By Hiba .06 Sep, 2023
ചൈനയിലെ ഭയാനകമായ ചില്ലുപാലത്തിനെ (ഗ്ലാസ് ബ്രിഡ്ജ് ) കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ആ പാലത്തിലൂടെ നടക്കാന്‍ ആരും ഭയക്കും. വളഞ്ഞിരിക്കുന്ന രണ്ട് നിലകളുള്ള ചില്ലു പാലം. പാലത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായതുമായിരുന്നു. പല തരത്തിലുള്ള അത്ഭുതങ്ങള്‍ ലോകത്തിന് കാഴ്ച വച്ചവരാണ് ചൈനക്കാര്‍. നിരവധി ചില്ലു പാലങ്ങള്‍ ചൈനയില്‍ സ്ഥിതി ചെയ്യുന്നുമുണ്ട്.
നമ്മുടെ കൊച്ചു കേരളത്തില്‍ ഇതാ ഒരു ചില്ലുപാലം കൂടി. ഇത് ഒരുക്കിയിട്ടുള്ളത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയും സൗന്ദര്യം തുളുമ്പുന്ന വാഗമണ്ണിലാണ്.
സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാത വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാര്‍സും ചേര്‍ന്നാണ് ഗ്ലാസ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്.
സമുദ്രനിരപ്പില്‍നിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണില്‍ 120 അടി നീളത്തില്‍ ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസില്‍ നിര്‍മിച്ച പാലത്തിന് മൂന്ന് കോടിയാണ് നിര്‍മാണച്ചെലവ്. 35 ടണ്‍ സ്റ്റീലാണ് പാലം നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 15 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ നിന്നാല്‍, മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകള്‍ വരെ കാണാന്‍ സാധിക്കും.
ആകാശ ഊഞ്ഞാല്‍, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫോള്‍, ജയന്റ് സ്വിങ്, സിപ്ലൈന്‍ തുടങ്ങിയവയും സാഹസിക പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.
500 രൂപയാണ് 10 മിനിറ്റ് പാലത്തില്‍ ചിലവഴിക്കാനുള്ള തുക. 40 മീറ്ററാണ് ഇതിന്റെ ആകെ നീളം. കൂടാതെ കാന്റിലിവര്‍ മാതൃകയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
ഇടുക്കി, കോട്ടയം ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായ വിനോദസഞ്ചാരകേന്ദ്രമാണ് വാഗമണ്‍. നാഷണല്‍ ജിയോഗ്രഫി ട്രാവലര്‍ ഉള്‍പ്പെടുത്തിയ 10 വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണിത്. സമുദ്ര നിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. 10 ഡിഗ്രി സെല്‍ഷ്യസിനും 23 നും മധ്യേ താപനില.
പൈന്‍ മരങ്ങളും തേയില തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കൂടാതെ അത്യപൂര്‍വ കാലാവസ്ഥയും വാഗമണ്ണിലെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു. പാറക്കൂട്ടത്തിന്റെ ഓരം ചേര്‍ന്ന്, വളഞ്ഞുപുളഞ്ഞുകിടക്കുന്ന റോഡുകളിലൂടെയാണ് വാഗമണ്ണിലേക്കുള്ള യാത്ര.