പേര്. അയോധ്യ, പ്രയാഗ്‌രാജ്, വാരണാസി തുടങ്ങിയ സ്ഥലങ്ങൾക്കൊപ്പം നേപ്പാളിലേക്കും ഈ ട്രെയിന്‍ സഞ്ചരിക്കും.

 

രാമജന്മഭൂമി ക്ഷേത്രം, ഹനുമാൻ ഗർഹി, സരയൂ ഘട്ട്, തുളസി മാനസ് ക്ഷേത്രം, സങ്കട മോചന ക്ഷേത്രം, കാശി വിശ്വനാഥ് ഇടനാഴി, ഗംഗാ ആരതി, ഗംഗ - യമുന സംഗമം, ഹനുമാൻ ക്ഷേത്രം തുടങ്ങിയ ഇടങ്ങളും, ഒപ്പം കാഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതിനാഥ ക്ഷേത്രം, ദർബാർ സ്ക്വയർ, സ്വയംഭൂനാഥ് സ്തൂപം എന്നിവയും ഉള്‍ക്കൊള്ളുന്ന ഒരു തീര്‍ഥാടനപാക്കേജാണ് ഇത്.

 

യാത്രയിലുടനീളം ട്രെയിനിനുള്ളില്‍ വെജിറ്റേറിയന്‍ ഭക്ഷണമായിരിക്കും വിളമ്പുക. ഭക്ഷണം, ഹോട്ടലുകളിലെ രാത്രി തങ്ങൽ, യാത്രാ ഇൻഷുറൻസ്, സെക്യൂരിറ്റി ചാർജുകൾ, നികുതികൾ എന്നിവയെല്ലാം ടിക്കറ്റ് ചാര്‍ജില്‍ ഉള്‍പ്പെടും. വിവിധ സ്ഥലങ്ങളില്‍ ഉണ്ടാകുന്ന ചിലവുകള്‍, സാഹസിക പ്രവർത്തനങ്ങൾ, റൂം സർവീസ്, വ്യക്തിഗത ചെലവുകൾ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നില്ല. യാത്രക്കാര്‍ കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമായും കൈവശം വയ്ക്കുകയും വോട്ടർ ഐഡിയുടെയോ ആധാർ കാർഡിന്‍റെയോ ഹാർഡ് കോപ്പി കൂടെ കരുതുകയും വേണം.

 

ഈ വരുന്ന ഒക്ടോബർ 28 ന് യാത്ര ആരംഭിക്കും. ഒന്‍പതു രാത്രികളും പത്തു ദിവസങ്ങളുമാണ് യാത്രാദൈര്‍ഘ്യം. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ 3 എസി ക്ലാസിലായിരിക്കും യാത്ര. ആകെ അറുനൂറു പേര്‍ക്ക് യാത്ര ചെയ്യാം. ഗാസിയാബാദ്, ഡൽഹി, തുണ്ഡ്‌ല, കാൺപൂർ തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളില്‍ ബോർഡിങ് / ഡീബോർഡിങ് ചെയ്യാം. സിംഗിള്‍ ഒക്ക്യുപ്പന്‍സിയ്ക്ക് 39850 രൂപയും ഡബിള്‍/ട്രിപ്പിൾ ഷെയറിന് 34650 രൂപയുമാണ് ചാര്‍ജ്. 5-11 വയസുള്ള കുട്ടികള്‍ക്ക് 31185 രൂപ നല്‍കണം.

 

ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍:

അയോധ്യ: രാമജന്മഭൂമി ക്ഷേത്രം, ഹനുമാൻ ഗർഹി, സരയു ഘട്ട്, നന്ദിഗ്രാം.

കാഠ്മണ്ഡു: പശുപതിനാഥ ക്ഷേത്രം, ദർബാർ സ്ക്വയർ, സ്വയംഭൂനാഥ് സ്തൂപം.

വാരണാസി: തുളസി മനസ് ക്ഷേത്രം, സങ്കട മോചന ക്ഷേത്രം, കാശി വിശ്വനാഥ ഇടനാഴി, ക്ഷേത്രം, വാരണാസി ഘട്ടിലെ ഗംഗാ ആരതി.

പ്രയാഗ്‌രാജ്: ഗംഗ-യമുനാ സംഗമം, ഹനുമാൻ ക്ഷേത്രം

 

പാക്കേജ് വിവരങ്ങള്‍ക്കും ബുക്കിങ്ങഇനുമായി https://www.irctctourism.com/tourpackageBooking?packageCode=NZBG07 സന്ദര്‍ശിക്കുക.