By Lekshmi.08 Aug, 2023
പൂജ അവധിക്കാലത്തേക്കുള്ള യാത്ര പാക്കേജുമായി ഇന്ത്യൻ റെയിൽവേ. ഐ.ആർ.സി.ടി.സി ഒക്ടോബർ 21 ന് ആരംഭിക്കുന്ന ക്വീൻ ഓഫ് ഹിൽസ് '(EHR118) എന്ന പാക്കേജിനായി ഇപ്പോൾ ബുക്ക് ചെയ്യനാകും. അഞ്ച് രാത്രികളും ആറ് പകലുകളുമുള്ള ഈ യാത്രയിൽ ബംഗാളിലെയും സിക്കിമിലെയും പ്രശസ്തമായ പർവതങ്ങളും തേയിലത്തോട്ടങ്ങളും വനപ്രദേശങ്ങളും സന്ദർശിക്കാം.
ഒക്ടോബർ 21 രാത്രി പത്തരക്ക്, സീൽദാ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. അടുത്ത ദിവസം തന്നെ യാത്ര ഇന്ത്യയിലെ പ്രമുഖ ടൂറിസം കേന്ദ്രമായ ഡാർജിലിങ്ങിൽ എത്തിച്ചേരും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ ഖാങ്ചെൻഡ്സോംഗയുടെ മുകളിലുള്ള ടൈഗർ ഹിൽസ്, ബറ്റാസിയ ലൂപ്പിലെ ഘൂം മൊണാസ്ട്രി, ഹിമാലയൻ മൗണ്ടനിയറിങ് ഇൻസ്റ്റിറ്റ്യൂട്ട്, പി.എൻ സുവോളജിക്കൽ പാർക്ക്, ടെൻസിങ് റോക്ക്, ടീ ഗാർഡൻ, ജാപ്പനീസ് ക്ഷേത്രം തുടങ്ങിവ ഈ യാത്രയിൽ സന്ദർശിക്കാനാകും.
25 ന് സിലിഗുരി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് തിരിച്ചുള്ള യാത്ര പുറപ്പെടുക. തേർഡ് എ.സി ചാർട്ടഡ് കോച്ചിലായിരിക്കും യാത്ര. ഭക്ഷണവും സ്റ്റാർ ഹോട്ടൽ താമസവും കാഴ്ചകൾ കാണാനുള്ള യാത്രകളും പാക്കേജിന്റെ ഭാഗമാണ്. സിംഗിൾ ഷെയറിങ് ഒരാൾക്ക് 31,150, ഡബിൾ ഷെയറിങ് ഒരാൾക്ക് 22,000, ട്രിപ്പിൾ ഷെയറിങ് ഒരാൾക്ക് 21,150 എന്നിങ്ങനെയാണ് പാക്കേജ് നിരക്ക്.
അഞ്ച് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് 19,350 (കിടക്കയുള്ളത്), 17,850 (കിടക്കയില്ലാതെ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി irctctoursim എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.