By Greeshma Rakesh.25 May, 2023
തലസ്ഥാനത്ത് ആദ്യമായി ചില്ലുപാലം വരുന്നു.ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ വിനോദ സഞ്ചാര വകുപ്പിന് കീഴിലാണ് പാലം വരുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു .ഇതോടെ സാഹസികത ഇഷ്ട്ടപ്പെടുന്നവര്‍ക്കും ധൈര്യമുള്ളവര്‍ക്കും ചില്ലുപാലത്തിലൂടെ നടക്കാന്‍ ചൈനയിലോ മറ്റു വിദേശ രാജ്യങ്ങളിലോ പോകേണ്ടതില്ല.
ഇനി മുതല്‍ ആക്കുളത്ത് എത്തുന്ന സഞ്ചാരികള്‍ക്ക് ഗ്ലാസ് ബ്രിഡ്ജ് അനുഭവവും ആസ്വദിക്കാം. അക്കുളം ടൂറിസം വില്ലേജിലെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. സംസ്ഥാനത്ത് വയനാടിനു ശേഷം ചില്ലുപാലം വരുന്നത് തലസ്ഥാനത്താണ്.
2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ആകാശ സൈക്കിളിങ് മുതല്‍ മ്യൂസിക്കല്‍ ഫൗണ്ടൈന്‍ വരെ ഒരുക്കിയാണ് ഇവിടെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേര്‍സ് കോ.ഒപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും.
ആകാശ സൈക്ലിങ്, സിപ് ലൈന്‍ , ബര്‍മ ബ്രിഡ്ജ്, ബാംബൂ ലാടര്‍ തുടങ്ങി നിരവധി റൈഡുകളാണ് ഇവിടെ എത്തുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. സാഹസികത നിറഞ്ഞ റൈഡുകള്‍ക്കൊപ്പം ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കല്‍ ഫയര്‍ ഫൗണ്ടനും ഇവിടെയുണ്ട്. അക്കുളം ടൂറിസം വില്ലേജിലെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്.
ഗ്ലാസ് ബ്രിഡ്ജിനോടൊപ്പം ടോയ് ട്രെയിന്‍ സര്‍വീസ്, വെര്‍ച്വല്‍ റിയാലിറ്റി സോണ്‍, പെറ്റ്‌സ് പാര്‍ക്ക്, മഡ് റെയ്‌സ് കോഴ്‌സ് എന്നിവയും ആരംഭിക്കും. ആറ് മാസത്തിനുള്ളില്‍ തന്നെ ടൂറിസ്റ്റ് വില്ലേജില്‍ ഒന്നേകാല്‍ ലക്ഷത്തോളം സഞ്ചാരികള്‍ സന്ദര്‍ശിക്കുകയും ഒരു കോടിയില്‍ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു കൊണ്ടാണ് ആക്കുളം ടൂറിസം വില്ലേജ് പ്രവര്‍ത്തിക്കുന്നത്.